sections
MORE

വൈറ്റ് കോളർ ജോലി വിട്ടു ജ്യൂസ് കട തുടങ്ങി; സംഭവം സൂപ്പർഹിറ്റ്!

cool-drink
SHARE

എട്ടു വർഷത്തെ വൈറ്റ് കോളർ ജോലി സമ്മാനിക്കാവുന്ന എല്ലാ സൗകര്യങ്ങളും ഉപേക്ഷിച്ച് ഒരാൾ ‘ജ്യൂസ് കട’ തുടങ്ങുന്നതിനെക്കുറിച്ചു ചിന്തിക്കാനാകുമോ? സാധിക്കുമെന്നതിന്റെ ഉത്തരമാണു കൊച്ചി, മാത്തൂർ സ്വദേശിയായ മനു ബാബു എന്ന ഇരുപത്തിയൊമ്പതുകാരൻ. എസി ഓഫിസ് മുറിയില്ല, തൂക്കു വിളക്കുകളുടെ അലങ്കാര പ്രൗഢിയില്ല, വൈറ്റ് കോളർ ജോലിയുടെ ആകർഷണീയത ഒട്ടുമില്ല. ചക്കരപ്പറമ്പ് ജംക്​ഷനിൽ ഒരു ചെറിയ ഷെഡ്. അതാണു മനു ബാബുവിന്റെ 'യാമിസ്' ‌എന്ന ജ്യൂസ് കട. രാവിലെ 9 മണിക്കു കട തുറക്കും. പിന്നെ തിരക്കോടു തിരക്കു തന്നെ. കുടംകലക്കിയെക്കുറിച്ചു കേട്ടറിഞ്ഞെത്തുന്നവരും അല്ലാതെ വരുന്നവർക്കും മധുരം പകർന്നു നൽകാനുള്ള തിരക്ക്. അതു പതിനൊന്നു മണി വരെ നീളും. വീട്ടുകാരൊക്കെ എങ്ങനെ ഇതിനോടു പ്രതികരിച്ചു എന്ന ചോദ്യത്തിന് വളരെ ലളിതമായ എന്നാൽ, പലപ്പോഴും നാം മറന്നു പോകുന്ന ഒരു ചെറിയ കാര്യം മനു പറഞ്ഞു. ‘അവരൊക്കെ കട്ട സപ്പോർട്ടായിരുന്നു. കട്ടും മോഷ്ടിച്ചിട്ടുമൊന്നുമല്ലല്ലോ, അധ്വാനിച്ചല്ലേ ജീവിക്കുന്നത്. പിന്നെ എന്താ പ്രശ്നം?’

പണികൾ പലത്

പ്ലസ് ടു വരെയെ മനു പഠിച്ചിട്ടുള്ളൂ. പക്ഷേ, ജീവിതം ഒരുപാടു പഠിച്ചിട്ടുണ്ട്. ജീവിക്കാനായി എത്ര ജോലികൾ ചെയ്യാനും എന്തു ജോലി ചെയ്യാനും  ഒരുക്കമായിരുന്നു. അധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കിൽ‌ ജോലി ഒരുപാടുണ്ടു നാട്ടിലെന്ന അഭിപ്രായക്കാരനാണ് മനു. പഠനകാലത്തേ കല്ലു ചുമക്കലും ഹോട്ടൽ പണിയും ചെയ്തിരുന്നു. 2010ൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു കയറി. ഒപ്പമുള്ളവരിൽ നിന്നു കാര്യങ്ങൾ പഠിച്ചെടുക്കാൻ മിടുക്കനായിരുന്ന മനു ഓഫിസ് ബോയ് എന്നതിൽ നിന്നു സപ്പോർട്ടീവ് എക്സിക്യൂട്ടിവ് ആയി . പക്ഷേ, മനുവിനെ കാത്തിരുന്നതു മറ്റൊരു പരീക്ഷണമായിരുന്നു.

കാൻസർ എന്ന വില്ലൻ

അമ്മയുടെ കാൻസറാണു മനുവിന്റെ ജീവിതത്തിൽ വില്ലനായി എത്തിയത്. ‘ചികിത്സയും മറ്റും തുടങ്ങിയതോടെ ജോലിയും വീടും ഒന്നിച്ചും കൊണ്ടു പോകാൻ കഴിയാതെയായി. അമ്മയുടെ അടുത്തു ഞാൻ വേണമായിരുന്നു. അതുകൊണ്ടു ജോലി രാജി വച്ചു. പക്ഷേ, അതുകൊണ്ടൊന്നും അമ്മയെ രക്ഷിക്കാനായില്ല. 2018ൽ അമ്മ മരിച്ചു’.

യാമിസ്

‘അമ്മ മരിച്ചതിനുശേഷം പുതിയൊരു ജോലി നോക്കി. പക്ഷേ, തുടക്കക്കാരനായിട്ടേ ഇനി എവിടെയെങ്കിലും കയറാൻ തന്നെ സാധിക്കൂ. ശമ്പളവും കുറവ്. അച്ഛനും ഇതുപോലെ ഒരു ചെറിയ കടയാണ്. അപ്പോഴാണു ജ്യൂസ് കട എന്നൊരാശയം തോന്നുന്നത്. ആ തോന്നലാണ് ഒന്നര വർഷം മുൻപ് തുടങ്ങിയ ഈ യാമിസ്. ‘പ്രഫഷനൽ ജോലിക്കുണ്ടായിരുന്ന സമ്മർദ്ദമൊന്നും ഇതിനില്ല. ആരുടെയും വഴക്കു കേൾക്കണ്ട, കറുപ്പിച്ച മുഖം കാണണ്ട. ഈ ജോലി സന്തോഷമാണന്നേ’. മനു ചിരിച്ചുകൊണ്ടു പറഞ്ഞു. മനുവിന്റെ കുഞ്ഞിനെ വീട്ടിൽ വിളിക്കുന്ന പേരാണു യാമിസ് .  യാമിസ് വിളിപ്പേരാണെങ്കിൽ കുഞ്ഞിന്റെ ശരിക്കുമുള്ള പേര് അതിലും ഉഗ്രനാണ്. മൃൺമയി. മണ്ണിൽ നിന്ന് ഉണ്ടായവൾ, സീതാദേവി എന്നൊക്കെ അർഥം വരുന്ന മൃൺമയി എന്ന പേരു മനുവും ഭാര്യ വിദ്യയും ചേർന്നാണു തിരഞ്ഞെടുത്തത്.

അച്ചാറും മോരും മാസ് എൻട്രി

ഒന്നര മാസം മുൻപാണു കുടം കലക്കി എന്ന മനുവിന്റെ സ്പെഷൽ സർബത്ത് വരുന്നത്. ജ്യൂസിനായി ഉപയോഗിക്കുന്ന പഴങ്ങളൊഴിച്ചു പാനീയത്തിൽ ചേർക്കുന്ന എല്ലാ കൂട്ടുകളും മനു ഉണ്ടാക്കിയെടുക്കുന്നു. മൺകലത്തിലാണു ജ്യൂസ് തയാറാക്കുക. കുടിക്കാൻ തരുന്നതും മൺകലത്തിൽ തന്നെ. പഴമയുടെ ഓർമകൾക്കൊപ്പം കലക്കിയെടുക്കുന്ന മധുരവെള്ളത്തിൽ ഉപ്പിനും മധുരത്തിനുമൊപ്പം മനുവിന്റെ സ്നേഹവും സമം ചേരുമ്പോൾ കുടം കലക്കി ഒന്നാന്തരം പുതുമ നിറഞ്ഞ ജ്യൂസാകുന്നു. കുടം കലക്കിയെപ്പോലെ വേറെയുമുണ്ടു മനു സ്പെഷൽ വിഭവങ്ങൾ. നെല്ലിക്ക മോരും മസാല മോരും. 

നാടൻ നെല്ലിക്കയുടെ രുചി മേളമാണു നെല്ലിക്ക മോര്. പുതിയ വിഭവങ്ങളിലുള്ള പരീക്ഷണങ്ങൾ നിർത്തിയോ എന്ന ചോദ്യത്തിനു രണ്ടു ദിവസത്തിനുള്ളിൽ വരാൻ പോകുന്ന പുതിയ വിഭവത്തിന്റെ പേരു പറഞ്ഞുതന്നു മനു. 'അച്ചാറും മോരും'. കുടം കലക്കിയെപ്പോലെത്തന്നെ  'അച്ചാറും മോരും'  എന്താണെന്നറിയണമെങ്കിൽ കുടിച്ചു തന്നെ നോക്കണം. 

English Summary: Sarbath Shop in Kochi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA