ADVERTISEMENT

ഒഴുകിപ്പോയ ഒരു ഗ്രാമം, ദുരന്തം അതിജീവിച്ചവർ, അവരുടെ ഇനിയുള്ള ജീവിതം.. എന്തു പറയാൻ! ഈ ദുരിതപെയ്ത്തിനിടയിലും സമചിത്തതയോടെ രക്ഷാപ്രവർത്തനം നടത്തുന്നവർ, പുനരധിവാസത്തിനായി അകമഴിഞ്ഞ് സഹായം പ്രഖ്യാപിച്ചവർ...അവരാണ് പ്രതീക്ഷയേകുന്നത്.

പ്രകൃതിദുരന്തങ്ങളിൽ മരണസംഖ്യ കൂട്ടുന്നത് മോശം കെട്ടിടങ്ങൾ കൂടിയാണ്. ഇവിടെയും അതിൽ മാറ്റമില്ല. മഴയിലും ചെളിയിലും ആഴ്ന്നു പ്രിയപ്പെട്ടവരെ തിരയുന്ന, കനത്തിൽ ചെയ്ത കോൺക്രീറ്റ് സ്ലാബൊക്കെ കയ്യിൽ കിട്ടിയതെന്തും കൊണ്ട് പൊട്ടിക്കാൻ പാടുപെടുന്ന ഒരുപറ്റം മനുഷ്യരെ കണ്ടപ്പോഴാണ് ഏറ്റവും സങ്കടം തോന്നിയത്. കോൺക്രീറ്റ് അല്ലായിരുന്നെങ്കിൽ കുറച്ച് പേർ കൂടി ജീവിക്കുമായിരുന്നു എന്നത് ഉറപ്പല്ലേ.

മുണ്ടക്കൈയില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശോധന നടത്തുന്നു.
മുണ്ടക്കൈയില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശോധന നടത്തുന്നു.

ഇപ്പോൾ അവിടെയുള്ള രണ്ടു കോൺക്രീറ്റ് കെട്ടിടങ്ങൾ കാണിച്ച് മലവെള്ളപ്പാച്ചിലിനെയും അതിജീവിച്ച കോൺക്രീറ്റ് കെട്ടിടങ്ങളെ പ്രകീർത്തിക്കുന്ന പോസ്റ്റുകൾ ഒരുപാട് കാണുന്നതാണ് ഈ പോസ്റ്റിനാധാരം. ആദ്യം തന്നെ പറയട്ടെ, ഈ ചിത്രത്തിലുള്ള കെട്ടിടങ്ങൾക്ക് ഉരുൾപൊട്ടലിനെ ചെറുക്കാനൊന്നും പറ്റില്ല. വെള്ളം ആ കെട്ടിടങ്ങൾ കൊണ്ടുപോകാഞ്ഞത് ഒഴുക്കിൻ്റെ ഗതി അതല്ലാത്തത് കൊണ്ട് മാത്രമാണ്.

അതിന് ഞങ്ങളെ കോൺക്രീറ്റ് വിരോധിയായി മുദ്രകുത്തണ്ട. കോൺക്രീറ്റിനും സ്റ്റീലിനുമൊക്കെ തീർച്ചയായും അതിൻ്റേതായ potential ഉണ്ട്. വളരെയധികം ഊർജ്ജം ഉപയോഗിച്ച് നിർമിക്കുന്ന ഈ നിർമാണ വസ്തുക്കൾ നമ്മൾ വിവേകപൂർവ്വം ഉപയോഗിക്കണം. ഭൂകമ്പത്തെ ഒരു പരിധിവരെ ചെറുക്കാൻ പറ്റുന്ന ബഹുനില  കെട്ടിടങ്ങളൊക്കെ നിർമിക്കാൻ ഇതുവഴി സാധിക്കും. പക്ഷേ കുഞ്ഞുകെട്ടിടങ്ങൾക്ക് നമുക്ക് ബദലുകൾ ആലോചിക്കാം. വേഗത്തിലുള്ള കാലാവസ്ഥാമാറ്റം നമ്മുടെ കൺമുന്നിൽ ഉണ്ടല്ലോ. ചൂട് കൂടുന്നതോടെ പ്രവചിക്കപ്പെട്ട പ്രകൃതിദുരന്തങ്ങൾ ഉരുൾപൊട്ടലായും, പ്രളയമായും, ഭൂമികുലുക്കമായും നമ്മുടെ അടുത്തുണ്ട്. Light roofing ആണെങ്കിൽ, crumple ചെയ്യാത്ത സ്ട്രക്ചർ ആണെങ്കിൽ രക്ഷപ്പെടാൻ കുറച്ചുകൂടി സാധ്യതയുമുണ്ട്.

wayanad-house-destroyed

കേരളം കടലിൻ്റെ തൊട്ടടുത്ത് കിടക്കുന്ന ഒരു പ്രദേശമാണ്. വെള്ളക്കെട്ടും മഴ പെയ്യുമ്പോൾ പ്രളയവുമൊക്കെ ഇവിടെ ഒരുപരിധിവരെ മനുഷ്യനിർമിതമാണ്. ഭൂമിയുടെ കിടപ്പിന് വിപരീതമായി പുരയിടം മണ്ണ് ഇട്ട് പൊക്കി, അല്ലെങ്കിൽ താഴ്ത്തി, മതിൽ കെട്ടി തിരിച്ച് അവിടെ വരുന്ന അധിക വെള്ളം സ്ലോപ് നോക്കാതെ റോഡിലേക്ക് തിരിച്ചു വിടുമ്പോൾ നമ്മളും ദുരന്തത്തിന് ആക്കം കൂട്ടുകയാണ്.

10km ചുറ്റളവിൽ ക്വാറികൾ ഇല്ലെന്ന കണക്കുപറയുമ്പോൾ അതിരുകളുടെ കണക്കുപുസ്തകം ഭൂമിയൂടെ കയ്യിൽ ഇല്ലെന്നറിയണം. ദുരന്തമുഖത്ത് കാര്യകാരണങ്ങൾ മുഴുവൻ മനുഷ്യന് മനസ്സിലാവുന്ന ഗണിതങ്ങളിൽ ഒതുങ്ങണമെന്നില്ല. 

റോഡുകളോ, ക്വാറികളോ, കെട്ടിടങ്ങളോ, മറ്റെന്തു ലാൻഡ് ഡെവലപ്മെൻ്റ്സോ വെള്ളത്തിൻ്റെ ഗതിയെ കരുതിയാവണം. അതിവൃഷ്ടി സമയത്ത് വരുന്ന വെള്ളം ഭൂമിയുടെ ചെരിവ് അനുസരിച്ച് ഒഴുകി പോകാൻ സംവിധാനം ഒരുക്കണം എന്ന് നിയമം കൊണ്ടുവരണം. അതുവഴി ഒരാളുടെ പുരയിടത്തിൽ വെള്ളം വരാനും പോവാനും വഴിയുണ്ടായിരിക്കണം. പൗരബോധത്തോടെ നമ്മൾ ഇതിലിടപെടണം.

പിന്നെ, ആർക്കിടെക്ചറിനെ പറ്റി എന്തു പറയാൻ! പ്രകൃതി സൗഹൃദ കെട്ടിട നിർമാണ രീതി പലപ്പോഴും 

ചുമര് മണ്ണ് തേച്ചോ, കല്ലൊട്ടിച്ചോ ബ്രൗൺ കളർ ആക്കുന്നതിൽ തീരുന്നതാണ്. ഇത്തരം കാട്ടികൂട്ടലുകൾക്കപ്പുറം responsible architecture നടപ്പാക്കാൻ ഈ മേഖലയിലുള്ളവർ കൂട്ടായി ശ്രമിക്കേണ്ടതാണ്. പക്ഷേ അതൊന്നും എളുപ്പമല്ല എന്ന് നമുക്കറിയാം. നമുക്കോരോരുത്തർക്കും ചില തീരുമാനങ്ങളെടുക്കാം. ഒരാളിൽ നിന്ന് ഒരാളായി അങ്ങനെ ഈ ലോകമാകെ തൊടാൻ നമുക്ക് പറ്റും എന്നാണ് ഞാൻ കരുതുന്നത്.

ഭൂമിയുടെ കിടപ്പും അവിടെയുള്ള മരങ്ങൾ അടക്കമുള്ള കാര്യങ്ങളും ലഭിക്കുന്ന ഡിജിറ്റൽ സർവേ സൗകര്യം ഇന്ന് നമുക്കുണ്ട്. അതുകൊണ്ട് കെട്ടിടം വരയ്ക്കുന്നതിന് മുൻപ് മരം വെട്ടിനിരത്താൻ ധൃതി വയ്ക്കേണ്ടതില്ല. പറ്റാവുന്ന നല്ല മരങ്ങൾ നിർത്തി നമുക്ക് അത് രൂപകൽപന ചെയ്യാം. അല്ലാത്തവയ്ക്കു പകരം നടാൻ സ്ഥലം കാണാം. കെട്ടിടം ഭൂമിയുടെ കിടപ്പുപോലെ തന്നെ മതി എന്ന് ഡിസൈനറോട് പറയാം. ചരിഞ്ഞ ഭൂപ്രദേശമാണെങ്കിൽ വെള്ളം അധികം വന്നാൽ അടുത്ത പറമ്പിലെ വെള്ളം നമ്മുടെ പറമ്പിൽ വരും എന്ന് കരുതണം. വെള്ളം വരാനും പോവാനും വഴി കാണാം. ലൈറ്റ് ഫെൻസിങ് അല്ലെങ്കിൽ പെർഫെറേറ്റഡ് മതിൽ 

നിർമിക്കാം. കാരണം, നമ്മുടെ റോഡുകൾ സ്ലോപിന് അനുസരിച്ച് ഉണ്ടാക്കിയതല്ല. റോഡ്സൈഡിലെ ചെറിയ ഡ്രെയിൻ റോഡിലെ വെള്ളം പോവാൻ ഉണ്ടാക്കിയതാണ്. എല്ലാ പുരയിടത്തിലെയും അധികവെള്ളം അതിലേക്ക് വിട്ടാൽ റോഡിലെ താഴ്ന്ന ഭാഗത്ത് വെള്ളം കയറുമല്ലോ. അതാണ് ഇന്നിവിടെ പലയിടത്തും സംഭവിക്കുന്നത്.

കോൺക്രീറ്റ് പലപ്പോഴും നമ്മൾ സുരക്ഷിതത്വത്തിൻ്റെ അവസാന വാക്കായാണ് കരുതുന്നത്. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്നത് പലപ്പോഴും തദേശീയമായ (vernacular construction) നിർമാണരീതികളാണ്.

രണ്ടു നില കെട്ടിടമൊക്കെ load-bearing ആയി ഡിസൈൻ ചെയ്യുക. മേൽക്കൂര പറ്റുമെങ്കിൽ ട്രസ് ചെയ്ത് ഓട് ഇടുക. പരിസ്ഥിതി ലോലപ്രദേശങ്ങളിൽ കെട്ടിടം പണിയുമ്പോൾ അനുശാസിക്കുന്ന മുൻകരുതൽ എടുക്കുക. വിഭവങ്ങൾ കരുതലോടെ ഉപയോഗിക്കുക. പൊള്ളയായ ഒരു കൂടുണ്ടാക്കി അത് മുഴുവൻ എസി വച്ച് തണുപ്പിക്കുന്നതിലെ പൊള്ളത്തരം കാണുമ്പോൾ "The production of too many useful things results in too many useless people" എന്ന് മനസ്സിൽ വരും. 

പ്രകൃതിയോട് കരുതലോടെ ഇടപെടാൻ നാം ഇനിയെങ്കിലും പഠിക്കേണ്ടതുണ്ട്. ലോകത്തെ ഈ അവസ്ഥയിൽ ഇത്രവേഗം എത്തിച്ചതിൻ്റെ പ്രധാന ഉത്തരവാദിത്വം നമ്മളെ പോലുള്ള വികസ്വര രാജ്യങ്ങൾക്കല്ല. പക്ഷേ കാർബൺ ഫുട്പ്രിന്റ് കുറയ്ക്കാനും, ആഗോളതാപനത്തിൻ്റെ തോത് കുറയ്‌ക്കാനുമൊക്കെ മനുഷ്യർ ഒന്നാകെ ശ്രമിക്കേണ്ട സമയം അധികരിച്ചിരിക്കുന്നു. അതുകൊണ്ട്, പണിയുമ്പോൾ കെട്ടിടത്തിൻ്റെ ആയുസ്സിനെ പറ്റി നമ്മൾ ആലോചിക്കുന്നത് പോലെ, അത് ഈ ഭൂമിയുടെ ആയുസ്സ് കുറയ്ക്കുന്നതാണോ എന്നുകൂടി ഇനി നമ്മൾ ആലോചിക്കണം. "Nature is man's inorganic body" എന്നതിൽ കവിഞ്ഞ ഒരു പാരിസ്ഥിതിക ദർശനം മറ്റെന്താണ്!

**

ലേഖിക പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങൾ നിർമിക്കുന്ന ഭൂമിജ ക്രിയേഷൻസ് എന്ന സ്ഥാപനം നടത്തുന്നു.

English Summary:

Wayanad Landslide- Need for climate resilient buildings

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com