റേഡിയോ ഗാനങ്ങൾ കേട്ടു വളർന്ന ബാല്യം, കത്തുകളിലൂടെ വിശേഷങ്ങൾ പങ്കിട്ട യുവത്വം; പിന്നെ ഷേർളിയെന്ന നോവിക്കും ഓർമയും!

Mail This Article
ഷേർളി ഓർമയായിട്ട് ഇന്ന് 22 വർഷങ്ങൾ തികയുന്നു..
ചില ചിന്തകൾക്ക് വാക്ക് നൽകുന്നതും ചില ബന്ധങ്ങൾക്ക് പേര് നൽകുന്നതും അത്ര എളുപ്പമായിരിക്കില്ല.. അതുകൊണ്ടുതന്നെ എന്റെ തോന്നലുകൾ മുഴുവൻ ഇവിടെ കുറിക്കാമെന്ന് ഞാൻ കരുതുന്നുമില്ല..
തോപ്രാൻകുടിയിലെ എന്റെ വീടിന്റെ തൊട്ടയൽപക്കത്ത് താമസിച്ചിരുന്ന, എന്നേക്കാൾ അഞ്ചാറു മാസം മുതിർന്ന ഷേർളിയുമായി ഞാൻ ചങ്ങാത്തത്തിലാകുന്നത് എനിക്ക് അഞ്ചോ ആറോ വയസ്സുള്ളപ്പോഴാണ്. അയൽപക്കസൗഹൃദത്തിൽ ഓർത്തെടുക്കുവാൻ അത്ര വിശേഷപ്പെട്ട കഥകൾ ഒന്നുമില്ലെങ്കിലും ഹൈസ്കൂളിൽ എത്തിയപ്പോഴേക്കും ആ കൂട്ടുകെട്ടിന് പുതിയ പക്വത കൈവന്നിരുന്നു.
പരന്ന വായനയും നിറയെ സംഗീതവും ഉണ്ടായിരുന്ന ഹൈസ്കൂൾ കാലഘട്ടത്തിൽ റേഡിയോയിൽ കേട്ടിരുന്ന പാട്ടുകളും അക്കാലത്ത് നാട്ടിലുണ്ടായിരുന്ന പയനിയർ ലൈബ്രറിയിൽ നിന്നെടുത്ത് വായിച്ചിരുന്ന പുസ്തകങ്ങളും ചുറ്റുവട്ടത്തെ വീടുകളിൽ സുലഭമായിരുന്ന മംഗളം, മനോരമ തുടങ്ങിയ വാരികളിലെ പംക്തികളുമായിരുന്നു കണ്ടുമുട്ടുമ്പോഴൊക്കെ ഞങ്ങളുടെ സംസാരവിഷയങ്ങൾ.. നന്നായി പാടിയിരുന്ന ഷേർളി മാപ്പിളപ്പാട്ട് മത്സരങ്ങളിൽ മിക്കവാറും ഒന്നാം സമ്മാനം തന്നെ സ്വന്തമാക്കാറുമുണ്ടായിരുന്നു.
മരണവീടുകളിൽ പോയി മരിച്ചവരെ കാണുന്നതും ആ വീട്ടിലെ അംഗങ്ങളിൽ ആരൊക്കെ എങ്ങനെയൊക്കെയാണ് ദുഃഖിക്കുന്നത് എന്ന് നോക്കി, ആ വിശേഷങ്ങൾ അന്യോന്യം പങ്കിടുന്നതും അക്കാലത്ത് ആ നാട്ടിലുള്ള എല്ലാവരും ചെയ്തിരുന്ന കാര്യമായിരുന്നു. മരണങ്ങളെക്കാൾ ദുർമരണങ്ങൾക്ക് ഒരു പഞ്ഞവും ഇല്ലാതിരുന്ന ആ നാട്ടിലെ കുറെ മരണവീടുകളിലേക്കു ഞാനും ഷേർളിയും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. അക്കാലത്ത് കടുത്ത മതവിശ്വാസികൾ ആയിരുന്നുവെങ്കിലും ആത്മാക്കൾ എങ്ങോട്ട് പോകുന്നു എന്നതിനെക്കുറിച്ചുള്ള ചില സംശയങ്ങൾ ഈ യാത്രയിൽ ഉടനീളം ഞങ്ങൾ ചർച്ച ചെയ്യാറുണ്ടായിരുന്നു. കൂട്ടത്തിൽ ആര് ആദ്യം മരിച്ചാലും ജീവിച്ചിരിക്കുന്ന ആളുടെ അടുത്ത് ഏതെങ്കിലും രീതിയിൽ ബന്ധപ്പെടാൻ സാധ്യതയുണ്ടെങ്കിൽ അത് ചെയ്തിരിക്കും എന്നൊരു വാഗ്ദാനവും ഞങ്ങൾ പരസ്പരം പങ്കുവച്ചിരുന്നു.
എസ്എസ്എൽസി കഴിഞ്ഞ് വൈദികൻ ആകാനുള്ള ഉറച്ച തീരുമാനവുമായി സെമിനാരിയിൽ ചേർന്ന ഞാൻ ഏതാനും മാസങ്ങൾക്കുശേഷം ചില പ്രത്യേക സാഹചര്യങ്ങളാൽ അവിടത്തെ പഠനം ഉപേക്ഷിച്ച് തിരികെ വീട്ടിലെത്തി. അതുകൊണ്ട് തന്നെ സ്കൂളിലെ എന്റെ ബാച്ചിൽ ഉണ്ടായിരുന്ന സതീർഥ്യരുമായി ഒരുമിച്ചുള്ള ഒരു പഠനം പിന്നീടെനിക്ക് സാധ്യമായില്ല.
പ്രീഡിഗ്രിക്ക് ശേഷം ഉപരിപഠനാർഥം ഷേർളി പാലാ അൽഫോൽസ കോളജിൽ ചേർന്നു. അതുമുതലാണ് ഞങ്ങൾ കത്തുകളിലൂടെയുള്ള സംസാരം തുടങ്ങുന്നത്. ഞങ്ങളുടെ ജീവിതങ്ങൾ പലവഴിക്ക് ചിതറി പോയെങ്കിലും വായിച്ച പുസ്തകങ്ങൾ, കേട്ട പാട്ടുകൾ, കണ്ട സിനിമകൾ, പോയ യാത്രകൾ, കഴിച്ച ഭക്ഷണങ്ങൾ, പുതിയ പ്രണയങ്ങൾ തുടങ്ങി ആകാശത്തിനു കീഴിലുള്ള എന്തിനെയും പറ്റിയും ആ കത്തുകളിലൂടെ ഞങ്ങൾ സംസാരിച്ചു. പിന്നീടുള്ള പത്തുവർഷങ്ങളിൽ ഞങ്ങൾ കണ്ടുമുട്ടിട്ടുള്ളത് ഏറിയാൽ മൂന്നോ നാലോ തവണ മാത്രം.
ഞാൻ ദുബായിലെത്തി സ്വന്തമായൊരു മൊബൈൽ വാങ്ങിയതിനു ശേഷം ഒടുവിലൊടുവിൽ ആയപ്പോൾ കത്തുകളിലൂടെയുള്ള ബന്ധം തുടർന്നത് ഷേർളിയുമായി മാത്രമായിരുന്നു. ആ കത്തുകളിൽ നൂറോളമെണ്ണം ഞാൻ ഭംഗിയായി സൂക്ഷിച്ചു വച്ചിട്ടുണ്ട്. കാരണം, പുസ്തകങ്ങൾ പോലെ കത്തുകൾ വീണ്ടും വീണ്ടും വായിക്കുന്നത് എനിക്കൊരു വലിയ ഹരമായിരുന്നു. ജീവിതം തോപ്രാൻകുടിയിൽ നിന്നും ഇടുക്കി കഞ്ഞിക്കുഴിയിലേക്കും അവിടെ നിന്ന് നേരെ എറണാകുളത്തെ പല മേൽവിലാസങ്ങളിലേക്കും പിന്നീട് ദുബായിലേക്കും നീണ്ടപ്പോഴും അവിടെയെല്ലാം എന്നെ തേടിയെത്തിയ ഷേർളിയുടെ കത്തുകളൊക്കെ എന്റെ ജീവിതത്തിന്റെ കയറ്റിക്കങ്ങളെ കണ്ണാടി പോലെ എനിക്ക് കാണിച്ചു തരുന്നു..
ഷേർളിയുടെ മരണവിവരം ദുബായിൽ വച്ച് ഞാൻ അറിയുന്നത് മനോരമ പത്രത്തിലെ 'നിര്യാതരായവരുടെ' കോളത്തിലൂടെ ആയിരുന്നു. 2002 ഒക്ടാബർ 17ന് അവിശ്വസനീയമായ ആ വാർത്ത വായിച്ചപ്പോഴുണ്ടായ നടുക്കം എന്നെ ഇനിയും വിട്ടുപോയിട്ടില്ല. അതിന് ഏതാനും ദിവസം മുമ്പ് വന്ന ഷേർളിയുടെ കത്ത് വീണ്ടും വീണ്ടും വായിച്ച് ആ ദിവസങ്ങളിൽ ഞാൻ എത്ര കരഞ്ഞിരുന്നുവെന്ന് എനിക്കറിയില്ല. എന്റെ ഏറ്റവും വലിയ പ്രശ്നം എന്റെ ഈ സങ്കടം എങ്ങനെ ഷേർളിയെ അറിയിക്കും എന്നതായിരുന്നു. മുൻപ് വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ മരിച്ചതിനുശേഷമുള്ള അവസ്ഥ എങ്ങനെയെങ്കിലും ഷേർളി എന്നെ അറിയിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു. ദുബായിലെ മരുഭൂമിയിലും മരുപ്പച്ചയിലും ഞാൻ കണ്ടെത്തിയ മനുഷ്യരൊഴികെയുള്ള എല്ലാ ജീവികളിലും ഷേർളിയുടെ സാന്നിധ്യം ഉണ്ടോ എന്ന് ഞാൻ സൂക്ഷ്മതയോടെ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഒരു സ്വപ്നത്തിൽ പോലും ഷേർളി ഒരിക്കലും എന്നെ തേടി വന്നില്ല എന്നതാണ് യാഥാർഥ്യം.
ജീവിതത്തിൽ അനുഭവിക്കുന്ന ചില അവിശ്വസനീയതകൾ മറ്റുള്ളവരോടു പറഞ്ഞ് എങ്ങനെ വിശ്വസിപ്പിക്കും എന്ന് എനിക്കിന്നും അറിയില്ല.
ഷേർളിയുടെ മരണ വിവരം അറിഞ്ഞ് ഏതാനും ദിവസങ്ങൾക്കു ശേഷം ദുബായിലെ എന്റെ പോസ്റ്റ് ബോക്സിൽ അവരുടെ ഒരു കത്ത് കൂടി എന്നെ തേടി വന്നു. പറഞ്ഞറിയിക്കാനാകാത്ത മാനസികവ്യഥകളോടെ ആ കത്തും കയ്യിൽ പിടിച്ച് ഒരുപാട് നേരം ഞാൻ ഇരുന്നു. കത്ത് പൊട്ടിക്കുവാൻ എനിക്ക് പേടിയായിരുന്നു. എന്നോട് പറയാൻ ബാക്കി വച്ചത് എന്തോ ആ കത്തിലുണ്ടെന്നുളള ചിന്തയും ഇനി ഒരിക്കലും ഷേർളിയുടെ ഒരു കത്തും എന്നെ തേടി വരാൻ സാധ്യതയില്ല എന്ന തിരിച്ചറിവും എന്നെ വല്ലാതെ അസ്വസ്ഥനാക്കി. കത്ത് പൊട്ടിക്കാൻ കഴിയാതെ ഞാൻ ഇരുന്നപ്പോൾ അതിനു മുമ്പുള്ള ഷേർളിയുടെ എല്ലാ കത്തുകളും എന്നെക്കാൾ കൂടുതൽ വായിച്ചിട്ടുള്ള എന്റെ റൂമിലെ സുഹൃത്തുക്കളാണ് ആ കത്ത് പൊട്ടിച്ചത്. നീലനിറത്തിലുള്ള 'എയറോഗ്രാമി'ൽ എഴുതിയിട്ട് തികയാതെ ഒരു വെള്ളത്തുണ്ട് പേപ്പറും പിന്നെ ഏതോ ഇംഗ്ലിഷ് പത്രത്തിൽ കണ്ട ഒരു കാർട്ടൂണും കൂടി അതിനുള്ളിൽ വച്ചിട്ടുണ്ടായിരുന്നു.
'friends may not be able to pull you up , but they will still think of ways not to let you fall' എന്നതായിരുന്നു ആ കാർട്ടൂണിന്റെ ഉള്ളടക്കം. കത്ത് വായിച്ച എല്ലാവരും നടുങ്ങിപ്പോയി. തമാശയ്ക്ക് ആണെങ്കിലും ഷേർളി കൃത്യമായി തന്റെ മരണം പ്രവചിച്ചിരുന്നത് പോലെ.. ആന്ധ്രയിലെ സ്കൂളിൽ ടീച്ചർ ആയിരുന്ന ഷേർളി ‘ദീപാവലി ആയതുകൊണ്ട് 10 ദിവസത്തെ അവധി ഉണ്ടെങ്കിലും നാട്ടിൽ പോകുന്നില്ല.. ആയതിനാൽ താൻ ന്യൂസ് പേപ്പർ ശ്രദ്ധാപൂർവം വായിക്കണം.. ആന്ധ്രയിൽ ബോറടിച്ച് മലയാളി ടീച്ചേഴ്സ് മരിച്ചു അഥവാ മൃതിയടഞ്ഞു എന്ന ഒരു വാർത്ത വന്നാലോ’ എന്നായിരുന്നു അതിലെഴുതിയിരുന്നത്.
ആ കത്തിലെ വാചകങ്ങൾ എന്നിലുണ്ടാക്കിയ അമ്പരപ്പ് ഇന്നും എന്നെ വിട്ടു പോയിട്ടില്ല. എല്ലാ കത്തുകളിലും 'from address' കോളത്തിൽ അത് കൃത്യമായി എഴുതിയിരുന്ന ഷേർളി, ഈ കത്തിൽ മാത്രം അവരുടെ മേൽവിലാസം എഴുതിയിരുന്നില്ല! പതിനാലാം തീയതി സന്ധ്യയ്ക്കു മൂന്ന് സഹപ്രവർത്തകരോടൊപ്പം സൂര്യകാന്തി തോട്ടം കാണാൻ നടന്നുപോയി തിരിച്ചു വരുമ്പോൾ റോഡിൽ വച്ച് ഷേർളിക്ക് തേളിന്റെ കുത്തേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കഠിനവേദന സഹിച്ച് പിറ്റേന്ന് ഷേർളി മരിച്ചു. ഈ വിവരം പറഞ്ഞ് ഷേർളിയുടെ സഹപ്രവർത്തകർ പിന്നീട് എനിക്കൊരു കത്ത് അയച്ചിരുന്നു. ആ കത്താണ് ഞാൻ സൂക്ഷിച്ചു വച്ചിരിക്കുന്ന, എനിക്ക് ലഭിച്ച അവസാനത്തെ കത്ത്. ജീവിതത്തെ പോസിറ്റീവ് ആയി നോക്കി കാണാൻ എല്ലാ കത്തുകളിലൂടെയും എന്നോട് പറഞ്ഞിരുന്ന ഷേർളിക്ക് ഞാൻ എഴുതിയ ഒരു പാട്ടെങ്കിലും റെക്കോർഡ് ചെയ്ത് കേൾക്കണമെന്ന് വളരെ ആഗ്രഹമുണ്ടായിരുന്നു. അതൊരിക്കലും സാധിച്ചില്ല. ആഗ്രഹങ്ങളെല്ലാം സാധ്യമായ ഒരു ജീവിതവും ഭൂമിയിൽ ഉണ്ടായിക്കാണില്ലല്ലോ...
ഒരുപക്ഷേ, മരിച്ചു പോയതുകൊണ്ട് മാത്രമാണോ ഷേർളി എന്നും ഓർമിക്കപ്പെടുന്നത്? അറിയില്ല..