ദുരന്തഭൂമിയിലെ സ്‌കൂൾ വീണ്ടും തുറന്നപ്പോഴുള്ള കുരുന്നുകളുടെ ദൃശ്യങ്ങൾ! വാസ്തവമറിയാം | Fact Check
Mail This Article
വയനാട് ഉരുൾപ്പൊട്ടലിന്റെ ദുരിത കാഴ്ച്ചകൾ മനസുതകർക്കുമ്പോൾ കേരളക്കരയുടേതൊന്നാകെ വിങ്ങലായി മാറിയ കാഴ്ച്ചയാണ് തകർന്ന സ്കൂളും മരണമടഞ്ഞതും കാണാതായതുമായ നിരവധി കുഞ്ഞുങ്ങളും. ഇപ്പോൾ വയനാട്ടിലേതെന്ന തരത്തിൽ ഒരു സ്‌കൂളില്‍ നിന്നുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദുരന്തത്തിനുശേഷം വയനാട്ടിലെ ഒരു സ്‌കൂള്‍ തുറന്നപ്പോഴുള്ള ദൃശ്യമെന്ന അവകാശവാദത്തോടെയാണ് വിഡിയോ പ്രചരിക്കുന്നത്
∙ അന്വേഷണം
*വയനാടിൽ ഇന്നലെ School തുറന്നപ്പോൾ കണ്ട കുട്ടികളുടെ കണ്ണീർ കാഴ്ചകൾ എന്ന തലക്കെട്ടോടെയാണ് വിഡിയോ പ്രചരിക്കുന്നത്. വിഡിയോ കാണാം
വിഡിയോയിൽ വിദ്യാര്‍ഥികള്‍ കരയുന്നതും അവരെ ആശ്വസിപ്പിക്കുന്ന അധ്യാപകരെയും കാണാം. വൈറൽ വിഡിയോ മുഴുവൻ പരിശോധിച്ചപ്പോൾ വിഡിയോയിലെ സ്‌കൂള്‍ കെട്ടിടത്തില്‍ ഗവ.ഹൈസ്‌ക്കൂള്‍ വരാമ്പറ്റ, വയനാട് എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. മറ്റ് സമാന വിഡിയോകൾ പരിശോധിച്ചപ്പോൾ അതോടൊപ്പമുള്ള കമെന്റുകളില്‍ പഴയ വിഡിയോയാണിതെന്നും വയനാട് വാരാമ്പറ്റ സ്‌കൂളിലെ അധ്യാപകരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് യാത്ര പറയുന്ന രംഗമാണ് ദൃശ്യങ്ങളിലുള്ളതെന്നും സൂചിപ്പിച്ചിട്ടുണ്ട്.വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിലെ വാരാമ്പറ്റ ഹൈസ്‌കൂളാണിതെന്ന് പരിശോധനയിൽ വ്യക്തമായി.
ഈ സൂചനയിൽ നിന്ന് വരാമ്പറ്റ സ്കൂളിന്റെ സമൂഹമാധ്യമ പേജുകളാണ് ഞങ്ങൾ പിന്നീട് തിരഞ്ഞത്. സ്കൂളിന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇതേ വിഡിയോ കണ്ടെത്തി.ഹൃദയം കൊണ്ട് കീഴടക്കിയവർ എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്ക്‌വച്ചിട്ടുള്ളത്. വിഡിയോ കാണാം.
GHS Varambetta എന്ന ഫെയ്‌സ്ബുക് പേജിലും ഇതേ വിഡിയോ പങ്ക് വച്ചിട്ടുണ്ട്. ജൂൺ 15ന് പോസ്റ്റ് ചെയ്ത വിഡിയോ, അധ്യാപനത്തിന്റെ മഹത്വവും, മാഹാത്മ്യവും ഒട്ടും ഒളിമങ്ങിയിട്ടില്ല എന്ന് വ്യക്തമാക്കുന്ന ഒരു സന്ദർഭമായിരുന്നു അത്. അധ്യാപന ജീവിതത്തിന്റെ തുടക്കകാലം തൊട്ട് വാരാമ്പറ്റയോട് ചേർന്ന് നിന്ന രണ്ട് അധ്യാപകർ മനോജ് മാഷും കിരൺ മാഷും* നീണ്ട കാലത്തെ സേവനത്തിന് ശേഷം വിദ്യാലയത്തിൽ നിന്നും പടിയിറങ്ങി പോകുമ്പോൾ പ്രിയപ്പെട്ട വിദ്യാർത്ഥികൾ നൽകിയ യാത്രയയപ്പ് ആരുടെയും കണ്ണ് നനയിപ്പിക്കും*.*വ്യക്തിപരമായ പ്രതിസന്ധികൾക്കിടയിലും തന്റെ മുന്നിലെത്തുന്ന മക്കളെ തങ്ങളുടെയും മക്കളാണെന്ന് തിരിച്ചറിഞ്ഞ് സ്നേഹം കൊണ്ട് മനസ്സ് കവർന്ന പ്രിയപെട്ട അധ്യാപകരുടെ സ്ഥലംമാറ്റം വിദ്യാലയത്തെ തന്നെ കണ്ണീരണിയിച്ചു എന്ന കുറിപ്പിനൊപ്പമാണ് പങ്ക് വച്ചിട്ടുള്ളത്.പോസ്റ്റ് കാണാം
സ്‌കൂളുമായി ബന്ധപ്പെട്ട ചിലരുമായി സംസാരിച്ചപ്പോൾ ഉരുൾപ്പൊട്ടൽ മേഖലയിലെ കുട്ടികളുമായി ബന്ധപ്പെടുത്തി തെറ്റായ പ്രചാരണമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.കുട്ടികൾക്ക് ഏറെ ഹൃദയബന്ധമുള്ള പ്രീയപ്പെട്ട അധ്യാപകരുടെ യാത്രയയ്പ്പുമായി ബന്ധപ്പെട്ട് പകർത്തിയ വിഡിയോയാണിതെന്ന് അവർ സ്ഥിരീകരിച്ചു.
ലഭ്യമായ വിവരങ്ങളിൽ നിന്ന് വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിലെ വാരാമ്പറ്റ ഹൈസ്‌കൂളിൽ നിന്നുള്ള പഴയ ദൃശ്യങ്ങളാണ് വയനാട് ദുരന്തത്തിന് ശേഷമുള്ളതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്നതെന്ന് വ്യക്തമായി.
∙ വസ്തുത
വൈറൽ വിഡിയോ ദൃശ്യങ്ങൾ വയനാട് ദുരന്തത്തിന് ശേഷം സ്‌കൂൾ തുറന്നപ്പോൾ ചിത്രീകരിച്ചതല്ല. വയനാട് ജില്ലയിലെ വരാമ്പറ്റ ഹൈസ്‌കൂളിലെ അധ്യാപകരുടെ യാത്രയയപ്പുമായി ബന്ധപ്പെട്ട വിഡിയോയാണിത്.
English Summary :The viral video footage was not filmed when the school opened after the Wayanad disaster