ഒരു വടക്കഥ, ഒരു ടീസ്പൂൺ കള്ളം ചേർത്ത്...

HIGHLIGHTS
  • മുളകു കടിച്ച് നീറുന്ന തന്റെ ചുണ്ടുകൾ ചുംബനം കൊതിച്ചാലും രമേശൻ ചോദിക്കില്ല
  • അന്ന് ചിറ്റപ്പൻ പറിച്ചു കൊണ്ടു വരുന്ന പൂക്കൾ പിഴിഞ്ഞ ചാറിൽ ചിത്രച്ചിറ്റ കുളിക്കും
penakathy-column-illustration-sarath-sir
വര: മുരുകേശ് തുളസിറാം
SHARE

പനിച്ചൂടുള്ള അല്ലിച്ചുണ്ടുകൾ പോലെയാണ് പിള്ളച്ചേട്ടന്റെ കടയിലെ പരിപ്പുവട ! കടിക്കാൻ ചെല്ലുമ്പോൾ ആദ്യമൊന്നു പ്രതിഷേധിക്കും! പിന്നെ തിരിച്ചു കടിക്കും !  ഇടയ്ക്ക് എവിടെയോ നിന്നു ചാടിവരും എരിവുള്ള പച്ച മുളകിന്റെ കത്തി വേഷം !

റോഡിലൂടെ നടന്നു പോകുന്നവരെ പിന്നോട്ടു വലിക്കുന്ന നാടൻ കാഴ്ചകൾ അരീപ്പറമ്പിൽ കുറെയുണ്ട്. വീട്ടുവളപ്പിൽ നിന്ന് റോഡിലേക്കു കുലച്ചു നിൽക്കുന്ന ആവശ്യത്തിലധികം മുഴുപ്പുള്ള ഞാലിപ്പൂവൻ വാഴക്കുല,  വീട്ടുമുറ്റത്ത് കാലങ്ങളായി മൂടിയിട്ടിരിക്കുന്ന അംബാസഡർ കാർ, ബാൽക്കണിയിൽ നിന്ന് തലചീകുന്ന രജനി ആനന്ദ് എന്ന കോളജ് വിദ്യാർഥിനി, പറമ്പിൽ തളച്ചിരിക്കുന്ന മെലിഞ്ഞ ആന... ഇങ്ങനെ കുറെ കാര്യങ്ങൾ.. 

ഈ കാഴ്ചകളൊക്കെ നൈമിഷികമാണ്. ഇന്ന് കാണും. നാളെ കാണില്ല. മറ്റെന്നാൾ മറ്റൊന്നായി കാണും. പക്ഷേ ഒരു ദിവസവും മാറ്റമില്ലാത്ത കാഴ്ച പിള്ളച്ചേട്ടന്റെ ചായക്കടയിൽ നാലുമണിക്ക് പുര നിറഞ്ഞു നിൽക്കുന്ന കണ്ണാടി അലമാരിയാണ്.  

സത്യത്തിൽ ആ ചായക്കടയിൽ ഇത്രയും ആളുകൂടാൻ കാരണം ചൂടുളള നാലുമണിപ്പലഹാരങ്ങളാണ്. കടയുടെ തിണ്ണയിലെ മേശപ്പുറത്തു കയറിയിരിക്കുന്ന നാലു കള്ളികളുള്ള ഒരു കണ്ണാടി അലമാരി. ഒരു കള്ളിയിൽ നിറയെ പരിപ്പു വട, രണ്ടാമത്തെ കള്ളിയിൽ ഉഴുന്നു വട, മൂന്നാമത്തെ കള്ളിയിൽ സുഖിയൻ, നാലാമത്തെ കള്ളിയിൽ പറ്റുബുക്കും ഭഗവദ് ഗീതയും കുറെ ഇലകളും. 

ചായക്കടകളിലെ കണ്ണാടി അലമാരകൾ പൊതുവേ വിശപ്പിനോടല്ല, നാലുമണി നേരത്തെ കൊതിയോടാണ് ആശയവിനിമയം നടത്തുന്നത്. അത് പൊതികളായി പല പല വീടുകളിലേക്ക് രുചിയാത്ര നടത്തുന്നു.

മഹാത്മാ മെമ്മോറിയൽ ബോയ്സ് സ്കൂളിലെ ഹെഡ്മാസ്റ്ററാണ് ശരത് സാർ. ചെറുപ്പമാണ്. സുമുഖനാണ്. അസംബ്ളിക്ക് സ്റ്റേജിൽ കയറിയാൽ അരമണിക്കൂർ പ്രസംഗിക്കും. അതിലധികവും അബ്ദുൽ കലാം, ചായപ്പെൻ‍സിൽ, ഡോ.എസ് രാധാകൃഷ്ണൻ, കോഹിനൂർ രത്നം, യേശുദാസ്, ആഗോള താപനം, പി.ടി. ഉഷ, പസഫിക് മഹാസമുദ്രം, എം.ടി വാസുദേവൻ നായർ, പനിക്കൂർക്ക തുടങ്ങിയ മോട്ടിവേഷനൽ വിഷയങ്ങളെപ്പറ്റിയായിരിക്കും. 

പത്താം ക്ളാസിലെ കുട്ടികളെ ഓരോരുത്തരെയായി വിളിച്ചു വരുത്തി പഠനത്തെപ്പറ്റി ദീർഘ നേരം സംസാരിക്കും. കുട്ടികളുമായി മുഖാമുഖം നിന്നുള്ള സംസാരത്തിൽ മുഴുകിക്കഴിഞ്ഞാൽ ശരത് സാർ കുട്ടിയുടെ യൂണിഫോം ഷർട്ടിന്റെ ബട്ടൺസ് മുകളിൽ നിന്നു താഴെ വരെ അഴിക്കാൻ തുടങ്ങും. ഉടനെ തന്നെ അതേ വേഗത്തിൽ താഴെ മുതൽ മുകളിൽ വരെ ബട്ടൺസ് ഓരോന്നായി ഇടും. പിന്നെയും അഴിക്കും. പിന്നെയും ഇടും. സംസാരിക്കുന്നതിനിടെ സ്വയമറിയാതെ ഇങ്ങനെ ചെയ്യുന്ന കാര്യമാണിത്.   

പത്ത് ബിയിലെ രജീഷിന്റെ അച്ഛൻ ഒരിക്കൽ സാറിനെക്കാണാൻ വന്നു. രജീഷ് വീട്ടിൽ വന്നാൽ ഉടുപ്പ് ഇടാതെ പുറത്തിറങ്ങി നടക്കും എന്നതാണ് അച്ഛന് മകനെപ്പറ്റി ശരത് സാറിനോടു പറയാനുള്ള പരാതി.

സാർ പറഞ്ഞു... ഉടുപ്പ് എന്നത് ആലങ്കാരികമായി ഒരു ആവരണമാണെങ്കിലും ഗാന്ധിജി ഒരിക്കലും ഉടുപ്പിട്ടിരുന്നില്ല എന്ന കാര്യം രജീഷിന്റെ അച്ഛൻ മറക്കരുത്. അങ്ങനെയുള്ള ഗാന്ധിജിയാണ് വേനൽക്കാലത്തും കോട്ടിട്ട് നടന്ന ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നേടിത്തന്നത്.  അർധ നഗ്നനായ ഫക്കീർ എന്നാണ് അദ്ദേഹത്തെ ലോകം വിളിച്ചിരുന്നത് എന്നു പറഞ്ഞ് ശരത് സാർ രജീഷിന്റെ അച്ഛന്റെ ഷർട്ടിലെ ബട്ടൺ അഴിക്കാൻ തുടങ്ങി.

സാറിനെന്താ ഭ്രാന്താണോ എന്നു ചോദിച്ച് രജീഷിന്റെ അച്ഛൻ ഓടിക്കളഞ്ഞു.  അങ്ങനെ ശരത് സാറിനെതിരായ പരാതി ഡിഇഒയുടെ മുന്നിലെത്തി. ഡിഇഒ അന്വേഷണത്തിന് എഇഒയെ ചുമതലപ്പെടുത്തി.

എഇഒ ബി. ഇന്ദ്ര കുമാരി സംശയിച്ചു... ഞ‍ാൻ പതിവായി കോട്ടൺ സാരിയാണ് ഉടുക്കുന്നതെന്ന് സാറിന് അറിയാമല്ലോ. അന്വേഷണത്തിന് ഞാൻ‍ തന്നെ പോകണോ?

ഡിഇഒ പറഞ്ഞു.. ഇന്ദ്ര ഒരു അനാർക്കലി ചുരിദാർ ഇട്ടുകൊണ്ടുപോകൂ. അതാണ് സേഫ്. ആൻഡ് യു ലുക് ബ്ളോസം ആൻഡ് യങ് ഇൻ ദാറ്റ് ഡ്രെസ്.

എഇഒ പറഞ്ഞു.. യു ആർ സോ ലിബറൽ ആൻഡ‍് റിച്ച് ഇൻ വേ‍ഡ്സ് !

നാലു മണിക്കു ശേഷമാണ് എഇഒ ഇന്ദ്ര കുമാരി‍ സ്കൂളിൽ അന്വേഷണത്തിനു ചെന്നത്. കുട്ടികൾ സ്കൂൾ വിട്ടു പോയതിന്റെ ഒഴിവിൽ ശാന്തതയും നിശബ്ദതയും ക്ളാസ് റൂമുകളിലെ ബെഞ്ചുകളിലും മേശപ്പുറത്തുമായി വിശ്രമിക്കുകയായിരുന്നു.  എഇഒയെ കണ്ട് ബെഞ്ചും ഡെസ്കും ചാടിയെഴുന്നേറ്റു. 

ഹെഡ്മാസ്റ്ററുടെ മുറിയുടെ തറ നിറയെ പരിപ്പുവടയുടെ തരികൾ വീണു കിടക്കുന്നതും ക്ളാസ് വിട്ട നേരത്തെ കുട്ടികളെപ്പോലെ ഉറുമ്പുകൾ ഓടി നടക്കുന്നതും എഇഒയുടെ ശ്രദ്ധയിൽപ്പെട്ടു.

ശരത് സാർ പറഞ്ഞു... ഇപ്പോൾ സ്റ്റാഫ് മീറ്റിങ് കഴിഞ്ഞതേയുള്ളൂ.

വടയെപ്പറ്റിയായിരുന്നോ ചർച്ച ?

അല്ല മാഡം, ഉച്ചക്കഞ്ഞിയെപ്പറ്റിയായിരുന്നു.  

സ്റ്റാഫ് മീറ്റിങ്ങ് ഉള്ള ദിവസങ്ങളിൽ പിള്ളച്ചേട്ടന്റെ കടയിൽ നിന്ന് സ്കൂളിലേക്ക് പലഹാരങ്ങളും ചായയും വാങ്ങും. അധ്യാപകരിൽ അധികം പേർക്കും പരിപ്പു വടയാണ് ഇഷ്ടം. ചിലർക്ക് ഉഴുന്നു വട, സംസ്കൃതം പോലുള്ള വിഷയങ്ങൾ എടുക്കുന്ന ടീച്ചർമാർക്ക് സുഖിയനും.

വയറ്റിൽ ചെന്നതിനെക്കാൾ കൂടുതൽ തറയിൽ വീണതെങ്ങനെയെന്ന് എഇഒ സംശയിച്ചു നിൽക്കെ ഒരു അധ്യാപിക പറഞ്ഞു... മീറ്റിങ്ങിൽ പങ്കെടുക്കുന്ന എല്ലാവരുടെയും അടുത്തെത്തി ശരത് സാർ സംസാരിക്കും. അതിനിടെ അവർ കഴിച്ചുകൊണ്ടിരിക്കുന്ന പരിപ്പു വട ഓരോ ബട്ടൺസായി അഴിച്ചെടുക്കും.  അതു മുഴുവൻ പൊടിഞ്ഞു താഴെ വീഴും. 

എഇഒ ഇന്ദ്ര കുമാരി‍ ഡിഇഒയ്ക്ക് കൊടുത്ത റിപ്പോർട്ട് ഇങ്ങനെയായിരുന്നു... ശരത് എന്ന പ്രധാന അധ്യാപകൻ ഇത് ഇന്റെൻഷനലായി ചെയ്യുന്നതല്ലെങ്കിലും അദ്ദേഹത്തിൽ നിന്ന് രണ്ടു മീറ്റർ അകന്നു നിന്ന് സംസാരിക്കുകയാണ് കുട്ടികൾക്കും അധ്യാപകർക്കും നല്ലത്.  

അങ്ങനെയാണ് നാലു വർഷം മുമ്പ് അരീപ്പറമ്പിൽ ലോകത്ത് ആദ്യമായി സോഷ്യൽ ഡിസ്റ്റൻസിങ് നിലവിൽ വന്നത് !

അരീപ്പറമ്പിലെ വേദന ഇഷ്ടമുള്ള കാമുകനാണ് കെ. രമേശൻ. എംഎ മലയാളം ബിരുദധാരിയാണ്. ബന്ധനസ്ഥനായ അനിരുദ്ധനാണ്. മൽമൽ മുണ്ടും വള്ളിച്ചെരുപ്പുമാണ് വേഷം.  

പൊതുവേ കാര്യങ്ങൾ വളച്ചു കെട്ടിയേ പറയൂ..

ദാഹിക്കുന്നു, ഒരു നാരങ്ങാ വെള്ളം കുടിച്ചാലോ എന്നു ചോദിക്കാൻ തോന്നിയാൽ കുമാരനാശാന്റെ കരുണയിലെ ആദ്യ വരികൾ കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് എന്തു വികാരമാണ് എന്നായിരിക്കും കൂടെയുള്ള ആളോട് രമേശന്റെ ചോദ്യം.

ദാഹം എന്ന് ഉത്തരം കിട്ടണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. പലർക്കും അത് മനസ്സിലാവില്ല. മനസ്സിലാവുന്നത് ഒരാൾക്കു മാത്രം. നീലാംബരി പണിക്കർക്ക്. 

പാമ്പാടി പ്രതിഭാസ് പാരലൽ കോളജിൽ രമേശന്റെ പ്രിയ ശിഷ്യയാണ് നീലാംബരി പണിക്കർ. ഉപമയും ഉൽപ്രേക്ഷയും സായാഹ്നവെയിലിൽ നടക്കാനിറങ്ങിയതു പോലെ അവർ ഒരുമിച്ചാണ് എന്നും വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നത്.  രമേശന് നീലാംബരി പണിക്കരോട് ഉള്ളിൽ ഒരിഷ്ടമുണ്ട്.  അതിങ്ങനെ പെരുകിപ്പെരുകി കൂടെ നടക്കുന്നതിനിടെ നനമയ യുഗമെട്ടിൽ തട്ടണം നീലാംബരിക്ക് എന്നു തോന്നിയാലും രമേശൻ അത് ഉള്ളിൽ അടക്കി വയ്ക്കും.  

പിള്ളച്ചേട്ടന്റെ ചായക്കടയിൽ നിന്ന് നീലാംബരി എന്നും പലഹാരങ്ങൾ വാങ്ങും. അതിൽ പരിപ്പുവടയിലെ എല്ലാ മുളകു കഷണങ്ങളും ഇഞ്ചിക്കഷണങ്ങളും രമേശൻ ചോദിച്ചുവാങ്ങിക്കഴിക്കും.  അധികമില്ലെങ്കിലും ഉള്ളതുകൊണ്ട് അധരാധിപത്യം സ്ഥാപിക്കാൻ ശക്തനാണ് പരിപ്പുവടയിലെ പച്ചമുളക്. മുളകു കടിച്ച് നീറുന്ന തന്റെ ചുണ്ടുകൾ ചുംബനം കൊതിച്ചാലും രമേശൻ ചോദിക്കില്ല. വിതുമ്പുന്ന ചുണ്ടുകൾ പറയാതെ വിഴുങ്ങുന്ന വാക്കുകളാണ് പറയുന്ന വാക്കുകളെക്കാൾ ശക്തമെന്ന് അയാൾ വിശ്വസിക്കുന്നു. 

അവൾക്കു സമ്മാനിക്കാനായി ചെടിയിൽ നിന്ന് ഓരോ റോസാപ്പൂ പറിക്കുമ്പോഴും അതിന്റെ മുള്ള് തന്റെ വിരലിൽ കൊള്ളണേ എന്ന് രമേശൻ അതിയായി ആഗ്രഹിക്കും. വേദനയാണ് അയാൾക്ക് ബ്രേക്ക് ഫാസ്റ്റ്. മുറിവുകളാണ് ഉച്ചയൂണ്. വിരഹമാണ് അത്താഴം.

ഉച്ചയൂണിനു മുമ്പായി ഉറുമ്പുകളുടെ പട്ടാളം രണ്ടാം നിലയിലേക്കുള്ള സ്റ്റെയർ കേസ് കയറി മുകളിലേക്കു മാർച്ച് ചെയ്യുന്നത് അഴകത്തു വീട്ടിലെ ഉണ്ണിക്കുട്ടൻ നോക്കി നിന്നു.  വരി തീരുന്നില്ല. ഒന്നിനു പിന്നാലെ പത്ത്, പിന്നെ നൂറ്, ആയിരം അങ്ങനെ ഉറുമ്പുകൾ മുകളിലേക്ക് വരിവരിയായി നീങ്ങുന്നു. എങ്ങോട്ടാണ് ഇവയുടെ ഘോഷയാത്ര ?! ഒരു തുള്ളി വെള്ളം അവയുടെ ഇടയിലേക്ക് ഒഴിച്ച് ഒരു ഗ്യാപ്പ് ഉണ്ടാക്കി ഉണ്ണിക്കുട്ടൻ അവിടേക്കു നുഴഞ്ഞു കയറി. പിന്നെ ഉറുമ്പുകളെപ്പോലെ നാലുകാലിൽ മുകളിലേക്ക് ഇഴയാൻ തുടങ്ങി. 

ആദ്യമൊന്നു ശങ്കിച്ചു നിന്നുപോയ ഉറുമ്പുകൾ വേഗം സാഹചര്യങ്ങളോട് അണിചേർന്നു. അവ ഉണ്ണിക്കുട്ടന്റെ കൂടെ അണിചേർന്നു. പടികൾ കയറി മുകളിലെ തളത്തിന്റെ ഭിത്തിയരികിലൂടെ ഇഴഞ്ഞ് ‘റ’ പോലെ വളഞ്ഞ് ചിത്രച്ചിറ്റയുടെ ബെഡ് റൂമിലേക്കാണ് ഉറുമ്പുകൾ പോകുന്നത്. 

ചിത്രച്ചിറ്റ വീട്ടിലില്ല. രാവിലെ ഒരുങ്ങി എവിടെയോ പോയി. ചിത്രച്ചിറ്റ പോയെങ്കിലും പെർഫ്യൂമിന്റെ മണം ബെഡ്റൂമിൽത്തന്നെ കറങ്ങി നിൽക്കുന്നുണ്ട്. 

penakathy-column-illustration-kirshnankutty
വര: മുരുകേശ് തുളസിറാം

കസ്തൂരിമാൻ എന്നാണ്  ഭർത്താവായ കൃഷ്ണൻ കുട്ടി ചിറ്റപ്പൻ ചിത്രച്ചിറ്റയെ വിശേഷിപ്പിക്കുന്നത്. ഉടലിൽ എവിടെയോ ആണ് സുഗന്ധം ഒളിപ്പിച്ചു വച്ചിരിക്കുന്നത് !  മുടിയിഴകളുടെ പനങ്കാട്ടിലോ, വിരലുകളുടെ താഴ് വരകളിലോ, കൺപീലികൾക്കു മുകളിലെ ഷട്ടർ സ്പേസിലോ, ചെവിപ്പിന്നിലെ കുറുവാ ദ്വീപിലോ എന്ന് ഇതുവരെ കാറ്റിനു പോലും കണ്ടെത്താൻ കഴി‍ഞ്ഞിട്ടില്ല.  ചിറ്റയുടെ ഭർത്താവായ കൃഷ്ണൻ കുട്ടി ചിറ്റപ്പൻ നല്ല ഹണ്ടറാണ്. കൈതക്കാട്ടിൽ ഒളിച്ചിരിക്കുന്ന കാട്ടുമുയലിനെ മണത്തറിഞ്ഞ് അടുത്തെത്തി ചെവിയിൽ തൂക്കി പൊക്കിയെടുക്കും.

ആദ്യമൊന്ന് വിസ്മയിച്ചു പോകുന്ന മുയൽ മീശ വിറപ്പിക്കും. ചിറ്റപ്പനും മീശയുണ്ട്.

ചിറ്റപ്പൻ മുയലിനോടു ചോദിക്കും... വിടണോ?

വേണം..

വിട്ടില്ലെങ്കിലോ.. എന്നുചോദിച്ച് മുയലിന്റെ ഉടലിൽ മണത്തു നോക്കും. ഉൾക്കാട്ടിൽ തലേന്നു പെയ്ത നിലാവിൽ പൂത്ത കാട്ടുതെച്ചിപ്പൂവിന്റെ മണം. 

നീ പെണ്ണാണോ?

ആണെന്നോ അല്ലെന്നോ പറയാതെ മുയൽ കള്ളത്തരത്തിൽ ചുണ്ടുകൾ വിടർത്തും. 

പൂമണം എവിടെ നിന്നാണെന്നു പറ‍ഞ്ഞു തന്നാൽ നിന്നെ വിടാം.

മുയലിന് സമ്മതം. 

ചിറ്റപ്പൻ പിടിവിട്ടാൽ കൈവിട്ട അമ്പുപോലെ മുയൽ മുന്നിൽ പറക്കും. ചിറ്റപ്പൻ പിന്നാലെ.  ഉൾക്കാട്ടിലെ പൂക്കളുടെ മേട് കാട്ടിക്കൊടുക്കും ആ കാട്ടുമുയൽ. അന്ന് ചിറ്റപ്പൻ പറിച്ചു കൊണ്ടു വരുന്ന പൂക്കൾ പിഴിഞ്ഞ ചാറിൽ ചിത്രച്ചിറ്റ കുളിക്കും. സുഗന്ധം, വസന്തം.

കൃഷ്ണൻ കുട്ടി ചിറ്റപ്പൻ പട്ടാളത്തിലാണ്. എല്ലാവർഷവും വെയിൽ തെളിഞ്ഞ് കശ്മീരിൽ മഞ്ഞുരുകുമ്പോൾ മാത്രം നാട്ടിലെത്തും. നാട്ടിലെ മഴക്കാലം പോലെയാണ് ചിറ്റപ്പന്റെ സ്വഭാവം. വന്നാൽ പിന്നെ തിരിച്ചു പോകില്ല. തിരിച്ചു പോയാൽ പിന്നെ വരികയുമില്ല. 

ഉറുമ്പുകൾക്കൊപ്പം ഉണ്ണിക്കുട്ടനും ഇഴഞ്ഞിഴഞ്ഞ് ഒരു അലമാരയ്ക്കു മുന്നിലെത്തി. ചിത്രച്ചിറ്റയുടെ നീളൻ കണ്ണാടിയലമാര. മുഖം നോക്കുന്ന ആളുടെ സൗന്ദര്യം ഇരട്ടിയാക്കുന്ന അപൂർവമായ ചൈനീസ് രസംപുരട്ടിയ കണ്ണാടിയാണ്. 

കണ്ണാടി നോക്കാൻ നിൽക്കാതെ ഉറുമ്പുകൾ അലമാരിയുടെ ഉള്ളിലേക്കാണ് കയറിപ്പോകുന്നത്. ഉള്ളിലെന്താണെന്നറിയാൻ ഉണ്ണിക്കുട്ടനും അവരുടെയൊപ്പം അലമാരിയുടെ ഉള്ളിലെത്തി. 

ആയിരം കുപ്പികളിൽ സുഗന്ധദ്രവ്യങ്ങൾ, കാലിലും കൈയിലും പുരട്ടുന്ന ലേപനങ്ങൾ, ചുങ്കിടി മുതൽ ബനാറസ് വരെ സാരികൾ, ദാദ്രാ ചോളി, ഉടൽ മണക്കുന്ന 

വട്ടംചുറ്റിപ്പാവാടകൾ, കെട്ടിപ്പിണഞ്ഞ് ഉറങ്ങുന്ന ഷാളുകൾ, അംഗപ്രത്യംഗ ലാവണ്യ വർധക യന്ത്രങ്ങൾ, അനംഗ മന്ത്രങ്ങൾ, അടിവയറിന്റെ ഇളംചൂടുള്ള കശ്മീരിലെ ഷാളു‍കൾ...  അവയുടെ ഇടയിൽ ഒരു കടലാസു പൊതി. അതിനുള്ളിലേക്കാണ് ഉറുമ്പുകൾ കയറിപ്പോകുന്നത്. 

എണ്ണ പറ്റിപ്പറ്റി നേർമയായിപ്പോയ പത്രക്കടലാസ് തുറക്കാതെ തന്നെ ഉള്ളിലുള്ള രഹസ്യം കാണിച്ചു തന്നു. പിള്ളച്ചേട്ടന്റെ കടയിലെ പരിപ്പുവട ! നാലെണ്ണം വൃത്തിയായി പൊതിഞ്ഞ് വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചു വച്ചിരിക്കുകയാണ്.

ചിറ്റയ്ക്ക് ഒരു സ്പൂൺ കള്ളത്തരം കൂടുതലാണ്. എല്ലാവരുടെയും ചായയിൽ രണ്ടു ടീ സ്പൂൺ പഞ്ചസാരയിടുന്നതിനൊപ്പം സ്വന്തം കപ്പിൽ ആരും കാണാതെ മൂന്നു സ്പൂൺ ഇടും. ചിറ്റപ്പൻ ഹണ്ടിങ്ങിനു പോയതാണെങ്കിലും ആരെങ്കിലും ചോദിച്ചാൽ ഗുരുവായൂർക്കു പോയെന്നു പറയും.

കൃഷ്ണൻ കുട്ടി ചിറ്റപ്പൻ നാട്ടിലില്ല. പിന്നെ ആരാണ് ചിത്രച്ചിറ്റയ്ക്ക് പരിപ്പുവട സമ്മാനിക്കുന്നത്?  ഉണ്ണിക്കുട്ടൻ സംശയിച്ചു നിന്നു.

ഉറുമ്പുകളുടെ തലവൻ ഉണ്ണിക്കുട്ടന്റെ കൈയിലൊരു കടി വച്ചുകൊടുത്തിട്ടു പറഞ്ഞു... വട തിന്നാൽപ്പോരേ ഉണ്ണീ, കുഴിയെണ്ണേണ്ട കാര്യമുണ്ടോ ? !

Content Summary : Penakathy Column - Areeparambu Pilla Chettan's Parippu Vada

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS