പൂഴ്ത്തിയ ഞെട്ടിക്കുന്ന രഹസ്യം; ഇരട്ട കുട്ടികൾക്ക് 2 അച്ഛൻമാർ കേരളത്തിലും; ഒരാൾ ഭർത്താവ്, മറ്റൊരാൾ..?

Mail This Article
ബ്രസീലിൽ ഒരു പെൺകുട്ടിക്ക് ജനിച്ച ഇരട്ടക്കുട്ടികൾക്ക് രണ്ട് അച്ഛൻമാർ! ഡിഎൻഎ ടെസ്റ്റ് നടത്തിയപ്പോഴാണ് അതു തെളിഞ്ഞതെന്നാണു ലോകം മുഴുവൻ വൈറലായ വാർത്ത. ഒരേ അമ്മയ്ക്ക് ജനിച്ച ഇരട്ടകൾക്ക് എങ്ങനെ രണ്ട് അച്ഛൻ എന്ന അമ്പരപ്പിക്കുന്ന ചോദ്യത്തിനു മറുപടി പറയും മുമ്പ് കേരളത്തിലും ഇതുപോലെ സംഭവിച്ച വാർത്ത കേട്ടിട്ടുണ്ടോ? എന്നാൽ സത്യമാണ്. പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനത്തിൽ ഇരട്ട കുട്ടികളുടെ ഡിഎൻഎ പരിശോധന നടത്തിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വാർത്ത ഇതുവരെ പുറത്തു വിട്ടിട്ടില്ലെന്നു മാത്രം. അതിന്റെ കഥ കൗതുകകരമാണ്. ഒരു കുട്ടിയുടെ അച്ഛൻ യുവതിയുടെ ഭർത്താവും രണ്ടാമത്തെ കുട്ടിയുടെ അച്ഛൻ യുവ കാമുകനും! ആ കഥ പറയും മുൻപേ ബ്രസീലിലെ വാർത്ത നോക്കാം.
∙ ബ്രസീലിൽ സംഭവിച്ചതെന്ത്?
ബ്രസീലിൽ മിനേറിയോസ് എന്ന സ്ഥലത്താണു സംഭവം. 19 വയസ്സുള്ള പെൺകുട്ടിയാണ് ഗർഭിണിയായത്. ഗർഭഛിദ്രം നടത്തിയില്ല. പ്രസവിച്ചു. കുട്ടികൾക്ക് ഒരു വയസ്സ് തികഞ്ഞ്, ജന്മദിന കേക്ക് മുറിച്ച് ആഘോഷവും നടത്തിയപ്പോഴാണ്, അച്ഛനാരെന്ന് കണ്ടു പിടിച്ചാലോ എന്ന് കൗമാരം വിട്ടിട്ടില്ലാത്ത അമ്മയ്ക്ക് തോന്നിയതത്രെ...! ഊഹം വച്ച് മുൻ കാമുകനോടു വിവരം പറഞ്ഞു. ഡിഎൻഎ ടെസ്റ്റ് നടത്താൻ കാമുകനു സോന്തോ...ഷം! രണ്ടു കുട്ടികളുടേയും രക്ത സാംപിൾ എടുത്ത് ഡിഎൻഎ പരിശോധന നടത്തിയപ്പോൾ ഫലം വിചിത്രം– ഒരു കുട്ടിയുടെ ഡിഎൻഎയുമായി ചേരുന്നുണ്ട്. അച്ഛൻ അതു തന്നെ. പക്ഷേ രണ്ടാമത്തെ കുട്ടിയുടെ ഡിഎൻഎയുമായി ചേരുന്നില്ല. ശ്ശെടാ ഇതെന്ത് മറിമായം!
പെൺകുട്ടിയോട് ഡോക്ടർമാർ വിശദമായി ചോദിച്ചപ്പോൾ ഓർത്തെടുത്തു പറഞ്ഞു– ‘‘ഗർഭം ധരിക്കുന്നതിന് ഏതാനും ആഴ്ച മുൻപ് ഒരേ ദിവസം 2 പേരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. അതിലൊരാളാണ് ഒരു കുട്ടിയുടെ അച്ഛൻ!’’

ഓഹോ! അപ്പോൾ ആരാണ് രണ്ടാമത്തെയാൾ? പെൺകുട്ടി രണ്ടാമത്തെയാളിന്റെ പേര് പറഞ്ഞു. ഡിഎൻഎ പരിശോധനയ്ക്ക് അദ്ദേഹവും റെഡി. ഫലം വന്നപ്പോൾ കറക്റ്റ്. മറ്റേ കുട്ടിയുടെ പിതാവ് അദ്ദേഹം തന്നെ. രണ്ട് കുട്ടികൾക്കും അച്ഛൻമാരായി. ആനന്ദ ലബ്ധിക്കിനിയെന്തു വേണം. അച്ഛൻമാരിൽ ഒരാൾ അമ്മയെയും 2 കുട്ടികളെയും സംരക്ഷിക്കുന്നുമുണ്ടത്രെ. ഇരട്ടകൾക്ക് ഇപ്പോൾ 16 മാസം പ്രായം. ഇതിനു പിന്നിലെ ശാസ്ത്രസത്യം അഥവാ പ്രതിഭാസം പറയും മുൻപ് കേരളത്തിലെ ഇനിയും രഹസ്യമായി വച്ചിരിക്കുന്ന കേസ് എന്തായിരുന്നെന്നു നോക്കാം.
∙ കേരളത്തിലുമുണ്ടായി ഇരട്ടകൾക്ക് 2 അച്ഛൻ!
കുടുംബ കോടതിയിൽ വിവാഹ മോചന കേസായിട്ടാണ് ഇരട്ടകളുടെ അച്ഛൻ സമീപിച്ചത്. അദ്ദേഹം പ്രവാസിയാണ്. ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ നാട്ടിൽ വരും. ഭർത്താവും ഭാര്യയും വെളുത്ത നിറക്കാരാണ്. കുട്ടികളുണ്ടാകാൻ താമസിച്ചത്രെ. ഒരു തവണ അവധിക്കു വന്ന് ഒരു മാസം കഴിഞ്ഞ് തിരികെ പോയി ആഴ്ചകൾക്കകം സന്തോഷ വാർത്തയെത്തി. ഭാര്യ ഗർഭിണി, മാത്രമല്ല ഒന്നിനു പകരം 2 കുട്ടികളെ കൊടുത്ത് ദൈവം അനുഗ്രഹിച്ചിരിക്കുന്നു എന്നാണ് ഭർത്താവ് വിചാരിച്ചത്. അത് മുഴുവനായി തെറ്റുമല്ല ‘അർധ സത്യം’ മാത്രമായിരുന്നെന്നു മാത്രം.
പ്രസവിച്ചപ്പോൾ നാലു കുഞ്ഞിക്കാലുകൾ കാണാൻ ആ പിതാവ് മരുഭൂമിയിൽ നിന്നു പറന്നെത്തി. കുഞ്ഞിക്കാലുകൾ കണ്ടപ്പോൾ സന്തോഷാതിരേകത്തിനു പകരം ലേശം വൈക്ലബ്യം. ഒരു കുട്ടി വെളുത്ത് അച്ഛനമ്മമാരെ പോലെ, രണ്ടാമത്തെ കുട്ടിക്ക് കറുപ്പുനിറം. സംശയത്തിന്റെ വിത്തുകൾ മനസ്സിൽ വീണു. വൈകാതെ ആ സംശയം വളർന്നു വലുതായി, ഒരു കുട്ടി തന്റേതല്ല എന്നു പിതാവ് പ്രഖ്യാപിക്കുന്നിടത്തു വരെയെത്തി കാര്യങ്ങൾ. മണ്ടത്തരം പറയല്ലേ, ഇരട്ട കുട്ടികൾക്ക് രണ്ട് അച്ഛന്മാരോ? മുതിർന്നവരും ചങ്ങാതിമാരുമെല്ലാം ഗുണദോഷിച്ചു. പക്ഷേ അദ്ദേഹം ഉറച്ചു നിന്നു. വിവാഹ മോചന കേസ് കൊടുത്തു.
∙ ഡിഎൻഎ ടെസ്റ്റ്
ഇയാൾക്ക് സംശയരോഗമാണോ, മനഃശാസ്ത്രജ്ഞനെ കാണാൻ അയയ്ക്കണോ എന്നാണ് കേസ് പരിഗണിച്ച ജഡ്ജിക്ക് ആദ്യം തോന്നിയത്. വട്ട് പറയരുത് എന്ന് പ്രതിഭാഗം വക്കീൽ ആക്ഷേപിച്ചു. എന്നാൽ സംശയം തീർത്തിട്ടു കേസ് തള്ളാമെന്നു കരുതി ജഡ്ജി ഡിഎൻഎ ടെസ്റ്റിനു വിട്ടു. കേരളത്തിലെ പ്രമുഖ ബയോടെക്നോളജി ശാസ്ത്ര സ്ഥാപനത്തിലേക്ക് കുട്ടികളുടെയും ഹർജിക്കാരന്റെയും രക്ത സാംപിളുകൾ പോയി. പരിശോധനാ റിപ്പോർട്ട് സീൽ ചെയ്ത ഫയലിൽ ജഡ്ജിക്കു മാത്രം കാണാനായി എത്തി. റിപ്പോർട്ട് വായിച്ച ജഡ്ജി അന്തം വിട്ടു. രണ്ട് കുട്ടികൾക്ക് 2 അച്ഛൻമാരാണെന്നാണു റിപ്പോർട്ട്. വെളുത്ത കുട്ടിയുടെ അച്ഛൻ യുവതിയുടെ ഭർത്താവ് തന്നെ. മറ്റേ കുട്ടിയുടെ അച്ഛൻ മറ്റാരോ!! യുവതിയെ ജഡ്ജി ചേംബറിൽ വിളിച്ചു വരുത്തി കാര്യം അന്വേഷിച്ചു. ആദ്യമൊക്കെ യുവതി എല്ലാം നിഷേധിച്ചു. എന്നാൽ, സത്യം പറഞ്ഞില്ലെങ്കിൽ ഡിഎൻഎ പരിശോധനാ ഫലം പുറത്തു വിടേണ്ടി വരുമെന്നായപ്പോൾ എല്ലാം തുറന്നു പറഞ്ഞു.

ഒരേ ദിവസം മുക്കാൽ മണിക്കൂർ നേരത്തെ ഇടവേളയിൽ 2 ലൈംഗിക ബന്ധങ്ങൾ നടന്നതാണ് പ്രശ്നമായത്. ഒരാൾ ഭർത്താവ്. അദ്ദേഹം ഗൾഫിലേക്കു യാത്ര പറഞ്ഞു പുറപ്പെട്ടതിനു പിന്നാലെ കാമുകനുമായും യുവതി ബന്ധപ്പെട്ടു. അതാണു സംഭവിച്ചത്. ഇനി ഇതിന്റെ ജീവശാസ്ത്രവശം നോക്കാം.
∙ ഹീറ്ററോപറ്റേണൽ സൂപ്പർഫീകണ്ടേഷൻ.
ഏതു സിനിമയിലും അവസാനം നായികയ്ക്കു രോഗം വരുമ്പോൾ ഡോക്ടർ വായിൽ കൊള്ളാത്തൊരു പേര് പറയുമല്ലോ. അതുപോലാണിതും. ഹീറ്ററോപാറ്റേണൽ സൂപ്പർഫീകണ്ടെഷൻ. എന്നാൽ ഇരട്ടകൾക്ക് 2 വ്യത്യസ്ത ബയോളജിക്കൽ അച്ഛൻമാരുണ്ടാകുന്ന ജൈവശാസ്ത്ര പ്രതിഭാസം. പത്ത് ലക്ഷത്തിൽ ഒന്നു മാത്രമേ സംഭവിക്കാറുള്ളത്രെ.
കടിച്ചാൽ പൊട്ടാത്ത ഇംഗ്ലിഷ് പറയാതെ മലയാളത്തിൽ തെളിച്ചു പറ– സ്ത്രീകൾക്ക് പ്രജനന പ്രക്രിയയുടെ ഭാഗമാണ് ആർത്തവവും അണ്ഡം (ഓവം) ഉണ്ടാകലും. ഇടത്തും വലത്തുമായി രണ്ട് അണ്ഡവാഹനി കുഴലുകളുണ്ടെങ്കിലും ഒന്നിൽ മാത്രമേ അണ്ഡം കാണൂ. ലൈംഗിക ബന്ധത്തിലൂടെ പുറത്തു വരുന്ന കോടിക്കണക്കിനു ബീജങ്ങളിലൊന്ന് ഈ അണ്ഡവുമായി യോജിക്കുന്നതോടെ പ്രജനനത്തിനു തുടക്കമായി. അത് ഭ്രൂണമായി വളരുന്നു.

അപൂർവമായി രണ്ട് അണ്ഡവാഹിനി കുഴലുകളിലും ഓരോ അണ്ഡം വീതം വരും. അദ്യം ബന്ധപ്പെടുന്നയാളിന്റെ ബീജം ഒരു അണ്ഡവുമായി യോജിക്കുന്നു. രണ്ടാമത് ബന്ധപ്പെടുമ്പോൾ രണ്ടാമത്തെ അണ്ഡം ലൈവായി നിൽക്കുകയാണ്. അപ്പോഴും ബീജവുമായി യോജിച്ച് ഭ്രൂണമായി മാറാം. അമ്മയുടെ ജനിതകം രണ്ടു കുട്ടികളിലും കാണും. പക്ഷേ അച്ഛന്റെ ജനിതകം വെവ്വേറെ. പ്ളാസന്റയും (മറുപിള്ള) വെവ്വേറെ.
കൊച്ചു കേരളത്തിലും അങ്ങ് വിശാല ബ്രസീലിലും ഇതു തന്നെയാണു സംഭവിച്ചത്.
മനുഷ്യരിൽ ഇത് അപൂർവമാണെങ്കിലും നായ്ക്കളിലും പൂച്ചകളിലും പശുക്കളിലുമൊക്കെ സാധാരണമാണത്രെ. ലോകമാകെ ഇത്തരം 20 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
∙ ഇന്നും പരമ രഹസ്യം
കേരളത്തിൽ നടന്ന സംഭവത്തിൽ, ഹർജിക്കാരനായ ഭർത്താവിന് കോടതി വിവാഹമോചനം നൽകി. കേസ് ക്ലോസ്ഡ്. ശാസ്ത്ര സ്ഥാപനത്തിലെ എത്തിക്സ് കമ്മിറ്റി ഈ സംഭവം പുറത്തുവിടരുതെന്നും രഹസ്യമായി സൂക്ഷിക്കണമെന്നും നിർദ്ദേശിച്ചു.

∙ ഗ്രീക്ക് ഇതിഹാസത്തിലും ഇരട്ട പിതാക്കൾ
ഇരട്ട കുട്ടികൾക്ക് 2 അച്ഛൻമാർ എന്ന പ്രതിഭാസം ഗ്രീക്ക് ഇതിഹാസങ്ങളിലുമുണ്ട്. സീയുസ് ദേവനും ഭർത്താവ് ടിൻഡാറിയതുമായി ലെഡ എന്ന കഥാപാത്രം ശയിക്കുന്നു. ഇരട്ട പെൺമക്കളുണ്ടായി. സീയൂസ് ദേവനിൽ ജനിച്ച ഹെലനും ഭർത്താവിൽ ജനിച്ച ക്ളിറ്റെംനെസ്ട്രയും. പിന്നീടും ഇതേ കഥാപാത്രത്തിന് രണ്ട് അച്ഛൻമാരിൽ ഇരട്ട ആൺമക്കളുണ്ടായി. സീയൂസിൽ പോള്യൂക്സും ഭർത്താവിൽ കാസ്റ്ററും. ഷിയോൺ എന്ന മറ്റൊരു കഥാപാത്രം അപ്പോളോ ദേവനും ഹെർമിസ് ദേവനുമായി ഒരേ രാത്രി ശയിച്ച് ഇരട്ട ആൺമക്കളുണ്ടായി. ഹെർമിസിൽ മകൻ ഓട്ടോലിക്കസും അപ്പോളോയിൽ മകൻ ഫിലമ്മോനും. ഇതിഹാസങ്ങളിൽ ഇനിയും ഉദാഹരണങ്ങളേറെയുണ്ട്.
English Summary: Twins With Different Fathers: How It is Possible?