പാചകം, സിനിമയിൽ അഭിനയിക്കുന്നതു പോലെയാണ് : സുധി കോപ്പ

sudhi-actor-food-talk
സുധി കോപ്പ
SHARE

കൊച്ചി പള്ളുരുത്തി സ്വദേശി സുധി കോപ്പ, സിനിമയുടെ ലേകത്തേക്ക് എത്തിയത് ഒരുപാടു കാത്തിരുന്നതിനു ശേഷമാണ്. അവസരങ്ങളുമായുള്ള വിളികൾക്കൊക്കെ ഓടിയെത്തി, എത്ര ദൂരെയാണെങ്കിലും. സിനിമയെന്ന ജീവിത ലക്ഷ്യത്തിലേക്ക് എത്തുവാൻ പല ജോലികൾ, യാത്രകൾ... അതിലൂടെ അറിഞ്ഞ രുചി അനുഭവങ്ങൾ. സിനിമയിൽ വരുന്നതിനു മുൻപ് സെയിൽസിൽ ജോലി ചെയ്തിരുന്നതു കൊണ്ട് ഓരോ ജില്ലയിലെയും തനി ലോക്കൽ സ്ഥലങ്ങളിലൂടെ ധാരാളം യാത്ര ചെയ്തിട്ടുണ്ട്. ആ യാത്രകളിലൂടെയാണ് ചെറിയ കടകളും അവ വിളമ്പുന്ന വേറിട്ട രുചികളും അറിഞ്ഞത്. ഒരു സ്ഥലത്തെ വലിയ കടകൾ എല്ലാവർക്കും അറിയാം. പക്ഷേ ഇത്തരം ചെറിയ കടകളെക്കുറിച്ച് കേട്ടറിഞ്ഞ് ഭക്ഷണം കഴിക്കാനുള്ള യാത്രകളും ഇഷ്ടമാണ്. ഫുഡ് ടോക്കിൽ സുധി കോപ്പ ഭക്ഷണവിശേഷങ്ങൾ പങ്കു വയ്ക്കുന്നു.

യാത്രയിൽ വയർ ഒരു പ്രധാന ഘടകം

യാത്രകളിൽ ഏറ്റവും ശ്രദ്ധിക്കേണ്ടതു ഭക്ഷണവും വെള്ളവുമാണ്. പണി കിട്ടാൻ സാധ്യതയുണ്ട്. നാട് കൊച്ചിയായതു കൊണ്ടാണോ എന്നറിയില്ല, മീൻ വിഭവങ്ങളാണ് ഏറെ ഇഷ്ടം. ഇവിടെ നല്ല മീൻ കിട്ടും. എന്തു വയ്ക്കുമ്പോഴും നന്നായിട്ട് വയ്ക്കുക എന്നതിലാണ് കാര്യം. ഞണ്ട് കറിവയ്ക്കുമ്പോൾ അതിന്റെ വേവ് വളരെ പ്രധാനമാണ്. കൊച്ചിയിൽ കുറേ സ്പെഷൽ വിഭവങ്ങളുണ്ട്. മീൻ മുളകിട്ടത്, മീൻ തിളപ്പിച്ചത്, ബീഫ് വിന്താലു, പോർക്ക് വിന്താലു... എല്ലാം കൊച്ചിയിൽവന്നു തന്നെ കഴിക്കണം. മീൻകറികൾ തന്നെ പല വിധമാണല്ലോ, കുടംപുളിയിട്ടത്, വാളൻ പുളിയുട്ടത്. ഒരു സത്യം എന്താണെന്നു വച്ചാൽ എനിക്ക് മര്യാദയ്ക്ക് ഒരു ചായപോലും വയ്ക്കാൻ അറിയില്ല. എന്തു പഠിക്കുന്നതും നല്ല കാര്യമാണ്, പാചകം പഠിക്കാനൊരു അവസരം കിട്ടിയിട്ടില്ല. ശ്രമിച്ചിട്ടുമില്ല. 

യാത്രകളിൽ ഭക്ഷണം കഴിക്കുന്നത് ലോറിക്കാരൊക്കെ കഴിക്കുന്ന ഹോട്ടലുകളിൽനിന്നാണ്. വലിയ ചെലവില്ലാതെ രുചിയുള്ള ഭക്ഷണം കിട്ടുന്ന കടകളായിരിക്കും ഡ്രൈവർമാരും മറ്റും തിരഞ്ഞെടുക്കുന്നത്. അതു നോക്കി കയറാം, മികച്ച ഭക്ഷണം കിട്ടും.

ജോജു വാങ്ങി തന്ന പുട്ടും താറാമുട്ടക്കറിയും പപ്പടവും!

sudhi-koppa-amen-2

നടൻ ജോജു ഭക്ഷണ പ്രേമിയാണ്. കഴിക്കാനും കഴിപ്പിക്കാനും ഇഷ്ടമാണ്. ‘ഇടി’ എന്ന പടത്തിന്റെ ഷൂട്ടിന് ജോജുവിന്റെ വീട്ടിൽ നിന്നാണ് പോകുന്നത്. രാവിലെ പോകുന്ന വഴിക്ക് അങ്കമാലിക്കും കൊരട്ടിക്കും ഇടയ്ക്കുള്ള ഒരു ചെറിയ കടയിൽനിന്ന് പുട്ടും താറാമുട്ടക്കറിയും പപ്പടവും വാങ്ങിത്തന്നു, നല്ല രുചിയാണ്. ഹൈവേയുടെ പണി നടക്കുന്ന സമയമായിരുന്നു. പിന്നീട് ആ കട കണ്ടുപിടിക്കാൻ പറ്റിയില്ല.  

ജോസഫ് സിനിമയുടെ ഷൂട്ടിങ്ങിന് ലൊക്കേഷനിലേക്കുള്ള യാത്രയിൽ കൂട്ടിക്കാനത്ത് ഒരുഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിത്തന്നു. എന്നിട്ട് നമ്മളെ കൊണ്ട് കഴിപ്പിക്കും. ഇഷ്ടമുള്ള ഭക്ഷണമാണെങ്കിലും വയറു നിറഞ്ഞുവെന്നു തോന്നിയാൽ പിന്നെ കഴിക്കില്ല. വായ്ക്ക് രുചിയാണെന്നു പറഞ്ഞ് വാരിക്കഴിക്കാൻ പറ്റാറില്ല. ജോജു ഹോട്ടലിൽനിന്ന് എല്ലാം ഓർഡർ ചെയ്യും. കഴിക്ക്, കഴിക്ക് എന്നും പറഞ്ഞ് കഴിപ്പിക്കും. ഏറ്റവും അവസാനം നമ്മുടെ ഭാഗം പൊതിഞ്ഞ് എടുക്കും, കഴിച്ചു തീർക്കാൻ പറ്റാറില്ല!

നാവിൽ വെള്ളം ഊറുന്ന കാസർകോടൻ ഔഷധക്കോഴി 

എല്ലാ സ്ഥലത്തും രുചിയുള്ള ഭക്ഷണം കിട്ടും. ഇത് എല്ലാവരെയും സന്തോഷിപ്പിക്കാൻ പറയുന്നതല്ല. തിരുവനന്തപുരത്ത് വ്യത്യസ്തമായ ഭക്ഷണങ്ങൾ കിട്ടുന്ന ധാരാളം സ്ഥലങ്ങൾ ഉണ്ട്. ചിക്കൻ, മീൻ, വെജിറ്റേറിയൻ, പരിപ്പുവട, ബോളി എല്ലാത്തിനും സ്പെഷൽ രുചിയാണ്. കൊല്ലത്തും ആലപ്പുഴയിലും അവിടുത്തെ സവിശേഷ രുചികൾ ഉണ്ട്. എറണാകുളത്ത് ടൗണിൽനിന്നു മാറി നല്ല രസികൻ ഭക്ഷണശാലകൾ ഉണ്ട്. മട്ടാഞ്ചേരിയിൽ നല്ല സൂപ്പർ ഇറച്ചിച്ചോറും ബിരിയാണിയും പൊറോട്ടയും ബീഫും  ലഭിക്കുന്ന സ്ഥലങ്ങൾ ഉണ്ട്. അതുപോലെ കാസർകോട്ട് ഷൂട്ടിങ്ങിന് പോയപ്പോൾ കഴിച്ച ‘ഔഷധക്കോഴി’. കോഴിയിറച്ചിയിൽ നാട്ടുമരുന്നു ചേർത്ത മസാല പുരട്ടി വാഴയിലയിൽ പൊതിഞ്ഞ് ചുട്ടെടുക്കുന്ന ഒരു റസ്റ്ററന്റ് കാസർകോടുണ്ട്. ഇറച്ചിപ്പൊതിക്കു പുറത്ത് ശുദ്ധീകരിച്ച മണ്ണു പുരട്ടി പന്തിന്റെ രൂപത്തിലാക്കിയാണ് ഹെർബൽ ചിക്കൻ വേവിക്കുന്നത്. വിറകടുപ്പിൽ വേവിച്ചെടുക്കുന്ന ഔഷധക്കോഴിയുടെ കെട്ടഴിച്ചാൽ അങ്ങാടിമരുന്നിന്റെ സുഗന്ധം പരക്കും. കാസർകോട് അനങ്കൂരിലുള്ള ഫക്രുദീന്റെ ചിക്കൻകടയിൽ നിന്നാണ് ഇത് കഴിച്ചത്. പാലക്കാടുകാരൻ ഫിറോസ് ചുട്ടിപ്പാറയുടെ ഫുഡ്വ്ളോഗൊക്കെ കാണാൻ ഇഷ്ടമാണ്.

യാത്ര ചെയ്യുന്നത് ഭക്ഷണപ്രിയരോടൊപ്പമാണെങ്കിൽ നമ്മളും ഫുഡ് കഴിക്കും. ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’ എന്ന പടത്തിന്റെ ഷൂട്ടിങ്ങിന് മാഹിയിൽ ഒരു വീടെടുത്ത് ഡയറക്ടർ ജോണി ആന്റണി, ബിജു മേനോൻ, അലൻസിയർ ഇവരെല്ലാം ചേർന്ന് ഒന്നിച്ചായിരുന്നു താമസം. ഇവരെല്ലാം ചേർന്നായിരുന്നു അവിടെ പാചകവും, നല്ല രസമുള്ള ഓർമയായിരുന്നു.

പാചകം, സിനിമയിൽ അഭിനയിക്കുന്നതു പോലെയാണ്. താത്പര്യം വേണം. രാവിലെ എണീറ്റ് ഇതൊക്കെ ചെയ്ത് മറ്റുള്ളവർക്ക് കൊടുക്കുക എന്നത് താത്പര്യമുണ്ടെങ്കിൽ മാത്രമേ നന്നാവൂ. ആരെയും കാണിക്കാൻ വേണ്ടിയാകരുത് ഇതൊന്നും ചെയ്യുന്നത്. ഒരു ജോലിയായിട്ടല്ല, ഇഷ്ടത്തോടെ ചെയ്യണം. എന്റെ ഒരു സുഹൃത്തുണ്ടായിരുന്നു, കൊടൈക്കനാലിനും ഊട്ടിക്കുമൊക്കെ യാത്രപോകുമ്പോൾ അവൻ നേരത്തേ എണീറ്റ് പുട്ടും ബീഫ് കറിയുമൊക്കെ ഉണ്ടാക്കിത്തരും. പമ്പിങ് സ്റ്റൗവൊക്കെ വച്ച് തണുപ്പത്താണ് ഈ പാചകം. പുള്ളിക്ക് പാചകം വളരെ ഇഷ്ടമാണ്. സോഷ്യൽമീഡിയയിലൊക്കെ ഇപ്പോൾ ഭക്ഷണത്തെപ്പറ്റിയുള്ള ധാരാളം ഗ്രൂപ്പുകളും ഉണ്ടല്ലോ. നമുക്ക് അറിയാത്ത ധാരാളം വിഭവങ്ങളെക്കുറിച്ച് അറിയാം. കഴിക്കേണ്ട സാധനങ്ങൾ മാത്രം കഴിക്കുക. വിചിത്രവിഭവങ്ങൾ കഴിച്ച് പരീക്ഷിക്കാൻ നിക്കാറില്ല.

താത്പര്യങ്ങൾ, ഹോബീസ് ഒക്കെ വരുന്നത്  അതിനുള്ള സമയം കണ്ടെത്തി ചെയ്യുമ്പോഴല്ലേ, ആകെ പ്രശ്നങ്ങളിൽ വലയുന്നവർക്ക് ഹോബിയൊന്നും നോക്കാൻ പറ്റില്ലല്ലോ? കിട്ടുന്ന സമയം ഉപയോഗിക്കുക, ലോക്ഡൗണിലും ധാരാളം കാര്യങ്ങൾ ചെയ്യാം. 

സ്വന്തം വീടുണ്ടെങ്കിൽ റേഷൻ വാങ്ങി അഡ്ജസ്റ്റ് ചെയ്തു ജീവിക്കാം. വാടകയ്ക്ക് താമസിക്കുന്നവർ, കാറ്ററിങ്, ഫോട്ടോഗ്രഫേഴ്സ്, ഹോട്ടൽ ജോലിക്കാർ തുടങ്ങിയവരൊക്കെ ബുദ്ധിമുട്ടിലാണ്. ചുറ്റും ധാരാളം പേർ ബുദ്ധിമുട്ട് അനുഭവിക്കുന്നു... ആരോടു പറയാൻ. കുറേ പേരൊക്കെ പുതിയ മേഖലകളിലേക്കു മാറുമായിരിക്കും. എനിക്കു തോന്നുന്നു ആളുകളൊക്കെ വേറേ ലെവലിലേക്കു പോകും, കുറേക്കൂടി ആലോചിച്ച് കാര്യങ്ങൾ ചെയ്യുമെന്നു തോന്നുന്നു. നല്ല മാറ്റം വരാൻ സാധ്യതയുണ്ട്. കരുതൽ കൂടാൻ സാധ്യതയുണ്ട്. വെള്ളപ്പൊക്ക സമയത്ത് എല്ലാവരെയും ബാധിച്ചിരുന്നില്ല. ഇതിപ്പോൾ സഹായം ചോദിക്കാനും കൊടുക്കാനും പറ്റാത്ത അവസ്ഥ. എന്തായാലും ലോകം മൊത്തം ഒന്നിച്ച് ഈ പ്രതിസന്ധിയെ നേരിടും എന്നു തന്നെയാണ് പ്രതീക്ഷ.

ഭക്ഷണ ചിന്തകൾ

  • തെക്കൻ ജില്ലയിലെ സദ്യകളൊക്കെ വളരെ ഇഷ്ടമാണ്. 
  • തമിഴ് നാട്ടിലെ ചായ വല്ല്യ ഇഷ്ടമാണ്, കുറഞ്ഞ അളവിലാണ്, രുചിയുമുണ്ട്.
  • മധുരയിലെ ദോശ മട്ടൺ, ഡിണ്ടിഗൽ ബിരിയാണി, പൊള്ളാച്ചി രുചികൾ പ്രിയമാണ്.
  • ബോംബേ രുചിയിൽ വട പാവ് ഇഷ്ടമാണ്.
  • വിദേശ യാത്രകളിൽ മലേഷ്യയിലൊക്കെ പോയപ്പോൾ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ വ്യത്യസ്തമായതു കൊണ്ട് അവിടുത്തെ ഭക്ഷണത്തിൽ അധികം താത്പര്യമില്ല. അങ്ങനെയുള്ള സ്ഥലത്ത് പഴങ്ങളും ചോറും മുട്ടയുമൊക്കെ വച്ച് അഡ്ജസ്റ്റ് ചെയ്യും.
  • യാത്ര ചെയ്യുന്നത് ഭക്ഷണപ്രിയരോടൊപ്പമാണെങ്കിൽ നമ്മളും ഫുഡ് കഴിക്കും.
  • ദിവസവും വീടിനടുത്തുള്ള മാർക്കറ്റിൽ പോയി മീൻ വാങ്ങുക എന്നതൊരു വീക്ക്നസാണ്.

ഭാവി!

അ‍‍‍ജഗജാന്തരം, വെയിൽ എന്നീ രണ്ട് പടങ്ങളാണ് ഇനി ഇറങ്ങാനുള്ളത്, ഡബ്ബിങ് തീർത്തു. താമസിയാതെതന്നെ തിയറ്ററുകൾ സജീവമാകുമെന്ന പ്രതീക്ഷയിലാണ്. കൊറോണ വരാതിരിക്കാൻ നോക്കുക, സൂക്ഷിക്കുക... ഉത്കണ്ഠയില്ല. നന്നായി ജോലി ചെയ്യുക, ഫലം കിട്ടും.

English Summary: Cooking is like acting in movies, says Sudhi Koppa

തയാറാക്കിയത് – അൽഫോൻസാ ജിമ്മി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA