എല്ലാവര്ക്കും ഈ കഴിക്കുന്നത് എന്താണെന്ന് അറിയണം; വിഡിയോ പങ്കിട്ട് റിമി
Mail This Article
മലയാളികളുടെ പ്രിയ ഗായിക റിമി ടോമി നല്ലൊരു ഭക്ഷണപ്രിയകൂടിയാണ്. യാത്രകൾ പോകുന്നതിനൊപ്പം പല നാടുകളിലെയും തനതു രുചി ആസ്വദിക്കുന്നതിനും താരം സമയം കണ്ടെത്താറുണ്ട്. അത്തരത്തിൽ ഒരു വ്യത്യസ്ത രുചി ആസ്വദിക്കുന്നതിന്റെ വിഡിയോ റിമി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. സ്ഥലം എവിടെയെന്നോ, റസ്റ്ററന്റ് ഏതെന്നോ വ്യക്തമാക്കിയിട്ടില്ലെങ്കിലും അവസാനവട്ട മിനുക്കുപണികൾ സ്വയം ചെയ്തുകൊണ്ട് കഴിക്കുന്ന വിഭവം രുചിയിൽ കേമമെന്നു താരത്തിന്റെ മുഖഭാവങ്ങളിൽ നിന്നും വ്യക്തമാണ്.
സാൽമൺ ഗ്രിൽ ചെയ്തതും അതിനൊപ്പം ഗ്വാക്കാമോൾ എന്ന അവകാഡോ ചേരുന്ന വിഭവവുമാണ് കഴിക്കുന്നതെന്നു റിമി പങ്കുവച്ച വിഡിയോയ്‌ക്കൊപ്പം സൂചിപ്പിച്ചിട്ടുണ്ട്. മെക്സിക്കോ ആണ് ഈ വിഭവത്തിന്റെ ജന്മനാടെന്നു പറയാം. അവക്കാഡോ ആണ് ഗ്വാക്കാമോളിലെ പ്രധാന ചേരുവ. ഡിപ്പോ സാലഡോ വേണമെങ്കിൽ സ്പ്രെഡോ ആയി ഈ വിഭവം കഴിക്കാവുന്നതാണ്. അവകാഡോയ്‌ക്കൊപ്പം ഉപ്പ്, നാരങ്ങാനീര്, ഉള്ളി, മല്ലിയില, തക്കാളി എന്നിവ ചേർത്താണിത് തയാറാക്കുന്നത്.
ഇടിക്കല്ലിനോട് സാമ്യം തോന്നുന്ന ഒന്നിലാണ് ഗ്വാക്കാമോൾ റിമിയ്ക്കു മുമ്പിലായി വിളമ്പിയിരിക്കുന്നത്. മറ്റൊരു ചെറുകല്ലുപയോഗിച്ച് താരം അതു നന്നായി മിക്സ് ചെയ്യുന്നതും ഒടുവിൽ എടുത്തു രുചിക്കുന്നതും കാണാവുന്നതാണ്. കൂടെ കഴിക്കാനായി സാൽമൺ ഗ്രിൽ ചെയ്തതുമുണ്ട്. ജീവിതത്തെ രസപ്രദമാക്കുന്ന രുചികളിൽ ലയിക്കുക എന്നാണ് വിഡിയോയുടെ ക്യാപ്ഷനായി താരം കുറിച്ചിരിക്കുന്നത്.
വർക്ക്ഔട്ട് വിഡിയോകൾ സ്ഥിരമായി പങ്കുവയ്ക്കുന്നുണ്ടെങ്കിലും രുചികരമായ ഭക്ഷണം കഴിച്ചു നോക്കാൻ യാതൊരു മടിയുമില്ലെന്നു വ്യക്തമാക്കുകയാണ് മലയാളികളുടെ പ്രിയ ഗായിക. നിരവധി പേരാണ് വിഡിയോയുടെ താഴെ കമെന്റുകൾ കുറിച്ചിരിക്കുന്നത്. കൂടുതൽ പേർക്കും അറിയേണ്ടിയിരുന്നത് ഇത് എന്ത് വിഭവമാണെന്നാണ്. ഇക്കഴിഞ്ഞിടയ്ക്ക് നല്ല നാടൻ ഊണ് കഴിക്കുന്ന വിഡിയോയും റിമി പങ്കുവച്ചിരുന്നു. കൊതിപ്പിച്ചെങ്കിൽ ക്ഷമിക്കണം, ഇത് ഉഗ്രനാണ് എന്നായിരുന്നു അന്ന് റിമി പങ്കുവച്ച വിഡിയോയ്ക്ക് താഴെ കുറിച്ചത്. .
പാലക്കാട് പോകുന്നവഴി തൃശൂർ പാലക്കാട് റൂട്ടിലെ ഹോട്ടലിൽ നിന്നും ഊണ് കഴിക്കുന്ന വിഡിയോയിരുന്നു. വളരെ സ്വാദോടെ ഉൗണ് കഴിക്കുന്ന റിമിയെ വിഡിയോയിൽ കാണാം. വാഴയിലയിലാണ് ഉൗണ് വിളമ്പിയിരുന്നത്. അയല വറുത്തത്, കറി, ഇരുമ്പൻപുളി അച്ചാർ, ബീറ്റ്റൂട്ട് തോരൻ, കാന്താരി ചമ്മന്തി ഇത്രയും വിഭവങ്ങളോടുകൂടിയ ഇലയിൽ ഉൗണാണ്. ഇരുമ്പൻ പുളിയെടുത്ത് അയലക്കറിയും ഒപ്പം ബീറ്റ്റൂട്ട് തോരനും അയല വറുത്തതും ചേർത്ത് കഴിക്കണം ഹാ ഉഗ്രൻ ടേസ്റ്റാണെന്നാണ് റിമി പറയുന്നത്. വീട്ടിൽ ഉണ്ടാക്കുന്നപോലെയെന്നും പറഞ്ഞിരുന്നു. യാത്രയിൽ കാഴ്ചകൾ മാത്രമല്ല വ്യത്യസ്തമായ രുചികൾ ആസ്വദിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് റിമി.