ADVERTISEMENT

പള്ളി വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു... മുഴുവനും വിശ്വാസികളുതന്നെയാണോന്നൊക്കെ ചോദിച്ചാ... ഉറപ്പൊന്നുമില്ല, വിശ്വാസമില്ലാത്ത പ്രഹസനക്കാരും കാണും. മലയോരഗ്രാമത്തിന്റെ നെറുകയിലെ കുന്നിൻ മുകളിലാണ് പള്ളി. അത്ര വലുതൊന്നുമല്ലെങ്കിലും നല്ല ഉറപ്പാ, ഭിത്തിയടക്കം മുഴുവനും കരിങ്കല്ലിലല്ലേ തീർത്തിരിക്കുന്നേ...!. പണ്ട് ബ്രിട്ടീഷുകാരുടെ കാലത്തോ മറ്റോ പണിതതാണ്, ഇതുവരെ പുതുക്കിപ്പണിയേണ്ടി വന്നിട്ടില്ല. മുന്നിൽ സാമാന്യം വലിയ ഒരു കരിങ്കൽ കുരിശുണ്ട് ഒറ്റക്കല്ലിൽ തീർത്തതാണ്!. ചുറ്റും എണ്ണയൊഴിച്ചു തിരികത്തിക്കാനായി അമ്പത്തൊന്നു വിളക്കുതാരികളുമുണ്ട്. ഏതാണ്ട് പത്തെൺപത്തഞ്ച് പടിക്കെട്ടുകൾ ഇറങ്ങിച്ചെല്ലണം അങ്ങോട്ടേയ്ക്ക്. ഈ കുരിശടിയും പള്ളിപണിത കൂട്ടത്തിൽത്തന്നെ സ്ഥാപിച്ചതാണ്. എന്നാൽ അതിനടുത്തുള്ള മാതാവിന്റെ 'ഗ്രോട്ടോ' അടുത്തകാലത്താണ് പണികഴിപ്പിച്ചത്. അതിന്റെ നിർമ്മാണച്ചെലവിനേച്ചൊല്ലി അല്ലറചില്ലറ അഴിമതിയാരോപണങ്ങളൊക്കെ പൊങ്ങിവന്നിരുന്നു!. എന്തായാലും പുതിയ വികാരിയച്ചൻ വന്നതിൽപ്പിന്നെ പിരിവിനെക്കുറിച്ചൊന്നും ഇതുവരെ പറഞ്ഞിട്ടില്ല, നവീന പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടുമില്ല. പള്ളിമേട ചോർന്നൊലിച്ചപ്പോ പൊതുയോഗത്തിപ്പോലും പറയാതെ പുള്ളിക്കാരൻ കയ്യീന്ന് കാശുകൊടുത്ത് ഓട് നാലെണ്ണം മാറ്റിച്ചു.

ഞായറാഴ്ചത്തെ പ്രസംഗത്തിന്റെ കാര്യത്തിലായാലും വ്യക്തമായ മാറ്റം കാണാനുണ്ട്. വിമാനം ഉയരുന്നതുപോലൊരു തുടക്കമോ അത് താഴുന്നതുപോലൊരു ഒടുക്കമോ ഇപ്പോഴില്ല. കാര്യമാത്രപ്രസക്തമായി യാതൊരു മുഖവുരയും കൂടാതെ പറഞ്ഞവസാനിപ്പിക്കും. ഒരു 'ഗുമ്മി'ല്ലെങ്കിലും ആളുകളാരും അതിനിടയ്ക്ക് പുറത്തുപോകാറില്ല. അത്രയ്ക്ക് ആലങ്കാരികതയൊന്നുമില്ലെങ്കിലും കുർബാന ഭക്തിനിർഭരമാണ്. അന്നത്തെ പ്രസംഗത്തിനൊടുവിൽ അച്ചൻ ഒരു സൂചനപോലെ പറഞ്ഞു, "ആശീർവാദത്തിനു മുൻപുള്ള അറിയിപ്പിൽ ഒരു ഷൂട്ടിങ്ങിന്റെ കാര്യം പറയാനുണ്ട് ആരും അതിനുമുൻപ്‌ ഇറങ്ങിപ്പോകരുതെന്ന് ഓർമ്മിപ്പിക്കുന്നു". ഷൂട്ടിങ് എന്ന് കേട്ടതുകൊണ്ടു മാത്രം ആരും പോയില്ല... ആകാംക്ഷ കാണും. അത്രവലിയ പ്രകൃതിരമണീയതയോ പുതുമയോ ഇല്ലാത്ത അവിടെ ആരും അതുവരെ ഷൂട്ടിങ്ങിനൊന്നും വന്നിട്ടില്ല... ആകപ്പാടേ ചില കല്യാണങ്ങൾക്ക് കാണാറുള്ള പൊങ്ങച്ച ചിത്രീകരണങ്ങളൊഴിച്ചാൽ..!. അച്ചൻ അറിയിപ്പ് പറയാൻ തുടങ്ങി, കഴിഞ്ഞ ആഴ്ചയിലെ സ്തോത്രപ്പിരിവിന്റെ തുകയും അടുത്ത കുടുംബയോഗങ്ങളുടെ തിയതിയും സ്ഥലവും പറഞ്ഞതിന് ശേഷം ഷൂട്ടിങ്ങിന്റെ കാര്യത്തിലേയ്ക്ക് കടന്നു. കഴിഞ്ഞദിവസം അദ്ദേഹത്തെ ഏതോ 'പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്' വിളിച്ച്, പള്ളിയും പരിസരവും ഒന്ന് രണ്ടു ദിവസത്തെ ഷൂട്ടിങ്ങിനു അനുവദിക്കുമോന്ന് ചോദിച്ചത്രേ; പള്ളിക്കമ്മറ്റിയോട് ചോദിച്ചിട്ടു അറിയിക്കാമെന്ന് പറയുവേം ചെയ്തു. അതിനൊരു തീരുമാനമെടുക്കാനായി പള്ളിമേടയിൽ അടിയന്തിര പൊതുയോഗം ഉടനെ ഉണ്ടായിരിക്കുമെന്നും കൂടുതൽ കാര്യങ്ങൾ അപ്പൊ വ്യക്തമാക്കാമെന്നും അറിയിച്ചിട്ട് അച്ചൻ കുർബാനയുടെ അന്തിമ ഘട്ടത്തിലേക്ക് കടന്നു.

സാധാരണ ഇത്തരം പൊതുയോഗങ്ങൾക്ക് പത്തിരുപത്തഞ്ചു പേരിൽ കൂടുതൽ സംബന്ധിക്കാറില്ല. മിക്കവരും കുർബാന കഴിയുമ്പോഴേ അടുത്തുള്ള ഇറച്ചിക്കടയിലേക്കാണ് പോകാറ്. അതിലും മിടുക്കുള്ളവർ പ്രസംഗത്തിന്റെ സമയത്തോ കുർബ്ബാന തുടങ്ങുന്നതിനു മുൻപോ വാങ്ങി അടുത്തുള്ള ചായക്കടയിലോ മുറുക്കാൻ കടയിലോ വച്ചിട്ടുപോരും അതെടുത്തു ഭാര്യയുടെയോ മക്കളുടെയോ കൈയ്യിൽ കൊടുത്തുവിട്ടാൽ പണികഴിഞ്ഞു. പിന്നെ വെടിപറഞ്ഞുകൊണ്ട് ചായകുടിക്കുവോ ബീഡിവലിക്കുവോ മുറുക്കുവോ ഒക്കെ ചെയ്യാം. പക്ഷെ അവരും പൊതുയോഗത്തിന്റെ കുറ്റം പറയുന്നതല്ലാതെ സംബന്ധിക്കാറില്ല. ഇതൊക്കെ ആണുങ്ങടെ കാര്യാ കേട്ടോ പെണ്ണുങ്ങൾക്ക് ഇങ്ങനൊരു ശീലം പണ്ടേയില്ല അവര് കുർബാന കഴിയുമ്പോഴേ വീട്ടിലേക്ക് പോയാലല്ലേ പ്രാതല് നേരത്തിന് കാലാക്കാനൊക്കൂ. പക്ഷെ ഇന്ന് ഒറ്റയാളുപോലും പോയിട്ടില്ല എല്ലാരും ആ ഇടുങ്ങിയ പള്ളിമേടയ്ക്കു ചുറ്റും തടിച്ചുകൂടി നിൽക്കുവാ. സ്ഥലപരിമിതി പരിഗണിച്ച് അച്ചൻ പൊതുയോഗം പള്ളിയുടെ മൊണ്ഡലത്തിലേക്ക് മാറ്റി. അതാകുമ്പോൾ ആളുകൾക്ക് പള്ളിമുറ്റത്താണെങ്കിലും സ്വസ്ഥമായി നിൽക്കാവല്ലോ. കപ്യാർ കുട്ടപ്പൻ ഓടിപ്പോയി ഒരു മൈക്കും സംഘടിപ്പിച്ചു. ആളുകൾ ഇടയ്ക്കുകേറി ഓരോ സംശയങ്ങൾ ചോദിക്കാൻ തുടങ്ങിയതുകൊണ്ട് അച്ചൻ ആമുഖമായി പറഞ്ഞു, "ഞാൻ ആദ്യം കാര്യമങ്ങ്‌ വെടിപ്പിനു പറയാം എന്നിട്ട് നിങ്ങളൊക്കെക്കൂടി ചോദ്യങ്ങള് ചോദിക്കുവോ... തീരുമാനമെടുക്കുവോ ഒക്കെ ചെയ്യ്" "അച്ചോ... ആ സിനിമേലോട്ട് ഇടവകക്കാരായ പുതുമുഖങ്ങളെ എടുക്കുവോ..?" ഇത്രയൊക്കെ പറഞ്ഞിട്ടും ഏതോ സിനിമാപ്രേമി പിറകിൽനിന്നും വിളിച്ചുചോദിച്ചു. അതിനു മറുപടിയെന്നോണം അച്ചൻ പറഞ്ഞുതുടങ്ങി,

"നിങ്ങള് വിചാരിക്കണ മാതിരി ഇത് സിനിമയൊന്നുമല്ല ഒരു ഭക്ത പരമ്പരയാ, പേര് 'ഭക്തവത്സല' നമ്മടെ ശാലോം ചാനലിൽ രണ്ടുമാസം കഴിഞ്ഞു പ്രക്ഷേപണം ഉണ്ടാകൂന്നാ പറഞ്ഞേ. പള്ളിയും കുർബാനയും വിശ്വാസികളുമൊക്കെ ചിത്രീകരിക്കപ്പെടുന്നുണ്ട്, നിങ്ങളുമതിൽ ഉൾപ്പെടും ആൾക്കൂട്ടത്തിന്റെ ഭാഗായിട്ടാണെന്ന് മാത്രം...!. മാതാവിന്റെ തീവ്രഭക്തയായ പെൺകുട്ടി മഹാനടനായ മമ്മൂട്ടിയെ ഒരുനോക്കു കാണണമെന്നുള്ള മോഹം ഗ്രോട്ടോയിൽ പോയി നിരന്തരം പ്രാർഥിച്ചതിന്റെ ഫലമായി, ദൈവപ്രഭ ചൊരിഞ്ഞുകൊണ്ട് മാതാവ് അവളെ അനുഗ്രഹിക്കുകയും; ആഗ്രഹപൂർത്തിക്കായി മമ്മൂട്ടിയെ കാണിച്ചുകൊടുക്കുകയും ചെയ്യുന്ന രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്. പള്ളിയും കുരിശടിയും ഗ്രോട്ടോയും നീളൻ പടിക്കെട്ടുകളുമൊക്കെ ഒന്നിച്ചു വന്നതുകൊണ്ടാ നമ്മടെ പള്ളി തെരഞ്ഞെടുത്തത്. മതത്തിനോ സമുദായത്തിനോ പള്ളിക്കോ വിശ്വാസികൾക്കോ യാതൊരുവിധ കോട്ടമോ മാനഹാനിയോ വരുത്തില്ലന്ന് അവര് ഉറപ്പും തന്നിട്ടുണ്ട്. പ്രതിഫലം ചോദിച്ചപ്പോ പണമായിട്ടൊന്നും വേണ്ടാ... എന്തെങ്കിലും സേവനം ചെയ്തുതന്നാ മതീന്നും പറഞ്ഞു".

"അച്ചോ... നല്ല കാശുകിട്ടണ കാര്യാരുന്നു... അച്ചനെന്തിനാ വേണ്ടാന്നു പറഞ്ഞേ...?" ഏതോ സിനിമാക്കാരന്റെ ബിനാമിയായി നടക്കണ പുതുപ്പണക്കാരൻ ബിൻസൺ, ചുളുവിൽ കിട്ടാമായിരുന്ന ലാഭം നഷ്ടപ്പെടുത്തിയതിന്റെ രോഷത്തിൽ നിയന്ത്രിക്കാനാവാതെ വിളിച്ചുചോദിച്ചു. "ഹാ...! എന്നിട്ടുവേണം നിനക്കൊക്കെ എന്റെ മേളിലോട്ട് മെക്കിട്ടുകേറാൻ" അച്ചന്റെ മറുപടി കുറേപ്പേരെ ചിരിപ്പിച്ചു. "ഞാനൊരു കാര്യം ചെയ്യാം, നമ്മടെ ബാലികാഭവന്റെ അഞ്ചു ടോയിലെറ്റുകളിൽ മൂന്നെണ്ണം ബ്ലോക്കായിക്കിടക്കുവാ, അതൊന്നു പുതുക്കിപ്പണിതു തരാൻ പറയാം. ആ പേരിൽ കാശൊന്നും ഞാനോ കണക്കനോ കൈക്കാരന്മാരോ മേടിക്കിയേല. സിനിമക്കാരെടെ ചെലവിലും മേൽനോട്ടത്തിലും പണിയിപ്പിച്ചു തരണോന്നും പറയാം. കുറച്ചു കുട്ടികളേയുള്ളെങ്കിലും പെങ്കുട്ടികളല്ലേ... രണ്ടെണ്ണം പോരെന്ന് മദറ് ഇടയ്ക്കിടയ്ക്ക് വിളിച്ചുപറയും. നിങ്ങളോട് പിരിവിന്റെ കാര്യം പറയാൻ പേടിയായകൊണ്ടാ ഇതുവരേം പറയാഞ്ഞത്, ഇപ്പൊ മാതാവായിട്ട് ഒരുവഴി കാണിച്ചുതന്നതാ...!".

"അങ്ങനെ പേടിക്കുവൊന്നും വേണ്ടച്ചോ... ഞങ്ങള് പിരിവിട്ടിട്ടല്ലേ ഈ പാരിഷ്ഹാളും സെമിത്തേരീലെ സെല്ലാറുമൊക്കെ പണിഞ്ഞേ..., എന്നിട്ട് ആർക്കെങ്കിലും എതിരെ പരാതി കൊടുത്താരുന്നോ...?. ഗ്രോട്ടോ പണിയിൽ അഴിമതിയുണ്ടെന്ന് ഉറപ്പായകൊണ്ടല്ലേ അരമനേൽ പരാതികൊടുത്തേ, അവരടെ അന്ന്വഷണത്തില് ക്രമക്കേട് ബോധ്യപ്പെട്ടകൊണ്ടാണല്ലോ പഴയ വികാരിയെ സ്ഥലം മാറ്റിയേ..!. അഴിമതിയില്ലാത്ത ഏതു വികസനത്തിനും ഇടവകക്കാര് മുഴുവനും കൂടെയുണ്ടച്ചോ... പ്രത്യേകിച്ച് ഈ അനാഥപിള്ളേരെടെ കാര്യത്തില്...!". തലമൂത്തൊരു പാരീഷ്‌കൗൺസിൽ അംഗത്തിന്റെ അഭിപ്രായത്തെ എല്ലാവരുംതന്നെ കൈയ്യടിച്ച് അംഗീകരിച്ചു. അച്ചൻ തുടർന്നു.. "നിങ്ങക്കാർക്കും പ്രത്യേകിച്ച് എതിർപ്പൊന്നുമില്ലാത്ത സ്ഥിതിക്ക് ഞാനിത് അരമനേൽ അറിയിച്ച് പിതാവിന്റെ അനുമതി വാങ്ങിച്ചോളാം. നാളെയല്ല... അതുകഴിഞ്ഞുള്ള തിങ്കളാഴ്ചയാണ് ഈ ഷൂട്ടിങ് പ്ലാൻ ചെയ്തിരിക്കുന്നേ... അന്ന് വിഭൂതി തിരുനാളുകൂടിയാണെന്ന കാര്യം ഓർമ്മവേണം. കഴിയുന്നവരൊക്കെ വെള്ളവസ്ത്രങ്ങളണിഞ്ഞു വെടിപ്പായിട്ടു വന്നേക്കണം.. ടെലിവിഷനിലൊക്കെ  കാണുന്നതാ... ഇടവകയ്ക്ക് നാണക്കേടുണ്ടാക്കരുത്. അതുപോലെ ആരും ക്യാമറ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കുവോ കൈയ്യും കാലുവൊക്കെ പൊക്കിക്കാണിക്കുവോ ചെയ്തേക്കരുത്.

വേറൊരു പ്രത്യേക കാര്യം പറയാനുള്ളത്, പത്തനാപുരം ദാമോദരനാണ് മമ്മൂട്ടിയുടെ വേഷത്തിൽ കുട്ടിക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടിയുടെ രൂപസാദൃശ്യമുള്ള ഈ മിമിക്രിക്കാരനെ മൂന്നുമണിക്കൂറത്തെ മേയ്ക്കപ്പുകൊണ്ടാ അങ്ങനെ പരുവപ്പെടുത്തിയെടുത്തേക്കുന്നേ. ഒരു സീരിയലിൽ അഭിനയിക്കാൻ മമ്മൂട്ടി വരിയേലന്ന് നിങ്ങക്ക് ഊഹിക്കാവുന്നതേയുള്ളൂ, പക്ഷെ ഈ കഥയൊന്നുമറിയാത്ത ആരെങ്കിലും ഷൂട്ടിങ് കാണാൻ വന്നിട്ട് അയാളെ തൊടുവോ പിടിക്കുവോ പിച്ചുവോ മാന്തുവോ ഒക്കെ ചെയ്താ കൊഴപ്പാകും. വീണ്ടും മെയ്ക്കപ്പ് ചെയ്യാൻ ഒരുപാട് സമയോം ചെലവും വേണ്ടിവരും, ഷൂട്ടിങ് ആകെ അലങ്കോലമാകുവേം ചെയ്യും. അതുകൊണ്ട് ഈ കാര്യം അറിയാത്തവരെയൊക്കെ പറഞ്ഞുമനസിലാക്കിയേക്കണം. ഇനി ആർക്കെങ്കിലും അയാളോടൊപ്പം നിന്ന് ഫോട്ടോ എടുക്കുവോ കൈകൊടുക്കുവോ ചെയ്യണെങ്കിൽ ആവാം. അന്നത്തെ ഷൂട്ടിങ് കഴിഞ്ഞ് മെയ്ക്കപ്പ് മാറ്റുന്നതിന് മുൻപ് മാത്രം! അതും തട്ടുവോ മുട്ടുവോ കെട്ടിപ്പിടിക്കുവോ ഒന്നും പാടില്ല, ദേഹത്ത് പിടിപ്പിച്ചേക്കണ പല സാധനങ്ങളും വീണ്ടും ഉപയോഗിക്കാനുള്ളതാ. അതുപോലെ സംസാരിക്കാനും ശ്രമിക്കണ്ട... അയാൾ വായതുറക്കില്ല മുഖത്തിന്റെ കൃത്യതയ്ക്കുവേണ്ടി പല്ലിനിടയിലും കവിളിലും എന്തൊക്കെയോ തിരുകിവച്ചിട്ടുണ്ട്!. പിന്നെ മമ്മൂട്ടിയാണെന്നും പറഞ്ഞ് സോഷ്യൽ മീഡിയയിലൊക്കെ ഇട്ടാൽ, ആളുകള് കാര്യം തിരിച്ചറിയുമ്പോ ഒള്ളവെല കൂടി പോയിക്കിട്ടും പറഞ്ഞേക്കാം. മൊത്തം രണ്ടുമൂന്നു ദിവസത്തെ ഷൂട്ടിങ് കാണും ചിലപ്പോ അങ്ങോട്ടോ ഇങ്ങോട്ടോ ഏറിയും കുറഞ്ഞുമിരിക്കും. വേറെ പ്രത്യേകിച്ച് ഒന്നും പറയാനില്ലാത്തതിനാൽ പൊതുയോഗം പിരിച്ചുവിട്ടിരിക്കുന്നു"

അച്ചനും കപ്യാരും പോകുമ്പോൾ കമ്മറ്റിക്കാരിൽ ഒന്നുരണ്ടുപേർ എന്തോ പറഞ്ഞുകൊണ്ട് പിന്നാലെ പോയി. ബാക്കിയുള്ളവർ തമ്മിൽത്തമ്മിൽ ഓരോന്ന്  പറഞ്ഞുകൊണ്ട് പെട്ടെന്ന് പിരിഞ്ഞുപോയി. ആദ്യമുണ്ടായിരുന്നതിന്റെ പകുതിയോളം ആളുകൾ സംഗതി സീരിയലാണെന്ന് കേട്ടപ്പോഴേ പോയിക്കഴിഞ്ഞിരുന്നു. അവസാനം വരെ കമ്മറ്റിക്കാരും കുറെ പെണ്ണുങ്ങളും പിള്ളേരുമേ ഉണ്ടായിരുന്നുള്ളൂ. പറഞ്ഞപോലെ ആ ഷൂട്ടിങ് ദിനം വന്നെത്തി, സാധ്യദിവസമായിട്ടും അന്നത്തെ തിരുനാളിൽ പതിവിലും കൂടുതൽ ആളുകളെത്തിയിട്ടുണ്ട്. കുളിച്ചു വൃത്തിയായി വെളുപ്പും വെടിപ്പുമുള്ള വസ്ത്രങ്ങളാണ് എല്ലാവരും അണിഞ്ഞിരുന്നത്. വലിയ നോമ്പിലേക്ക് കടക്കുന്നതിനു മുന്നോടിയായി പശ്ചാത്തപിച്ച് ചാക്കുടുത്തു ചാരംപൂശി നിസ്വരാകേണ്ട തിരുനാളിന്റെ പ്രാധാന്യമൊക്കെ അവർ ബോധപൂർവ്വം മറന്നു. മിക്കവരും നെറ്റിയിലെ അച്ചന്റെ ചിട്ടയില്ലാത്ത ചാരം പൂശൽ ഒഴിവാക്കാനായി, തലേന്നുതന്നെ ഉണങ്ങിയ കുരുത്തോലകൾ കരിച്ച് ചാരമുണ്ടാക്കി എണ്ണയിൽ കുഴച്ച്, രാവിലെ കുളിച്ചു കണ്ണെഴുതുന്നതുപോലെ ഈർക്കിൽ കൊണ്ട് നെറ്റിയിൽ വടിവൊത്ത കുരിശടയാളങ്ങൾ രൂപപ്പെടുത്തിയിരുന്നു. അത് കണ്ടതോടെ അച്ചനും തിരിച്ചറിവുണ്ടായി, ചടങ്ങിന്റെ പ്രധാന ഭാഗമായ ചാരംപൂശലിന് ആളുകൾ നിരനിരയായി എത്തിയപ്പോൾ, ചാരപ്പാത്രത്തിൽ പെരുവിരൽ മുക്കിയിട്ട് ആളുകളുടെ നെറ്റിയിൽ മുട്ടാതെ കുരിശുവരയ്ക്കുന്നതു പോലെ അഭിനയിച്ചു. ആളുകളും കുരിശു നെറ്റിയിൽ വരയ്ക്കപ്പെടുമ്പോൾ കിട്ടുന്ന അനുഭൂതിയും ചൈതന്യവും സംതൃപ്തിയും മുഖത്തും, വണക്കം അംഗചലനങ്ങളിലും പ്രകടിപ്പിച്ചു. ചില അമ്മച്ചിമാരുടെ അമിതാഭിനയം ഒഴിവാക്കിപ്പറഞ്ഞാൽ വിശ്വാസികളും അച്ചനുമൊക്കെ അപ്പോഴേ നല്ല അഭിനയം തുടങ്ങിയെന്ന് സാരം...!.

കുർബ്ബാന കഴഞ്ഞയുടനെ പുട്ടിന് ആവികേറിയ പോലെ... വെള്ളവസ്ത്രധാരികൾ മൂന്നു വാതിലുകളിലൂടെയായി പുറത്തേക്കൊഴുകുന്നത് കുരിശടിയിൽ തയാറാക്കി വെച്ചിരുന്ന ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തുകൊണ്ടിരുന്നു. മുണ്ടും ജുബ്ബയുമിട്ട കഷണ്ടിത്തലയന്മാരിൽ ചിലരൊക്കെ വിഗ്ഗ് വെച്ചിട്ടുണ്ടെന്നു തോന്നി. സെറ്റുസാരിയുടുത്ത അമ്മച്ചിമാരും ചെറുപ്പക്കാരികളും പൂച്ചവാലിനോളംപോന്ന മുടിപോലും ഷാബുവിട്ടു ഭംഗിയാക്കി വിടർത്തിയിട്ടിരിക്കുന്നു. ഉള്ള ആഭരണങ്ങളൊക്കെ ആണുങ്ങളും പെണ്ണുങ്ങളും വാരിവലിച്ചിട്ടിട്ടുണ്ട്.  ആൺകുട്ടികൾ തുമ്പികളേപ്പോലെയും പെൺകുട്ടികൾ പൂമ്പാറ്റകളേപ്പോലെയും പള്ളിമുറ്റമാകെ പാറിപ്പറന്നുനടക്കുന്നു. അവരെ നിയന്ത്രിക്കാതെ ക്യാമറകൾക്ക് ഇരയാകാൻ മാതാപിതാക്കൾ മനപ്പൂർവ്വം വിട്ടുകൊടുത്തിരിക്കുന്നു!. ക്രിസ്തുവിന്റെ മണവാട്ടികൾക്ക് പ്രത്യേകിച്ച് മാറ്റമൊന്നും വേണ്ടിവന്നില്ല, അവർ വെള്ളക്കൂണുകൾ പോലെ അവിടിവിടെ കാണപ്പെട്ടു!. അച്ചൻപോലും പുത്തൻകുർബ്ബാനയ്ക്ക് തയ്പ്പിച്ച ഏറ്റവും നല്ല ളോഹയാണ് ഇട്ടുവന്നേക്കണത്!. തൊട്ടടുത്ത ബാലികാഭവനിലെ അനാഥകുട്ടികൾ പതിനാറുപേരും വന്നിട്ടുണ്ട്. കോളജിലും സ്‌കൂളിലുമൊക്കെ പഠിക്കുന്നവരാണേലും എല്ലാവർക്കും ഒരുപോലുള്ള ഡ്രെസാണ്, സെറ്റുപാവാടയും ബ്ലൗസും. കസവിന്റെ നിറമൊക്കെ മാറിത്തുടങ്ങിയെങ്കിലും, ഇക്കാര്യമറിഞ്ഞപ്പോഴേ അത് അലക്കി തേച്ചുവച്ചിരുന്നു. രണ്ടുരണ്ടര കൊല്ലത്തെ പഴക്കമുണ്ടേലും ഇപ്പൊ ഉപകാരമായി, അന്നൊരു അനാഥപ്രവാസി വിവാഹത്തിന് മുന്നോടിയായി വാങ്ങിക്കൊടുത്തതാണ്, കൂടാതെ വയറുനിറച്ചു ബിരിയാണിയും കൊടുത്തു.

കുരിശടിയിലേക്ക് ഇറങ്ങാനുള്ള പടിക്കെട്ടിനു മുകളിൽ നീളൻ കയർകെട്ടി പ്രവേശനം തടഞ്ഞിരുന്നു, ഷൂട്ടിങ് നടക്കുന്ന ഇടമാണെന്ന കാര്യം ഓർക്കാതെ ആരെങ്കിലും അങ്ങോട്ടേക്ക് പ്രവേശിച്ചാലോന്ന് വിചാരിച്ചിട്ടാകും. സാധനസാമഗ്രികളൊക്കെ യഥാസ്ഥാനത്ത് നിരത്തി യൂണിറ്റിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ആളുകൾ അതൊന്നും ശ്രദ്ധിക്കുന്നതായി ഭാവിക്കുന്നില്ല. ചുരുക്കം ചില പയ്യന്മാർ മരത്തിനുമറഞ്ഞുനിന്ന് ഏറുകണ്ണിട്ടു നോക്കുന്നുണ്ട് പക്ഷെ അവരാരും ഫീൽഡിൽ വരുന്നില്ല, വരുന്നവരൊക്കെ ക്യാമറയ്ക്കുള്ളിലാവുന്നുമുണ്ട്..!. കുരിശടിയുടെ തെക്കേ മൂലയ്ക്ക് വാകമരത്തിന്റെ ചുവട്ടിലുള്ള വലിയ കുടയ്ക്കുകീഴിലെ ചാരുകസേരയിൽ മമ്മൂട്ടിയുടെ ഡ്യൂപ്പ് ഇരിക്കുന്നു. അടുത്ത് ആശ്രിതരാരും ഭവ്യതയോടെ നിൽക്കുന്നില്ല..! കുശലം പറയുന്നില്ല!. ഇതൊന്നുമല്ലല്ലോ യഥാർഥ മമ്മൂട്ടിയോടുള്ള സമീപനം. ഒരു വേടമുടിയൻ ചിരിച്ചുകൊണ്ട് പറഞ്ഞു, "പാവം...! മേക്കപ്പ് ഒണങ്ങിപ്പോകാതിരിക്കാനാരിക്കും കൊടയ്ക്കുകീഴേ ഇരുത്തിയേക്കണേ...!" "അല്ലേടാ... എങ്ങാനും മഴപെയ്താ പുട്ടി ഒലിച്ചു പോകാതിരിക്കാനാ...!" പാന്റ് കളസത്തിനുതാഴെപ്പൂട്ടിയ അപരന്റെ പരിഹാസം ഒരു പടികൂടി ഉയർന്നുനിന്നു. സെമിത്തേരിയുടെ പടിഞ്ഞാറേ മൂലയ്ക്ക് നിന്ന് ചില പെണ്ണുങ്ങൾ ചിത്രീകരണം കാണുന്നുണ്ട്. അവര് ശ്രദ്ധിക്കുന്നത് ആ പിങ്ക് ഫ്രോക്കണിഞ്ഞ സുന്ദരിക്കുട്ടിയേയാണ്, അവളാണല്ലോ കേന്ദ്രകഥാപാത്രം. "ഇതുപോലെ തന്നെയൊള്ള ഫ്രോക്ക് എന്റെ ചേച്ചീടെ മോൾക്കുണ്ട്, അവരങ്ങു സിംഗപ്പൂരിലാ...! അടുത്ത അവധിക്കു വരുമ്പോ ചെറുതാകുവാണേൽ എന്റെ മോൾക്ക് കൊടുക്കാന്ന് പറഞ്ഞിട്ടുണ്ട്" "ഓ... ഇതൊക്കെ ഒറ്റ അലക്കിനു പോകൂന്നേ... എല്ലാം ഡ്യുപ്ലിക്കേറ്റല്ലേ...!" കൂടെയുള്ളവൾ അവളുടെ കുശുമ്പ് മറുപടിയിലൂടെ പ്രകടിപ്പിച്ചു!. പ്രത്യേകിച്ചു പണിയൊന്നുമില്ലാത്തവരാണ് ഇങ്ങനെ അതുമിതും പറഞ്ഞു ചുറ്റിപ്പറ്റി നിൽക്കുന്നെ, അല്ലാത്തവരൊക്കെ വൈകാതെ സ്ഥലംവിട്ടിരുന്നു.

രണ്ടുമൂന്നു റീ-ടേക്കുകൾ സംവിധായകൻ ഹാൻഡ് മൈക്കിലൂടെ വിളിച്ചുപറയുന്നത് കേട്ടപ്പോഴേക്കും ആ ചുറ്റിപ്പറ്റി നിന്നവരുംകൂടി പിരിഞ്ഞുപോയി. ഓർഫനേജിലെ കുട്ടികൾ അവരുടെ കോംബൗണ്ടിൽ കേറി കുറച്ചുനേരം കൂടി നോക്കിനിന്നു. അവരും പോയിക്കഴിഞ്ഞപ്പോൾ അവിടെയാകെ  ഷൂട്ടിങ് യൂണിറ്റു മാത്രമായി; യാതൊരു ശല്യവുമില്ല... നിയന്ത്രണവും വേണ്ട... പൊലീസും വേണ്ട... പട്ടാളോം വേണ്ട...!. അച്ചൻ മാത്രം കാപ്പികുടിയൊക്കെ കഴിഞ്ഞ് പള്ളിമുറിയുടെ മൂലയ്ക്കുള്ള മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ കസേരയിൽ ഇരുന്നു വീക്ഷിക്കുന്നു... സംരക്ഷകനെപ്പോലെ!. കുരിശടിക്ക് തെക്കുകിഴക്കായാണ് ബാലികാഭവൻ. അതിന്റെ രണ്ടാം നിലയിലെ വരാന്തയുടെ വടക്കുപടിഞ്ഞാറേ അറ്റത്തുള്ള ജനാലയിലൂടെ അഞ്ചാറ് കുട്ടികൾ ഷൂട്ടിങ് നോക്കിനിൽക്കുന്നുണ്ട്, അതിൽ ഏറ്റവും ചെറിയതിൽ രണ്ടാമത്തവളാണ് മരിയാഗൊരേറ്റി. ഇരുനിറവും വട്ടമുഖവും വിടർന്ന കണ്ണുകളും മുതുകിനു താഴെവരെ നീണ്ട മുടിയുമുള്ള അവളെ എല്ലാരും മരിയക്കുട്ടിന്നാ വിളിക്കാറ്..!. അവൾക്ക് കൊറേനാള് മുതലേ മമ്മൂട്ടിയോട് വല്യ ആരാധനയോ... ഇഷ്ടോ ഒക്കെയാണ്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോ 'കറുത്ത പക്ഷികൾ' സിനിമ കണ്ടതിൽപ്പിന്നെ തുടങ്ങിയതാ. ഇപ്പൊ അഞ്ചാം ക്ലാസിലായി എന്നിട്ടും ആ ഇഷ്ടം കൂടുന്നതല്ലാതെ കുറയുന്നില്ല...!. കൂട്ടുകാരികളൊക്കെ അതുപറഞ്ഞു കളിയാക്കാറുണ്ട്. പത്രത്തിൽ വരുന്ന മമ്മൂട്ടിയുടെ ഫോട്ടോയൊക്കെ വെട്ടിയെടുത്ത് സൂക്ഷിക്കും. ഒരുദിവസം ഈ കാര്യം ആരോ പറഞ്ഞ് മദറ് അറിഞ്ഞു, അവളെ വിളിപ്പിച്ചു ചോദ്യം ചെയ്തു.

"മദറമ്മേ... അയ്യാള് കൊറേ പാവങ്ങളെയൊക്കെ സഹായിക്കണൊണ്ടെന്നാ എല്ലാരും പറയണേ... എനിക്കെപ്പഴെങ്കിലും കാണാൻ പറ്റിയാ... നമ്മടെ വെഷമൊക്കെ പറഞ്ഞാ സഹായിക്കിയേലേ...! അതോണ്ടാ എനിക്കിഷ്ടം". അപ്പോഴത്തെ രക്ഷയ്ക്ക് അങ്ങനെ പറഞ്ഞന്നേയുള്ളൂ. അവളുടെ മറുപടിയെ അവർ മുഖം കോടിച്ച ഒരു പരിഹാസച്ചിരിയോടെ തള്ളിയതല്ലാതെ, ശിക്ഷാനടപടിയൊന്നും എടുത്തില്ല. ഇപ്പൊ അവള് ശ്രദ്ധിക്കുന്നതു മുഴുവൻ മമ്മൂട്ടിയുടെ ഡൂപ്പിനേയാ... അടുത്തു നിക്കണ നാലാം ക്ലാസുകാരി ക്ലാര പറഞ്ഞു, "ചേച്ചി ആ ഡ്യൂപ്പിന്റെ കൂടെനിന്ന് ഒരു ഫോട്ടോ എടുക്ക്... നമ്മക്ക് ഇതറിയാത്ത ആരെയെങ്കിലുമൊക്കെ കണ്ടുപിടിച്ചു കാണിക്കാന്നേ..." പിറക്കുമ്പഴേ അമ്മത്തൊട്ടിലിലൊക്കെ ഉപേക്ഷിച്ച കുട്ടികളായകൊണ്ട്  കന്യാസ്ത്രീകൾതന്നെയാ പേരിടുന്നത്, അതാ എല്ലാ പിള്ളേർക്കും പുണ്യാളത്തികളുടെ പേര്- അവള് മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും എന്തോ തീരുമാനിച്ചുറച്ചിരുന്നു. ബാക്കി കുട്ടികൾ കാഴ്ച മതിയാക്കി സ്‌കൂളിൽ പോകാനായി ഒരുങ്ങാൻ വിളിച്ചപ്പോൾ, വയറു വേദനയാണെന്ന് പറഞ്ഞവൾ ഒഴിവായി. കൂട്ടുകാരികളിൽ ആരോ അടക്കം പറഞ്ഞത് ഇത്തിരി ഉച്ചത്തിലായിപ്പോയി, "ഇതവളടെ അടവാ..." ഈ കുട്ടികൾ ഒരുദിവസം സ്‌കൂളിൽ പോകാതിരുന്നാൽ അന്വഷിക്കാനോ ഉന്തിതള്ളിവിടാനോ ആരും മെനക്കെടാറില്ല, ആരാന്റെ പശു പുല്ലുതിന്നാലെന്നാ തിന്നില്ലേലെന്നാ..!. ഉച്ചവരെയവൾ ആ ജനാലയഴികളിൽ പിടിച്ചുകൊണ്ട് അങ്ങനെതന്നെ നിന്നു. മനസ്സിലൂടെ എന്തൊക്കെ മായക്കാഴ്ചകൾ... ആഗ്രഹങ്ങൾ... പ്രതീക്ഷകൾ  കടന്നുപോയിട്ടുണ്ടാവും...!. 

കത്തിജ്വലിക്കുന്ന സൂര്യൻ കുരിശടിക്ക് നേരെ മുകളിലെത്തിയപ്പോൾ ഹാൻഡ് മൈക്കിലൂടെ 'പായ്‌ക്കപ്' എന്നുകേട്ടു, അവള് വിചാരിച്ചത് ഉച്ചയൂണിനു പോകുവാണെന്നാണ്‌. ട്രാക് ആൻഡ് ട്രോളി, ക്രയിൻ ഒക്കെ അഴിക്കാൻ തുടങ്ങുന്നത് കണ്ടപ്പോൾ സംശയമായി. ഉടനെ സ്റ്റഡിറൂമിൽ പോയി അവളുടെ മേശവലിപ്പിൽനിന്നും തുണ്ടുകടലാസിൽ എന്തോ എഴുതി ചുരുട്ടിപ്പിടിച്ചു. താഴെയിറങ്ങി ചുറ്റുപാടും നോക്കിക്കൊണ്ട്, ശബ്ദമുണ്ടാക്കാതെ ഗെയ്റ്റുതുറന്ന് ഷൂട്ടിങ് സ്ഥലത്തേക്ക് നടന്നു. മമ്മൂട്ടിയുടെ ഡ്യൂപ്പ് പഴയ ഇരിപ്പിടത്തിൽ ഫോണിൽ എന്തോ നോക്കിക്കൊണ്ടിരിക്കുന്നു. ഒന്നുരണ്ടു ലൈറ്റ് ബോയ്സ് ഒക്കെയേ അതിനടുത്തുള്ളൂ, ബാക്കിയുള്ളവരൊക്കെ പായ്ക്കിങ്ങിന്റെ തിരക്കിലാണ്. ജൂനിയർ ആർട്ടിസ്റ്റുകൾ, ടെക്‌നീഷ്യൻസ് ഒക്കെ പോകാനുള്ള തിരക്കിൽ അവരവരുടെ ബാഗുകളും സാധനങ്ങളും വേർതിരിച്ചെടുക്കുന്നു. അച്ചൻ ടോയിലെറ്റിന്റെ പുതുക്കിപ്പണിയേക്കുറിച്ച്‌ പ്രൊഡക്ഷൻ കൺട്രോളർക്ക് വിശദീകരിച്ചുകൊടുക്കുന്നു. പ്രധാന താരമായ വെളുത്തുതുടുത്ത സുന്ദരിക്കുട്ടി ഡാഡിയുടേയും മമ്മിയുടേയും കൂടെ യാത്രപറഞ്ഞുകൊണ്ട് സെറ്റിലാകെ ഓടിനടക്കുന്നു. മിക്കവരും അവളുടെ കോമളമായ കവിളിൽത്തട്ടി അഭിനന്ദനങ്ങളും ആശംസകളും നേരുന്നു ചുംബനം നൽകുന്നു, ഡ്യൂപ്പിനും കെട്ടിപ്പിടിച്ചു ഉമ്മകൊടുത്തു. അവൾ പോകുന്നതുവരെ മരിയക്കുട്ടി ഗെയ്റ്റിന്റെ തൂണിനു പിറകിൽ മറഞ്ഞുനിന്നു... അപകർഷതാബോധം കൊണ്ടാവാം. എന്നിട്ട് പരുങ്ങി പരുങ്ങി ഡ്യൂപ്പിന്റെ ചെവിയുടെ അടുത്തേക്കു ചെന്നുപറഞ്ഞു, -അയാൾ ഇരുന്നതുകൊണ്ട് അവളുടെ പൊക്കം കൃത്യമായിരുന്നു.

"അങ്കിളേ എന്റെ ഏറ്റോംവല്യ ആശയാരുന്നു... മമ്മൂട്ടി അങ്കിള് എന്നെയൊന്ന് എടുക്കണോന്നും... കൂടെനിന്നൊരു ഫോട്ടോയെടുക്കണോന്നും, അതൊന്നും ജന്മത്ത് നടക്കൂന്നു തോന്നണില്ല. ആത്മാർത്തായിട്ടു ആഗ്രയിച്ചു പാർഥിച്ചാ മാതാവ് നടത്തിത്തരൂന്നൊക്കെ മദറമ്മ വെറുതേ പറയണതാ...!. അങ്ങനാരുന്നേ അൽഫോൻസാചേച്ചി പിന്നേം ഞങ്ങടെകൂടെ വന്നു നിക്കിയേലാഞ്ഞല്ലോ...!" അയാൾ പുരികമുയർത്തിക്കൊണ്ട് ചോദ്യരൂപേണ ഗൗരവത്തിൽ മൂളി, "അതേ... ചേച്ചിക്ക് നല്ല കുടുംബജീവിതം കിട്ടാൻ കല്യാണത്തിന്റെ തലേന്നുവരെ ഞങ്ങളെല്ലാരും ഈ ഗ്രോട്ടോയിവന്ന് മുട്ടുകുത്തി പ്രാഥിച്ചതാ. ഞാനും ക്ലാരെയൊക്കെ ഒടിഞ്ഞുവീണുകിട്ടിയ മെഴുകുതിരികളൊക്കെ ഉരുക്കിപ്പിടിപ്പിച്ച് ആരുംകാണാതെ ഇവിടെകൊണ്ടുവന്നു കത്തിച്ചതാ... എന്നിട്ടെന്നാ ഫലം...?. കാര്യം ആ ചേട്ടൻ കാശൊന്നും മേടിക്കാതെയാ കെട്ടിയേ... ഞങ്ങക്കൊക്കെ വയറുനറച്ചു മീൻകറീം എറച്ചിക്കറീം ഒക്കെക്കൂടി ഊണും തന്നു. പക്ഷെ ആറുമാസം കഴിഞ്ഞപ്പോ ആ കഞ്ചാവടിയൻ ചേച്ചിയെ ഇവടെക്കൊണ്ടാക്കീട്ടുപോയി...!. ദ്ദേ... ഇപ്പൊ ഞങ്ങടെ കൂടെ ഒരാളൂടെ വരാമ്പോകുവാ... പെങ്കുട്ടിയായാ മതിയാരുന്നു പയിനേഴാമത്തെ നമ്പര് കൊടുക്കാല്ലോ...!". അയാൾ ഒഴുക്കൻ മട്ടിൽ ചോദിച്ചു, "എന്നിട്ട് നിങ്ങടെ മദറ് പരാതിപ്പെട്ടൊന്നുമില്ലേ...?" അവൾ നിസ്സംഗഭാവത്തിൽ കൈമലർത്തിക്കാണിച്ചു, പെട്ടെന്ന് എന്തോ ഓർമ്മവന്നപോലെ ആശ്ചര്യപൂർവ്വം വായപൊത്തിക്കൊണ്ട് ചോദിച്ചു, "അപ്പൊ അങ്കിളിന് വർത്താനം പറയാവോ...! പല്ലിനെടേൽ തിരുകിവച്ചേക്കണതൊക്കെ പോകിയേലെ...? പക്ഷെ... ഒച്ച മമ്മൂട്ടീനെപ്പോലെയാണല്ലോ...! "ഷൂട്ടിങ് കഴിഞ്ഞില്ലേ... തിരുകിവച്ചിരുന്നതൊക്കെ എടുത്തുമാറ്റി... പിന്നെ ഞങ്ങള് മിമിക്രിക്കാരല്ലേ... സ്വരം മാറ്റി സംസാരിക്കാനൊക്കെ പഠിച്ചിട്ടുണ്ട്"

അപ്പോഴേക്കും മേയ്ക്കപ്പ്‌മാന്റെ സഹായി വന്നുപറഞ്ഞു, "സാറേ... ക്യാരവാൻ വന്നിട്ടുണ്ട്... പോയാലോ...? ഈ കൊച്ചിനെ അച്ചനോട് പറഞ്ഞ്  ഓടിച്ചുവിട്ടേക്കാം അല്ലേ ചിലപ്പോ പുലിവാലാകും...! അതിന് മനസ്സിലായീന്നാ തോന്നണേ...!". അയാൾ അവനെ ആഗ്യംകൊണ്ട് വിലക്കി. "അങ്കിളേ... ഓടിക്കുവൊന്നും വേണ്ട, ഞാനിപ്പോ പൊക്കോളാം ചേർത്തുനിർത്തി ഒരു ഫോട്ടോ എടുത്തിട്ട്..." അവൾ അത് മുഴുവിപ്പിക്കാതെ ദൃതിയിൽ തുണ്ടുകടലാസ്സ്‌ നേരേനീട്ടിക്കൊണ്ട് ബാക്കികൂടെ പറഞ്ഞു, "ഞങ്ങടെ അടുക്കളേനിക്കണ ചേച്ചീടെ നമ്പരാ... ഇതിലേക്ക് അയച്ചാമതി. ചേച്ചിയാരോടും പറയിയേല... എന്നോടിച്ചിരി ഇഷ്ടക്കൂടുതലൊള്ളോണ്ടല്ലേ, ഗോതമ്പുകഞ്ഞി വിളമ്പുമ്പോ തേങ്ങാപ്പീരയൊള്ളടം നോക്കിയൊഴിച്ചുതരുന്നേ...!. വേറെയാരേം കാണിക്കാനൊന്നുമല്ല... എനിക്ക് വെഷമം വന്നാലും സന്തോഷം വന്നാലും ചേച്ചീടെ അടുത്തുചെന്നാ കാണാവല്ലോ... എല്ലാരും ബന്ധുക്കടെയൊക്കെ അടുത്തു പൊകുവേം കാന്നുവേം പറയുവേം ഒക്കെ ചെയ്യണപോലെ...!" അതുകേട്ടപ്പോൾ അയാളുടെ മുഖഭാവം മാറി, കസേരയിൽ നിന്നും എഴുന്നേറ്റിട്ടു കൈനീട്ടിക്കൊണ്ട് പറഞ്ഞു, "ഇങ്ങു വാ... ഞാൻ എടുക്കാം..." അവളുടെ മുഖം പൂർണ്ണചന്ദ്രനേപ്പോലെ വിടർന്നു... ഉടനെ പിറകോട്ടുതിരിഞ്ഞ്‌ കുഞ്ഞുടുപ്പിന്റെ അറ്റംപൊക്കി പാവാടയുടെ ഉറപ്പിക്കലിൽ എന്തോ അറ്റകുറ്റപ്പണി നടത്തി, എന്നിട്ട് രണ്ടുകയ്യും ഉയർത്തിപ്പിടിച്ച് നേരേ ചെന്നു. 

അവളെ പൊക്കിയെടുക്കുമ്പോൾ അയാൾ ചോദിച്ചു, "തിരിഞ്ഞുനിന്നു എന്താ ചെയ്തേ..?" അവൾ അൽപം ജാള്യതകലർന്ന ചിരിയോടെ അയാളുടെ ചെവിയുടെ അടുത്തേക്ക് ചുണ്ടുകൾ അടുപ്പിച്ചു പറഞ്ഞു, "അതേ... ആരോടും പറയല്ലേ... അലക്കിയലക്കി ഈ പാവാടേടെ കൊളുത്തൊക്കെ പറിഞ്ഞുപോയി... നല്ല തുണിയൊക്കെ കുത്തിപ്പിഴിഞ്ഞാ മതീന്ന് ട്രീസാചേച്ചി എത്രപറഞ്ഞാലും ഞങ്ങള് കേക്കിയേല, കല്ലേലിട്ട് അടിക്കും അങ്ങനെ പോയതാ, സൂജീം നൂലുവൊക്കെ അവരടെ കയ്യിലേയൊള്ളൂ തൈച്ചുതരാൻ പറഞ്ഞോണ്ട് ചെന്നാ നല്ല വഴക്കുകിട്ടും. അൽഫോൻസാ ചേച്ചിയോട് ഒരു പിന്നുമേടിച്ചു കുത്തിവെച്ചേക്കുവാ... ആ പിന്നെങ്ങാനും തുറന്നിരിക്കുവാണേ അങ്കിളിന്റെ ദേഹത്തുകൊള്ളിയേലേ...!. മമ്മൂട്ടിയല്ലേലും എന്നേയൊന്ന് എടുക്കാൻ തോന്നിയ ആളല്ലേ... വേദനിപ്പിക്കണത് ശരിയാണോ...? അതോണ്ട് ഒന്നൂടെ ചെക്ക്ചെയ്തതാ... കൊഴപ്പയില്ല... പേടിക്കണ്ട കേട്ടോ...!" അയാൾ അവളുടെ നെറുകയിലും ഇരുകവിളിലും മുത്തം നൽകി, താഴെയിറക്കുമ്പോൾ രണ്ടാളുടേയും കണ്ണ് നിറഞ്ഞിരുന്നു... വിരുദ്ധവികാരങ്ങൾക്കൊണ്ടായിരുന്നെന്ന് മാത്രം...!. "ഇനിയൊരു ഫോട്ടോയുംകൂടി.." അവള് കെഞ്ചി "മോൾക്ക് അതിന്റെ പ്രിന്റ് കൂടി എടുത്തുതന്നാ കൊഴപ്പോണ്ടോ..?" അവൾ ആശ്ചര്യംകൊണ്ട് വായതുറന്നു നിന്നുപോയി...! അത്രയ്ക്കൊന്നും പ്രതീക്ഷിച്ചതേ ഇല്ലായിരുന്നു. അയാൾ അടുത്തുനിന്ന പയ്യനെ വിളിച്ച് ക്യാരവനിൽ നിന്നും തന്റെ സ്വകാര്യ ക്യാമറ വരുത്തി, പല പോസിൽ രണ്ടുപേരും ചേർന്നുള്ള ഫോട്ടോകൾ എടുപ്പിച്ചു. അതിൽ ഒരെണ്ണം അവളെ തലയ്ക്കുമുകളിൽ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ളതായിരുന്നു. അയാൾ അതിൽ കുറെ നല്ല ഫോട്ടോകൾ ആർക്കോ അയച്ചുകൊടുത്തിട്ട് ഉടനെ കോപ്പിയെടുത്തുകൊണ്ടു വരാൻ പറഞ്ഞു.

"മോൾക്ക് ഊണ് കഴിക്കാറായോ...? ഒരു പത്തുമിനിറ്റ് വെയിറ്റ് ചെയ്താൽ ഫോട്ടോ കൊണ്ടുപോകാം" "അതിന് കഞ്ഞിമണി അടിച്ചില്ലല്ലോ...? അല്ലേലും സ്‌കൂള് വിട്ടിട്ടുപോലുമില്ല...!" അവൾ ഇത്തിരികൂടി അടുത്തേക്കു നീങ്ങിനിന്ന് അച്ചൻ കേൾക്കുന്നുണ്ടോന്ന് ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു, "ഇപ്പൊ ഉച്ചക്കും കഞ്ഞിയാ... ഇന്നാള് പ്രാർഥനാമുറീലെ മീറ്റിംഗില് മദറമ്മ പറഞ്ഞാരുന്നു, കേന്ദ്രസർ‌ക്കാരിന്റെ ഏതാണ്ട് പുതിയ നെയമങ്ങളൊക്കെ വന്നെന്നും, അതോണ്ട് ഞങ്ങളെ സഹായിച്ചോണ്ടിരുന്ന മൊതലാളിമാരൊക്കെ ടാക്സോ രേഖകളോ ഒക്കെ കാണിക്കണോന്നും പറഞ്ഞു ഒഴിവായീന്നും, വിദേശത്തൂന്നുള്ള സഹായവൊക്കെ സക്കാര് നിർത്തിച്ചൂന്നും, ഇതുപോലത്തെ കൊറേ ബാലഭവനുകളൊക്കെ അടച്ചുപൂട്ടീന്നും; എല്ലാരും നല്ലപോലെ ചെലവ് ചുരുക്കിയില്ലേൽ ഇതും അടച്ചുപൂട്ടൂന്നുമൊക്കെ". അത്രയും എന്തിനെയോ ഭയപ്പെട്ടിട്ടെന്നപോലെ ഒറ്റശ്വാസത്തിൽ പറഞ്ഞു. "ഞാനും ട്രീസേച്ചീം ക്ലാരേം കൊച്ചുത്രേസ്യേം അൽഫോൻസാചേച്ചീയൊക്കെ വേറെവേറെയാകണ കാര്യം ഓർക്കാനേ പറ്റണില്ല!. മദറമ്മ പറഞ്ഞ എല്ലാവോന്നും മനസിലായില്ലേലും ക്ലാര പറഞ്ഞപോലെ 'ഉച്ചയ്ക്കത്തെ ചോറും കൂട്ടാനും കൂടി കഞ്ഞീം അച്ചാറുവായി കിട്ടി'!. ഇപ്പൊ സന്ധ്യാപ്രാർഥന കഴിഞ്ഞൊള്ള മൗനപ്രാര്‍ഥനേല് ഞങ്ങളൊക്കെ അപേശിക്കണത് കഞ്ഞിയാണേലും വേണ്ടില്ല ഇത് അടച്ചുപൂട്ടിക്കെല്ലേന്നാ...!" അവള് ചുറ്റുപാടും നോക്കിക്കൊണ്ട് വായപൊത്തി വിളറിച്ചിരിച്ചു...!. ഇതൊന്നും പുറത്താരോടും പറയരുതെന്ന് കർശന നിർദ്ദേശം കൊടുത്തിട്ടുണ്ടാകും അധികൃതർ, പരസ്യമായാൽ... വാർത്തയായാൽ... 'ഇരിക്കുംകൊമ്പു മുറിക്കുപോലെയാകും' കാര്യങ്ങൾ.

അപ്പോഴേക്കും ഫോട്ടോയെത്തി, അവൾ ആ അഞ്ചെണ്ണവും ഉടുപ്പിനകത്ത് ഭദ്രമായി തിരുകി പോകാൻ തയാറായി നിന്നു. എന്തോ ബാക്കിവെച്ചതുപോലെ  തിരിഞ്ഞുനിന്ന് ഇത്തിരി ചമ്മലോടെ ചോദിച്ചു, "ആ കുട്ടി തന്നപോലെ ഞാനും ഒരു ഉമ്മ തന്നോട്ടെ..?" അയാൾ സന്തോഷത്തോടെ കുനിഞ്ഞു നിന്നുകൊടുത്തു. അവൾ അടുത്തുചെന്ന് ദേഹത്ത് അധികം മുട്ടാതെ കവിളിൽ ഉമ്മകൊടുത്തു. എന്തോ നിധികിട്ടിയത് ആരും തട്ടിപ്പറിക്കാതിരിക്കാനെന്നോണം ഇരുകൈകളും വയറിനുമുകളിൽ അമർത്തിപ്പിടിച്ചുകൊണ്ട് ഓടാൻ ഭാവിച്ചു. അയാൾ ചോദിച്ചു, "ഇനി ഫോട്ടോസ് ഒക്കെ കാണിച്ചിട്ട് കൂട്ടികാരികളോട് എന്നാ പറയാൻ പോണേ..?" "ഞാൻ നൊണയൊന്നും പറയണില്ലങ്കിളേ... ആരും വിശോസിക്കിയേല... അല്ലേലും അവരൊക്കെയെന്നെ നോണച്ചീന്നാ വിളിക്കണേ. കൊറച്ചൊക്കെ ശരിയാ... ഇന്ന് വയറുവേദനയാന്ന് കള്ളം പറഞ്ഞത് അവർക്കൊക്കെ മനസ്സിലായി...!" "എന്നാപ്പിന്നെ ഇത് നുണയാക്കണ്ട സത്യായിട്ട് പറഞ്ഞോ...!" അവൾക്കതിന്റെ ശരിക്കുള്ള പൊരുള് പിടികിട്ടിയില്ല, അവിടെ ആകപ്പാടെ പരിചയമുള്ള അച്ചനെ നോക്കി. അദ്ദേഹം അവളെ അരികിലേക്ക് വിളിച്ച് രഹസ്യരൂപേണ പറഞ്ഞു, "ഇത് ശരിക്കും മമ്മൂട്ടിയങ്കിള്തന്നെയാ... പൊതുയോഗത്തിൽ ഞാൻ അങ്ങനെയൊക്കെ വെറുതെ പറഞ്ഞതാ. അല്ലെങ്കില് ഇത്രയും സമാധാനായിട്ട് ഷൂട്ടിങ് നടക്കുവോ...?. ഉന്തും തള്ളും, മാന്തും പിടിത്തോം, മതിലിടിക്കലും, ഫോട്ടോയെടുപ്പും...  പൊലീസും പട്ടാളോം... എന്തൊക്കെ പുകിലുകാണണാരുന്നു...! എന്തിനൊക്കെ ഞാൻ സമാധാനം പറയണാരുന്നു...?. ഇതൊന്നും എന്റെ ബുദ്ധിയല്ല, ഈ സിനിമേടെ എഴുത്തുകാരന്റെ ഐഡിയായാ!" 

"അപ്പൊ ഇത് ഭക്തസീരിയെല്ലൊന്നുവല്ലേ...?" "അല്ലന്നേ... ഇതൊരു വല്യ സിനിമേലെ ഒറ്റയൊരു രംഗം മാത്രേയുള്ളൂ, ആ സുന്ദരിക്കുട്ടീടെ പേരപ്പനായിട്ട് വേഷമിടുന്ന മമ്മൂട്ടിയങ്കിളിനെ ഇവിടെവച്ച് യാദൃച്ഛികമായി കാണുന്നു... ചിത്രത്തിന്റെ ഗതിയേത്തന്നെ മാറ്റുന്ന വഴിത്തിരിവായി അത് മാറുന്നു... ". "അപ്പൊ ഈ അച്ചന്മാരും മെത്രാന്മാരുമൊക്കെ പരിശുദ്ധരാന്നും.... നൊണ പറയില്ലെന്നും മദറമ്മ പറഞ്ഞതോ?" "അത് ശുദ്ധനുണ...!" അവിടെ കേട്ടുനിന്നവരൊക്ക പൊട്ടിച്ചിരിച്ചു. അവൾ ഒരു ശക്തിയുള്ള ദീർഘശ്വാസമെടുത്തിട്ട് ഫോട്ടോകൾ ഊർന്നുപോകാതെ മുറുകെപ്പിടിച്ചുകൊണ്ട് ഓടി. ആ ഓട്ടം നേരെയായിരുന്നില്ല ഇത്തിരി വളഞ്ഞുകറങ്ങി ഗ്രോട്ടോയുടെ മുന്നിലെ മെഴുകുതിരിപ്പാത്രത്തിന് അടിയിൽ വീണുകിടന്ന വിലകൂടിയ മെഴുകുതിരിയും റാഞ്ചിയെടുത്തുകൊണ്ടാണ്. അതിനിടയിൽ ഗ്രോട്ടോയിലെ മാതാവിനെയൊന്ന് പാളിനോക്കി... 'വൈന്നേരം വരാവേന്ന്' മന്ത്രിച്ചുകൊണ്ടുള്ള മാസ്മരിക ഓട്ടം...!. നടിയായ പെൺകുട്ടി ഷൂട്ടിങ്ങിനുവേണ്ടി കത്തിച്ചുവെച്ച മെഴുകുതിരിയായിരുന്നു, അടുത്ത ഷോട്ടിന് വലിയ ഫാൻ കറക്കിയപ്പോൾ താഴെവീണുപോയി. മരിയക്കുട്ടി നേരത്തേയത് കണ്ടതാ... മനപ്പൂർവ്വം അവഗണിച്ചതാ!. അവള് മാതാവിനോട് കെറുവായിരുന്നു... അൽഫോൻസാചേച്ചി തിരുച്ചുവന്നേപ്പിന്നെ തൊടങ്ങീതാ...!. ക്യാരവനിലേക്ക് കയറുമ്പോൾ മമ്മൂട്ടി അച്ചനെ അടുത്തുവിളിച്ച്, ഈ കുട്ടികളുടെ എല്ലാകാര്യങ്ങളും ഇനിമുതൽ തന്റെ ഓഫിസ് നോക്കിക്കോളുമെന്നു പറഞ്ഞ്, മദറിന്റെ ഫോൺനമ്പർ മേടിച്ചു. ആ വാഹനം മലഞ്ചെരുവിലൂടെ താഴേയ്ക്ക് നീങ്ങുന്നതിനനുസരിച്ച്‌  അച്ചന്റെ മനസ്സിലെ ഒരു ഭാരവും നീങ്ങിപ്പൊയ്ക്കൊണ്ടിരുന്നു... 

English Summary:

Malayalam Short Story ' Aalmarattam ' Written by Tijo Kallara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com