ADVERTISEMENT

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇപ്പോൾ ദുരന്തത്തിൽ മരിച്ചവരുടെ സംസ്‌കാരത്തിനും ദുരിതാശ്വാസ ക്യാമ്പ് നടത്തിപ്പിനുമായി സർക്കാർ വൻതുക ചെലവാക്കി എന്ന തരത്തിൽ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സന്നദ്ധ സംഘടനകള്‍ ചെയ്യുന്ന സേവനങ്ങള്‍ സര്‍ക്കാര്‍ സഹായം എന്ന രീതിയിലാക്കി പ്രചരിപ്പിക്കുകയാണെന്നാണ് പോസ്റ്റുകളിലെ ആരോപണം. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

∙ അന്വേഷണം

സത്യമാണോ ഈശ്വരാ മൃതദേഹങ്ങളുടെ സംസ്ക്കാര ചടങ്ങുകൾക്ക് ഒരാൾക്ക് 10,000 ചെലവാക്കി എന്ന് ' എന്തിനാണ് 10,000 രൂപ ചിലവായത്. സ്ഥലം സൗജന്യം കിട്ടിയത് കുഴി കുഴിക്കാൻ JCB ഫ്രി ആയി കിട്ടിയത്, അതിനുള്ള ജോലിക്കാർ മുഴുവനായി സന്നദ്ധ സേവകർ. മയ്യിത്ത് പരിപാലനത്തിന് ഉള്ള കഫം പുടവ മറ്റ് അസംസ്കൃത സാധനങ്ങൾ മുഴുവനായി ടെക്സ്റ്റയിൻ അസോസിയേഷൻ സൗജന്യം ആയി നൽകിയത്. പിന്നെ എന്താണ് ചിലവ്. കോടികൾ എങ്ങിനെ പോക്കറ്റിലാക്കാം എന്ന് ഗവേഷണം നടത്തുന്ന സർക്കാറിന് ഇത് പോലുള്ള കള്ള കണക്കും ആയിട്ട് ഇനിയൂവരും. നമ്മൾ ജനങ്ങൾ കഴുത. കൾ വെറുതെയല്ല എല്ലാ സേവകരെയും ഒഴിവാക്കി എല്ലാം ഞങ്ങൾ നോക്കിക്കോളാം എന്ന് പറഞ്ഞ് നടന്നത് ജനങ്ങളുടെ ദുരിതം ഒരു അശ്വാസം ആണ് സർക്കാരിന് എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം

മറ്റൊരു പോസ്റ്റ് കാണാം

ജനങ്ങളെ പൊട്ടനാക്കുന്ന കണക്കുകൾ മൃതദേഹങ്ങളുടെ സംസ്ക്കാര ചടങ്ങുകൾക്ക് ഒരാൾക്ക് 10,000 ചെലവാക്കിയെന്ന് സർക്കാർ'.എന്തിനാണ് 10,000 രൂപ ചിലവായത്. സ്ഥലം സൗജന്യമായി കിട്ടിയത്, കുഴി കുഴിക്കാൻ JCB ഫ്രിയായി കിട്ടിയത്, അതിനുള്ള ജോലിക്കാർ മുഴുവനായി സന്നദ്ധ സേവകർ എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പ്

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തുക അനുവദിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ് ഞങ്ങൾ ആദ്യം തിരഞ്ഞത്. എന്നാൽ ക്യാമ്പുകൾക്ക് 307 കോടി രൂപ ചെലവായെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളൊന്നും തന്നെ ലഭ്യമായില്ല.

കൂടുതൽ തിരയലിൽ ഓഗസ്റ്റ് 20-ന് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിന്റെ വിഡിയോ ലഭിച്ചു.നിലവിൽ 219 കുടുംബങ്ങൾ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.മറ്റുള്ളവർ വാടക വീടുകളിലേയ്ക്കും കുടുംബ വീടുകളിലേയ്ക്കും മാറിയിട്ടുണ്ട്. ഇവർക്ക് സർക്കാർ അനുവദിച്ച വാടക നൽകും.ഇവർക്ക് 75 സർക്കാർ ക്വാർട്ടേഴ്സുകൾ അറ്റകുറ്റപ്പണികൾ നടത്തി താമസയോഗ്യമാക്കി. സർക്കാർ കണ്ടെത്തിയ 177 വീടുകൾ വാടകയ്ക്ക് നൽകാൻ ഉടമസ്ഥർ തയ്യാറായിട്ടുണ്ട്. 179 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ല.ഈ കുടുംബങ്ങളിൽ നിന്ന് 65 പേരാണ് മരണമടഞ്ഞത്. അഞ്ച് പേരുടെ ഏറ്റവും അടുത്ത ബന്ധുക്കളെ കണ്ടെത്താനാകാത്ത സ്ഥിതിയാണ്.ഡി.എൻ.എ. പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നു. മരണപ്പെട്ട 59 പേരുടെ ആശ്രിതർക്ക് എസ്.ഡി.ആർ.എഫിൽ നിന്നും 4 ലക്ഷവും സി.എം.ഡി.ആർ.എഫിൽ നിന്നും 2 ലക്ഷവും അടക്കം 6 ലക്ഷം രൂപ വീതം ഇതിനകം വിതരണം ചെയ്തു. 691 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം വിതരണം ചെയ്തു. ഇതിനു പുറമെ 172 പേരുടെ മരണാനന്തര ചടങ്ങുകൾക്കായി 10,000 രൂപ വീതം കുടുംബങ്ങൾക്ക് കൈമാറി എന്ന് ഈ വിഡിയോയിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നുണ്ട്. ഈ വിവരങ്ങൾ പിആർഡി വെബ്സൈറ്റിലും  നൽകിയിട്ടുണ്ട്.

മൃതദേഹം സംസ്‌കരിക്കുന്നതിനായി  സർക്കാർ പതിനായിരം രൂപ വീതം ചെലവാക്കി എന്ന പ്രചാരണം തെറ്റാണെന്നും ഈ തുക മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് സംസ്‌കാര ചടങ്ങുകൾക്കായി അനുവദിച്ചതാണെന്നും ഇതിൽ നിന്ന് വ്യക്തമായി.

സ്ഥിരീകരണത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസുമായി ചേർന്ന് ധനസഹായങ്ങൾ ലഭ്യമാക്കുന്ന വയനാട്ടിലെ റവന്യു, ജില്ലാ ഭരണകൂടം  അധികൃതരുമായും ഞങ്ങൾ സംസാരിച്ചു. ക്യാമ്പ് നടത്തിപ്പിന് 307 കോടി ചെലവായെന്ന് സർക്കാർ പറഞ്ഞെന്ന അവകാശവാദം തെറ്റാണെന്ന് അവർ വ്യക്തമാക്കി. പതിനായിരം രൂപ സര്‍ക്കാര്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹം സംസ്‌ക്കാരിക്കുന്നതിന്  ചെലവാക്കിയ തുകയല്ല, മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിന് അടിയന്തിര ധനസഹായമായി അനുവദിച്ച തുകയാണ്. ജില്ലാ ഭരണകൂടം വഴി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് ഇത് അര്‍ഹതപ്പെട്ടവർക്ക് നൽകുന്നത്.അവർ വ്യക്തമാക്കി.

വയനാട് ജില്ലയിലെ ഉരുൾപ്പൊട്ടലുണ്ടായ പ്രദേശത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ നിന്ന് 6 കോടി നൽകിയത് സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പും ലഭിച്ചു.

കൂടാതെ ഉരുൾപ്പൊട്ടലിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും ഗുരുതര പരിക്കേറ്റവർക്കും വൈകല്യം സംഭവിച്ചവർക്കും സർക്കാർ ധനസഹായം അനുവദിച്ചതുമായി ബന്ധപ്പെട്ട ഉത്തരവും ലഭ്യമായി

ലഭ്യമായ വിവരങ്ങളിൽ നിന്ന് വയനാട് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ പതിനായിരം രൂപ വീതം സർക്കാർ ചെലവാക്കി എന്ന ആരോപണവും ശരിയല്ല. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് മരണാനന്തര ചടങ്ങുകൾ നടത്താനാണ് സർക്കാർ ഈ പണം അനുവദിച്ചതെന്ന് വ്യക്തമായി.ഉരുൾ ദുരന്തത്തിൽ മരിച്ച 172 പേരുടെ മരണാനന്തര ചടങ്ങുകൾക്കായി സർക്കാർ 10,000 രൂപ വീതം കുടുംബാംഗങ്ങൾക്ക് കൈമാറിയിരുന്നു. മാത്രമല്ല, 691 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതവും നൽകിയിട്ടുണ്ട്. മരണപ്പെട്ട 59 പേരുടെ ആശ്രിതർക്ക് എസ.ഡി.ആർ.എഫിൽ നിന്ന് 4 ലക്ഷവും സി.എം.ഡി.ആർ.എഫിൽ നിന്ന് 2 ലക്ഷവും അടക്കം 6 ലക്ഷം രൂപ വീതം വിതരണം ചെയ്തിട്ടുണ്ട്.

∙ വസ്തുത

370 കോടി രൂപ ദുരിതാശ്വാസ ക്യാമ്പ് നടത്തിപ്പിന് ചെലവായതായി സംസ്ഥാന സർക്കാർ അറിയിച്ചെന്ന വാദം തെറ്റാണ്. വയനാട് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ പതിനായിരം രൂപ വീതം സർക്കാർ ചിലവാക്കി എന്ന ആരോപണവും ശരിയല്ല. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് മരണാനന്തര ചടങ്ങുകൾ നടത്താനാണ് സർക്കാർ ഈ പണം അനുവദിച്ചത്.

English Summary:The social media campaign regarding the cremation of the dead bodies of the Wayanad disaster is misleading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com