sections
MORE

ഭക്ഷണത്തിന്റെ വില അറിയാനും ലോക്ഡൗൺ കാലം ഉപകരിക്കും : ശ്വേത മേനോൻ

swetha-menon-article-image-lock-down-days
SHARE

‘ലോക്ഡൗൺ കാലത്ത് അച്ഛനെയാണ് ഞാനോർക്കുന്നത്. ഏതു സമയത്തും എന്തു വേണമെങ്കിലും നടക്കാം എന്ന രീതിയിലായിരുന്നു കുട്ടിക്കാലം തൊട്ടേ എന്റെ ജീവിതം. അച്ഛൻ അങ്ങനെയാണു വളർത്തിയത്. ലിവ് ഒൺ ദി എഡ്ജ് എന്നതായിരുന്നു കുട്ടിക്കാലം തൊട്ടേ ശീലിച്ചു വന്നത്. ലോക്ഡൗൺ ഒരു പ്രശ്നമായി തോന്നുന്നില്ല. സമൂഹത്തിന്റെ നന്മയ്ക്കായി കുറച്ച് ദിവസം നാം വീട്ടിലിരിക്കുന്നതിൽ തെറ്റില്ല. ഒരു റൂമിനുള്ളിൽ അടച്ചിട്ടാൽ കുറച്ച് അരിയും പരിപ്പും തന്നാൽ മതി, എത്ര ദിവസം വേണമെങ്കിലും ഇരിക്കാം...’–  മുംബൈയിലെ ഫ്ലാറ്റിലിരുന്ന് ഭർത്താവ് ശ്രീവത്സൻ മേനോനും മകൾ സബൈനയ്ക്കുമൊപ്പം ലോക്ഡൗൺ കാലത്തെ ഭക്ഷണ ചിന്തകൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് നടി ശ്വേത മേനോൻ.

ഭക്ഷണശീലത്തിൽ മാറ്റം വരുത്താൻ പറ്റിയ കാലം

നമ്മൾ ഭക്ഷണകാര്യത്തിൽ എത്ര ധാരാളികളാണെന്ന് ഇൗ ലോക്ഡൗൺ കാലം മനസ്സിലാക്കിത്തന്നു. പഴയ കാലത്ത് കഞ്ഞിയും പയറും കഴിച്ചു ശീലിച്ച നമ്മൾ ആരോഗ്യമുള്ളവരായിരുന്നു. ഇപ്പോൾ നമ്മൾക്ക് ഭക്ഷണം കൂടുതലും അധ്വാനം കുറവുമാണ്. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും ശരീരവും മനസ്സും പാകപ്പെടുത്താനും കഴിയുന്ന സമയമാണ് വീട്ടിൽ അടങ്ങിയിരിക്കുന്ന സമയം. രണ്ടു മാസമായി ഞാൻ നോൺ വെജ് കഴിച്ചിട്ട്. അത്തരം വിഭവങ്ങൾ ഒഴിവാക്കിയിട്ടും ഒരു പ്രശ്നവും തോന്നുന്നില്ല. തുടർന്നും നോൺ വെജ് കഴിക്കാതെ ജീവിക്കാനും ആഗ്രഹമുണ്ട്. ദേശം മാറുമ്പോൾ ഭക്ഷണ രീതികളും മാറുന്നു. എല്ലാ സാഹചര്യങ്ങളും നാം ശീലിക്കണം. യാത്രകളിൽ ഭക്ഷണകാര്യത്തിൽ പരീക്ഷണം നടത്താൻ താത്പര്യമില്ല. നാടൻ ചോറിനൊപ്പം പരിപ്പുകറി അല്ലെങ്കിൽ സാമ്പാർ, ഒപ്പം ഏതെങ്കിലുമൊരു തോരനും കിട്ടിയാൽ സന്തോഷം. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും എപ്പോൾ വേണമെങ്കിലും അത് കഴിക്കും. ഭക്ഷണകാര്യത്തിൽ ഒരേയൊരു നിർബന്ധം മാത്രം– ചൂടോടെ കഴിക്കണം.

സഹകരണം ഇരുപത്തിയൊന്ന് ദിവസം മാത്രമല്ല വേണ്ടത്

പാചകവും അടുക്കള ജോലിയും സ്ത്രീകളുടേതു മാത്രമല്ല. വീട്ടുജോലികൾ പരസ്പരം സഹകരിച്ചു ചെയ്താൽ കൂടുതൽ ആസ്വാദ്യമാകും. വീട്ടുജോലിയുടെ കാര്യത്തിൽ വേർതിരിവ് തീരെ വേണ്ട. ഭർത്താവിനു പാചകത്തിൽ താത്പര്യമുണ്ടെങ്കിൽ പ്രോത്സാഹിപ്പിക്കുക. വീട്ടിലെ ജോലികളിലെ സഹകരണം ലോക്ഡൗണിലെ ഇരുപത്തിയൊന്ന് ദിവസമല്ല, ജീവിതകാലം മുഴുവനും വേണം. അഭിരുചികൾ പരസ്പരം അറിഞ്ഞാൽത്തന്നെ വീട്ടുജോലികൾ രസമായി തോന്നും. എനിക്ക് ഉത്തേര്യന്തൻ വിഭവങ്ങൾ പാചകം ചെയ്യാൻ അറിയാം, ഭർത്താവിന് കേരളീയ വിഭവങ്ങളും. അപ്പോൾ ലഭ്യമായ ചേരുവകൾ കൊണ്ട് മിതമായി ആഹാരം പാചകം ചെയ്ത് ലോക്ഡൗൺ കാലം ചെലവഴിക്കും. അനാവശ്യമായി ഭക്ഷണം പാഴാക്കി കളഞ്ഞതു തിരിച്ചറിയാനും ഭക്ഷണത്തിന്റെ വില അറിയാനും ഇൗ കാലം ഉപകരിക്കും.

English Summary : Live on the edge, Actress Swetha Menon's Food Talk

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA