'ഒരു സായാഹ്നത്തിലാണ് അവനെന്നോട് പ്രണയം പറയുന്നത്'; വാകപ്പൂക്കൾ സാക്ഷിയായ ഒരു പ്രണയകഥ
Mail This Article
മരണത്തിനു തണുപ്പാണോ? വിനീതയുടെ ചോദ്യം കേട്ട് അവൾ മരണത്തെക്കുറിച്ച് വാചാലയായി "അതെ മരണത്തിന് മരവിപ്പിക്കുന്ന തണുപ്പാണ്". "നീയൊന്നു മിണ്ടാതിരിക്കുന്നുണ്ടോ" ഞാനവളെ നോക്കി കണ്ണുരുട്ടി. അവളതുശ്രദ്ധിക്കാത്ത ഭാവത്തിൽ ചിരിച്ചുകൊണ്ടു പറഞ്ഞു. "എത്രകാലമായി പറയുന്നു എന്നെക്കുറിച്ചെഴുതാൻ, എന്റെ പ്രേമത്തെക്കുറിച്ചെഴുതാൻ ഞാൻ മരിച്ചാലെങ്കിലും എന്നെക്കുറിച്ചെഴുതാനും എന്റെ പ്രണയത്തെക്കുറിച്ചെഴുതാനും നിനക്ക് സമയം കിട്ടുമോ" എന്നു ചോദിച്ചതും അവൾ ഓടിമറഞ്ഞതും ഒരുമിച്ചായിരുന്നു. ഇന്ന് തണുത്തുമരവിച്ച അവളുടെ ശരീരം കണ്ടിറങ്ങുമ്പോൾ അവൾ പറഞ്ഞവാക്കുകളെന്റെ ചെവിയിൽ ഇരമ്പിക്കൊണ്ടിരുന്നു. അവളെന്നോടു പങ്കുവെച്ച പ്രണയകഥ സിനിമപോലെ എന്റെ മനസ്സിൽ ചിത്രങ്ങളായി മിന്നിമറിഞ്ഞുകൊണ്ടിരുന്നു. "രമ്യാ... രമ്യാ... വരുന്നില്ലേ. സമയായി നമുക്ക് ഇറങ്ങാം." വിനീതയുടെ വിളികേട്ടാണ് എനിക്ക് ബോധം തിരിച്ചുകിട്ടിയത്. കരഞ്ഞ കണ്ണുകൾ തുടച്ച് ഞാൻ ആ വീട്ടിൽ നിന്ന് വിനീതയുടെ കൈകൾ പിടിച്ചിറങ്ങി. തിരികെ വീട്ടിലേയ്ക്ക് നടക്കുമ്പോൾ പൊള്ളുന്ന കുംഭമാസവെയിലിലും ഞാൻ ആരും കാണാത്തൊരു തുലാവർഷമഴ നനഞ്ഞു വിറയ്ക്കുകയായിരുന്നു.
അഹല്യയും വിനീതയുമൊക്കെ ആരാന്നല്ലേ? വിനീതയും, അഹല്യയും, ഞാനും നല്ല കൂട്ടുകാരായിരുന്നു. ശരിക്കും പറഞ്ഞ കട്ട ചങ്ക്സായിരുന്നു. ഈ കഥയിലെ നായിക അഹല്യയാണ്. അഹല്യയെ ഞാൻ ആദ്യമായി കാണുന്നത് പത്ത് വർഷങ്ങൾക്കു മുമ്പ് തൃശ്ശൂരിലെ അവളുടെ വീട്ടിൽ വെച്ചാണ്. ഞാനന്ന് അവളുടെ വീട്ടിലെ പേയിങ്ങ് ഗസ്റ്റായിരുന്നു. അന്നവൾ ഡൽഹി യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർഥിയായിരുന്നു. മാസങ്ങൾക്കുശേഷം അവൾ നാട്ടിലെത്തിയതിന്റെ എല്ലാ ഉത്സാഹവും ആഘോഷവും ആ ദിവസങ്ങളിലൊക്കെയും ആ വീട്ടിൽ അലയടിച്ചുകൊണ്ടിരുന്നു. വെളുത്തുമെലിഞ്ഞ പൂച്ചക്കണ്ണുകളുള്ള സുന്ദരിയായിരുന്നു അഹല്യ. എല്ലാവരോടും എപ്പോഴും സംസാരിക്കുന്നൊരു വായാടി. അവളുടെ പൂച്ചക്കണ്ണുകളിൽ മാസ്മരികമായ ഒരു പ്രണയം അവളെപ്പോഴും ഒളിപ്പിച്ച് മറ്റേതോ ലോകത്ത് വിഹരിച്ചുനടന്നു. ഒരു സ്ഥലത്തിരുന്ന് മറ്റൊരിടത്തുജീവിക്കുക എന്നത് എന്തൊരാനന്ദകരമാണല്ലേ? ആ സ്വഭാവം തന്നെയാവാം പെട്ടന്നൊന്നും ആരോടും അടുക്കാത്ത എന്നെ അവളിലേക്ക് പെട്ടന്നടുപ്പിച്ചത്.
നിലാവുള്ള ഒരു രാത്രിയുടെ ഉമ്മറപ്പടിയിലിരുന്ന് "അനുരാഗത്തിന്റെ ദിനങ്ങൾ" വായിച്ചുകൊണ്ടിരിക്കവേയാണ് അവളാപ്രണയകഥയുമായി എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. "നീ ഏത് പുസ്തകാ ഇങ്ങനെ വായിക്കണെ ഉറക്കം ഒന്നൂല്ലേ?" അവളുടെ ആ ചോദ്യം എന്റെ വായനയെ തടസ്സപ്പെടുത്തിയ നീരസം ഒട്ടും പുറത്തു കാണിക്കാതെ ഞാൻ അവളെ നോക്കി ചിരിച്ചു. ഉള്ളിലുള്ള വികാരങ്ങൾ പലപ്പോഴും പുറത്തുകാണിക്കുന്നത് അനുചിതമാണല്ലോ. അവൾ എന്റെ കൈയ്യിലുള്ള പുസ്തകം തട്ടിപ്പറിച്ചു വാങ്ങിച്ചു. വെറുതെ താളുകൾ മറിച്ചു നോക്കി. ഞാനിത് വായിച്ചശേഷം നാളെത്തരാമെന്ന് പറഞ്ഞ് അവളുടെ കൈയ്യിലെ അരിനെല്ലിക്ക നിറച്ച കവർ എന്റെ മടിയിൽവെച്ച് പെട്ടന്നോടി മറഞ്ഞു. എനിക്ക് അരിനെല്ലിക്ക ഇഷ്ടമാണെന്ന് എന്നാലും അവൾക്കെങ്ങനെ മനസ്സിലായി എന്ന ചിന്തയെ താലോലിച്ച് വായനയ്ക്ക് ഭംഗം വന്നതിന്റെ വിഷമത്തിൽ ഞാൻ ഒറ്റ ഇരുപ്പിന് ആ അരിനെല്ലിക്ക മുഴുവൻ അകത്താക്കി കിടന്നുറങ്ങി. രണ്ട് ദിവസം കഴിഞ്ഞാണ് പിന്നീട് ഞാനവളെ കാണുന്നത്. അപ്പോളവളുടെ കൈയ്യിൽ എന്റെ പുസ്തകം കിടന്നു പിടഞ്ഞിരുന്നു. ഞാൻ പുസ്തം കൈനീട്ടി വാങ്ങുന്നതിനിടയിലാണ് എന്റെ കണ്ണുകൾ അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിലുടക്കിയത്. എന്തിനാ കരയണൈ? ഞാൻ ചോദിച്ചു. "ഒന്നുമില്ല" അവൾ മറുപടി പറഞ്ഞു.
"നീ ഇപ്പോൾ തിരക്കിലാണോ?" അവളുടെ ചോദ്യത്തിന് അൽപ്പം തിരക്കുണ്ടായിട്ടു പോലും തിരക്കൊന്നുമില്ല എന്ന് ഞാൻ മറുപടി പറഞ്ഞു. എന്നാൽ ഞാനൊരു പ്രണയകഥ പറയാം നീയത് എഴുതുമോ? ഒരിക്കൽ ഞാനില്ലാതായാലും എന്റെ പ്രണയം മരിക്കരുത്. അവളുടെ വാക്കുകളിടറി. നീ എന്തായാലും അതെഴുതണം. അവളെന്റെ കൈകൾ പിടിച്ചു നടന്നു. ഒന്നും പറയാതെ ഞാൻ അവൾ നടന്നവഴിയെ നടന്നു. ആ നടത്തം അവസാനിച്ചത് ക്ഷേത്രക്കുളലെത്തിയപ്പോഴാണ്. ഞങ്ങൾ അന്തിമഹാകാളൻ കാവിലെ വിശാലമായ ക്ഷേത്രക്കുളക്കരയിലിരുന്നു. അവിടം വാകപ്പൂക്കളാൽ സമൃദ്ധമായിരുന്നു. പൂവാക ഞങ്ങൾക്കിരിക്കാൻ പൂമെത്ത ഒരുക്കിവെച്ചപോലെ, അല്ലെങ്കിലും പ്രകൃതി തന്നെ പ്രണയമാണല്ലോ? ഭൂമിയിൽ സംഭവിക്കുന്ന സർവപ്രണയങ്ങൾക്കും വിത്തിടാനും പടർന്നുപന്തലിക്കാനുമുള്ള അനുകൂലമായ സാഹചര്യങ്ങൾ എത്ര മനോഹരമായാണ് പ്രകൃതിയൊരുക്കിനൽകുന്നതെന്ന് ഒന്നു സൂക്ഷിച്ചു നോക്കിയാൽ തീർച്ചയായും നമുക്ക് മനസ്സിലാകും. അവൾ പറഞ്ഞു തുടങ്ങി, ഞാൻ ആ പ്രണയകഥയ്ക്ക് കാതോർത്ത് പൂച്ചയെപ്പോലെ പതുങ്ങിയിരുന്നു.
ആദ്യമായ് ഞാനവനെ കാണുന്നത് എന്റെ പ്രീഡിഗ്രി പഠനകാലത്താണ്. എന്റെ സീനിയറായിരുന്നു അവൻ, പേര് അനൂപ്. പ്രത്യേകതയൊന്നുമില്ലാത്ത കോളജിലെ ഒരു പ്രവൃത്തിദിവസം. കോളജ് തുറന്ന് അധികനാളായിട്ടില്ല. അതിനാൽത്തന്നെ കോളജും കോളജിലേക്കുള്ള വഴികളും എനിക്കന്ന് അപരിചിതമായിരുന്നു. കോളജിലേക്ക് റോഡിൽനിന്ന് ഉള്ളിലോട്ട് നടക്കാൻ നല്ലദൂരമുണ്ട്. പകുതിവഴിയെത്തിയപ്പോൾ പെട്ടന്ന് പെരുംമഴപെയ്തു. ബാഗ് തപ്പിയപ്പോഴാണ് മനസ്സിലായത് കുട എടുത്തിട്ടില്ല. മറവിയെ ശപിച്ചുകൊണ്ട് ഞാൻ അതിവേഗം കോളജിലേക്കോടുമ്പോഴാണ് എന്റെ നേർക്ക് പെട്ടന്നൊരു കുട നീണ്ടത്. മഴയുടെ ശക്തി കൊണ്ടാകണം, ഞാൻ അറിയാതെ കുടയ്ക്ക് കൈനീട്ടി. "വൈകിട്ട് തന്നാൽ മതി" കുടനീട്ടിയ കൈകൾ അതുപറഞ്ഞതും ഓടിയകന്നതും ഒരുമിച്ചായിരുന്നു. വൈകിട്ട് കുടതിരിച്ചു നൽകാൻ ഞാൻ പാടെ മറന്നുപോയി. കുട തന്നയാളെ ഒരുപാടുതിരഞ്ഞെങ്കിലും ഒരാഴ്ച കഴിഞ്ഞാണ് ഞാനവനെ പിന്നീട് കണ്ടെത്തിയതും കുട തിരികെ നൽകിയതും.
എന്തായാലും ആ മഴയും കുടയും ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കി. എഴുത്തും വായനയുമൊക്കെ വളരെ അധികം ഇഷ്ടപ്പെട്ടിരുന്ന അവൻ ക്ലാസിലെ ഇടവേളകളിലൊക്കെ എന്നോട് സംസാരിച്ചിരുന്നത് മാധവിക്കുട്ടിയെയും വൈക്കം മുഹമ്മദ് ബഷീറിനെയും കുറിച്ചായിരുന്നു. വായനയോടും എഴുത്തിനോടും ഒട്ടും പ്രിയമില്ലാതിരുന്ന എനിക്ക് പഴയ പാട്ടുകളാണ് ഇഷ്ടമെന്നു പറഞ്ഞപ്പോഴാണ് അവൻ അവനിലെ ഗായകനെ എനിക്ക് പരിജയപ്പെടുത്തിയത്. അവൻ എനിക്കായി പിന്നീട് നിറയെ പഴയപാട്ടുകൾ പാടിത്തന്നു. കോളജുവരാന്തകളിലും മുറ്റത്തുമെല്ലാം ഞങ്ങൾ ഒഴിവുസമയങ്ങൾ പങ്കിട്ടു. എപ്പോഴാണ് ഞങ്ങളുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതെന്ന് എനിക്കോർമ്മയില്ല. അല്ലെങ്കിലും അനുവാദം ചോദിക്കാതെ കയറിവരുകയും, യാത്രപറയാതെ ഇറങ്ങിപ്പോവുകയും ചെയ്യുന്ന മഴയെപ്പോലെയാണ് പ്രണയം. ഒരുമഴക്കാലത്തിന്റെ ഓർമ്മകളെ ഒരായുസ്സ് മുഴുവൻ ചുമക്കുന്ന ചെറുചെടികളെപ്പോലെ, ഒരു പ്രണയപ്പെയ്ത്ത് കുടഞ്ഞിട്ട ഓർമ്മനദിയെ നാമോരോരുത്തരുടെയും മരണം വരെ ചുമക്കേണ്ടിവരും.
ഇതുപോലുള്ള ഒരു സായാഹ്നത്തിലാണ് അവനെന്നോട് ആദ്യമായി പ്രണയം പറയുന്നത്. അന്നവൻ ആദ്യമായി പ്രണയം പറയുമ്പോഴും ഈ വാകപ്പൂക്കൾ സാക്ഷിയായിരുന്നു. ഇന്നും അതേ വാകപ്പൂക്കൾ അവളുടെ ശബ്ദം ഇടറി. അവൾ പെട്ടന്നു നിർത്തി. പറയു എന്താ നിർത്തിയത്? ഞാൻ അതു ചോദിച്ചതും കുളത്തിലേക്ക് ഒരു കല്ലെടുത്തെറിഞ്ഞതും ഒരുമിച്ചായിരുന്നു. അവൾ തുടർന്നു, ഞങ്ങളുടെ പ്രണയം വളരെപ്പെട്ടെന്ന് പടർന്നു പന്തലിച്ചു. വരാന്തകളിലും വാകമരത്തണലുകളിലും ഞങ്ങളുടെ പ്രണയനിമിഷങ്ങൾ പാറിനടന്നു. വരാന്തകളുടെ തൂണുകളും, ക്ലാസ്സ്മുറികളും, ഞങ്ങളുടെ പ്രണയനിമിഷങ്ങൾ തലയുയർത്തിനോക്കി. പതിയെ കോളജുമുഴുവനും ഞങ്ങളുടെ പ്രണയകഥ പ്രസിദ്ധിയാർജ്ജിച്ചു. അനൂപിന്റെ സഹോദരന്റെ ചെവിയിലും ഞങ്ങളുടെ പ്രണയവാർത്ത പതിഞ്ഞു. ഞങ്ങളുടെ പ്രണയത്തിന് അവന്റെ സഹോദരന്റെ എല്ലാവിധ പ്രോത്സാഹനവും ഞങ്ങൾക്കുണ്ടായിരുന്നു. അവന്റെ സഹോദരനുമായുള്ള സൗഹൃദത്തിൽ നിന്നാണ് ഞങ്ങൾ രണ്ടുപേരും രണ്ടു സമുദായക്കാരാണെന്നും രണ്ടു കുടുംബങ്ങളുടെയും സാമ്പത്തികസാഹചര്യങ്ങൾ തമ്മിൽ വലിയ അന്തരമുണ്ടെന്നും ഞാൻ മനസ്സിലാക്കുന്നത്. "ചേച്ചി കല്യാണത്തിന് കുറെ ബുദ്ധിമുട്ടേണ്ടി വരും" ഒരു ദിവസം അവന്റെ വാക്കുകൾ എന്റെ ഹൃദയത്തിൽ കനൽ കോരിയിട്ടാണ് തിരികെപ്പോയത്. ഒരിക്കലും തങ്ങളുടെ വിവാഹത്തിന് വീട്ടുകാർ സമ്മതിക്കില്ലായെന്നും, വിവാഹം നടന്നാൽ നാട് വിടേണ്ടിവരുമെന്നും ഞാൻ വേദനയോടെ തിരിച്ചറിഞ്ഞു.
പിന്നീടുള്ള എന്റെ രാത്രികൾ ഭീതിജനകമായിരുന്നു ഈ പ്രണയത്തിന്റെ അന്ത്യമെന്തായിരിക്കും? ഈ പ്രണയം തുടരണോ? തുടങ്ങിയ ചോദ്യങ്ങളെല്ലാം എന്റെ മനസ്സിനെ കലക്കിമറിച്ചു. രാത്രികൾ കലങ്ങിമറിഞ്ഞതാണെങ്കിലും കോളജിലെ പകലുകൾ പ്രണയാർദ്രങ്ങൾ തന്നെയായിരുന്നു. പതിയെ വാർഷികപ്പരീക്ഷ വന്നു തലയിൽകയറി പഠിത്തത്തിന്റെ മടുപ്പുകൾക്കിടയിലും പ്രണയം ഒരു തൂവലായ് എന്നെ തലോടികൊണ്ടിരുന്നു. അന്ന് അവസാന പരീക്ഷ കഴിഞ്ഞ് അവനെന്റെ അരികിലേയ്ക്ക് ഓടിവന്നു. നമുക്ക് ഇന്ന് ടൗണിൽ പോയാലോ. അവിടെനിന്ന് ഭക്ഷണം കഴിക്കാം. ഞാൻ അവനു പിന്നിൽ ബൈക്കിൽ പറ്റിക്കൂടിയിരുന്നു. ടൗണിലെത്തി ഭക്ഷണം കഴിക്കാനിരുന്നു. അന്നവൻ സദ്യയാണ് ഓർഡർ ചെയ്തത്. നല്ല നീണ്ട നാക്കിലയിൽ അവിയലും കാളനും കിടന്ന് കണ്ണുരുട്ടി. ഒടുവിലായി പായസം കൊണ്ടുവന്ന് വൈയിറ്റർ മുൻപിൽ വെച്ച് മടങ്ങവേ അവൻ ചിരിച്ചുകൊണ്ടു പറഞ്ഞു. "നമ്മ്ടെ കല്യാണസദ്യയാണ് നമ്മൾ കഴിക്കാൻ പോകുന്നത്". തിളച്ചുവന്ന കരച്ചിൽ ചവച്ചിറക്കി ഞാനവന്റെ കാലിൽ ചവിട്ടി. പതിവിൽനിന്നു വിപരീതമായി ആ നാക്കിലയിലെ ഇഷ്ടമില്ലാത്ത വിഭവങ്ങൾ കൂടി ഞാൻ ആർത്തിയോടെ വാരിക്കഴിച്ചു. സദ്യ കഴിച്ചിറങ്ങി ഞങ്ങൾ കോളജിൽ തിരിച്ചെത്തി ഏറെ വിഷമത്തോടെയാണെങ്കിലും യാത്രപറഞ്ഞു പിരിഞ്ഞു.
അവധിക്കാലത്ത് അവൻ എനിക്കായ് നിറയെ കത്തുകളയച്ചു. ഞാൻ തിരിച്ചും. പ്രണയസ്വപ്നങ്ങൾ ധാരാളം നെയ്തുകൂട്ടിയെങ്കിലും ആ അവധിക്കാലത്തുതന്നെയാണ് എന്റെ പ്രണയം വീട്ടിലറിയുന്നതും ഈ വിവാഹം നടന്നാലുള്ള പ്രശ്നങ്ങളെക്കുറിച്ച് ഞാൻ ബോധവതിയായതും. വളരെ യാഥാസ്ഥിതിക ചിന്താഗതിക്കാരായ എന്റെയും അവന്റെയും വീട്ടുകാർ ഞങ്ങളെ സന്തോഷപൂർവ്വം ഒരുമിച്ചു ജീവിക്കാൻ അനുഗ്രഹിക്കില്ലെന്ന തിരിച്ചറിവ് തുടർപഠനത്തിനായി എന്നെ ഡൽഹിയിലേക്ക് വണ്ടികയറ്റി. അവനിൽ നിന്ന് അകന്നുകഴിയുക എന്നൊരു നിഗൂഢലക്ഷ്യം മാത്രമായിരുന്നു അതിന്. എന്റെ വിവാഹം രണ്ടുവീട്ടുകാരുടെ പ്രശ്നമായി വളരുന്നത് എനിക്കന്ന് സ്വപ്നം കാണാൻ പോലും സാധിച്ചില്ല എന്നതാണ് സത്യം. അതിൽ നിന്നുതന്നെയാണ് ഇങ്ങനെയൊരു തീരുമാനത്തിൽ ഞാനെത്തിച്ചേർന്നതും. ഞാൻ പഠനത്തിൽ കൂടുതൽ ശ്രദ്ധിച്ചു. അതിലൂടെ അവനെ മറക്കാൻ ശ്രമിച്ചു എന്നുപറയുന്നതാവും ശരി. ആ പറിച്ചുനടൽ എനിക്ക് നൽകിയ മാനസികാഘാതം ഒട്ടും ചെറുതായിരുന്നില്ല. എത്രയോ രാത്രികളും പകലുകളും ഞാൻ കരഞ്ഞു തീർത്തു. ഓരോ ദിവസം ഉച്ചയൂണു കഴിക്കുമ്പോഴും "ഇതു നമ്മുടെ കല്യാണസദ്യയാണ്" എന്ന് ചെവിയിൽ ആരോ മന്ത്രിച്ചു. ഓരോ ആൾക്കൂട്ടത്തിലും അവന്റെ വിളിയെന്റെ കാതിൽ തറക്കുന്നതുപോലെ തോന്നി. എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും എത്രയൊക്കെ പഠനത്തിരക്കുകളിലേക്ക് ഞാൻ ഊളിയിട്ടിട്ടും എന്നിൽ നിന്നവനെയും അവന്റെ പ്രണയത്തെയുമകറ്റാൻ കാലത്തിനു കഴിഞ്ഞില്ല. അല്ല കാലമെന്റെ പ്രണയത്തിനു മുൻപിൽ തോറ്റുപോയി എന്ന് പറയുന്നതാവും ശരി.
വർഷങ്ങൾ കഴിഞ്ഞുപോയി നീണ്ട പത്തുവർഷങ്ങളിൽ ഒരിക്കൽപ്പോലും ഞാൻ നാട്ടിലേക്കു വന്നില്ല, ഒരേകാന്ത ജീവിതം. അമ്മയുടെയും അച്ഛന്റെയും വീട്ടുകാരുടെയും ബന്ധുക്കളുടെയും അഭ്യർഥനമാനിച്ച് പത്തുവർഷങ്ങൾക്കുശേഷം ഞാൻ നാട്ടിലെത്തി. നാടാകെമാറിയിരുന്നു. മാറിയനാടിന്റെ താളക്രമത്തിൽ ഞാൻ പതിയെ ലയിച്ചുചേർന്നു. ദിവസങ്ങൾ കഴിഞ്ഞു. ആരും എന്നോട് പ്രണയത്തെക്കുറിച്ചോ അവനെക്കുറിച്ചോ സംസാരിച്ചില്ല. എന്നാൽ ഞാൻ അവനെക്കുറിച്ച് അറിയാൻ അതിയായി ആഗ്രഹിച്ചിരുന്നു. എന്തിനെന്ന് ചോദിച്ചാൽ വെറുതെ. അങ്ങനെ നല്ലമഴയുള്ള ഒരു ദിവസം അമ്പലത്തിൽ തൊഴുതിറങ്ങുമ്പോഴാണ് ഞാൻ ആ നവദമ്പതികളെ ശ്രദ്ധിക്കുന്നത്. കൈകളിൽ നിന്ന് മൈലാഞ്ചിച്ചുവപ്പ് വറ്റിയിട്ടില്ലാത്ത സുന്ദരിയായ നവവധുവിനെ ഞാൻ പിന്നെയും പിന്നെയും നോക്കി. പെട്ടന്നാണ് എന്റെ കണ്ണുകൾ ആ നവവരനിൽ പതിഞ്ഞത്. ഞാൻ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. പത്തു വർഷങ്ങൾക്കു മുൻപ് ഞാൻ ആദ്യമായി ചുംബിച്ച കവിളുകൾ, എന്നെ ചുംബിച്ച ചുണ്ടുകൾ, അനൂപ് അല്ലേ അത് അനൂപ്. ഞാൻ പെട്ടെന്ന് സ്തബ്ധയായി ഏതാനും നിമിഷങ്ങൾക്കുശേഷമാണ് ഞാൻ പൂർവസ്ഥിതിയിലെത്തിയത്. ആ നിമിഷത്തെക്കുറിച്ച് എനിക്കിന്നും ഓർത്തെടുക്കാൻ വയ്യ. എങ്കിലും അവർക്ക് നല്ലതുവരുവാൻ മാത്രം പ്രാർഥിച്ചും അവരുടെ കണ്ണിൽപ്പെടാതിരിക്കാൻ ശ്രദ്ധിച്ചും ഞാനന്ന് എങ്ങനെയോ വീട്ടിലെത്തി. അതു പറഞ്ഞപ്പോൾ അവൾ എന്റെ കൈകളിൽ അമർത്തിപ്പിടിച്ചു.
ജീവിതത്തിലെ ഏറ്റവും വലിയ വേദന എന്താണെന്ന് നിനക്കറിയാമോ അത് ബന്ധങ്ങൾ തകർന്നുപോകുമ്പോഴുള്ള വേദനയാണ്. ആ സംഭവത്തിനുശേഷം വൈകാതെ ഞാൻ ഡൽഹിയിലേക്ക് മടങ്ങി. കുറച്ചുവൈകിയാണെങ്കിലും, ബുദ്ധിമുട്ടിയെങ്കിലും ഞാൻ ആ വിഷാദമുൾക്കാടുകൾ ചാടിക്കടന്ന് സാധാരണജീവിതത്തിലേക്ക് പ്രവേശിച്ചു. ജീവിതത്തിൽ ഇനിയൊരു വിവാഹം വേണ്ട എന്ന് ഞാൻ ആ ദിവസങ്ങളിലാണ് തീരുമാനിച്ചത്. പിന്നീടിതുവരെയും ഞാനൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചില്ല. ഹാപ്പിയായി ഇങ്ങനെ ജീവിക്കുന്നു. ഞാനെന്റെ കഥയൊന്നും ആരോടും പറയാറില്ല പറയുന്നതെനിക്കിഷ്ടവുമല്ല. നീ ഒരിക്കൽ ഇതെഴുതണം അതിനുവേണ്ടി പറഞ്ഞെന്നു മാത്രം. പിന്നെ ഒരു കാര്യം എന്റെ ലീവ് നാളത്തൊടെ അവസാനിക്കും മറ്റന്നാൾ ഞാൻ ഡൽഹിക്കു വണ്ടികയറും. ഇടയ്ക്ക് വീട്ടിലേക്ക് വരുമ്പോൾ കാണാം. അവൾ നടന്നകന്നു. ഞാനവൾ പറഞ്ഞ കഥയിൽ കുരുങ്ങിപ്പോയിരുന്നു. അല്ലെങ്കിലും ചില കഥകളിൽനിന്ന് ഇറങ്ങിപ്പോരാൻ ഒരുപാടു സമയമെടുക്കും, ചിലയിടങ്ങളിൽ നിന്നും.
പിന്നീട് ഞങ്ങൾ പലതവണ കണ്ടുമുട്ടി. വിശേഷങ്ങൾ പങ്കുവെച്ചു. ഞാനവളുടെ വീട്ടിലെ പേയിങ്ങ് ഗസ്റ്റ് ജീവിതം അവസാനിപ്പിച്ചെങ്കിലും. അവൾ നാട്ടിൽ വരുമ്പോഴൊക്കെ ഞങ്ങൾ രണ്ടു മൂന്നുദിവസം ഒരുമിച്ചു സമയം ചിലവഴിച്ചു. ആറുമാസം മുൻപാണ് അവൾക്ക് വയ്യ എന്നറിയുന്നത്. പിന്നീട് ചികിത്സയുടെയും ആശുപത്രി വാസത്തിന്റെയും കാലഘട്ടമായിരുന്നു. ആശുപത്രിയിൽവെച്ച് അവസാനമായി കണ്ടപ്പോഴും തമാശയായി അവൾ ചോദിച്ചതും എനിക്ക് വേണ്ടി എന്തെങ്കിലും എഴുതുമോ? അല്ലെങ്കിൽ എന്റെ പ്രണയകഥ എഴുതുമോ എന്നതു മാത്രമായിരുന്നു. പ്രിയപ്പെട്ടവളെ നിന്നെപ്പിരിഞ്ഞ വേദന കാർന്നുതിന്നുന്ന ഈ രാത്രിയിൽ കണ്ണീരുകൊണ്ടുമാത്രം ഞാൻ നിനക്കായ് ഈ കഥകുറിക്കുന്നു. നീലകാശത്തിരുന്ന് ഒരു വട്ടമെങ്കിലും ഈ കഥ നീയൊന്നു വായിച്ചെടുക്കുമോ?