ADVERTISEMENT

വയനാട്ടിലെ ദുരന്തമുഖത്ത് നിന്നുള്ള വിലാപങ്ങളും കണ്ണീരും ഇതുവരെയും തോർന്നിട്ടില്ല. ദുരിതബാധിതരുടെ അതിജീവനത്തിന്റെ നാളുകളിലേയ്ക്കാണ് ഇനി കേരളം ഉറ്റുനോക്കുന്നത്. ഇതിനിടെ

നിരവധി വാർത്തകളും ചിത്രങ്ങളും വിഡിയോകളും ദുരന്തമേഖലയിൽ നിന്ന് പുറത്തു വരുന്നുണ്ട്. ഇതിൽ ഉരുൾപ്പൊട്ടൽ നേരത്തെ അറിഞ്ഞ് സുരക്ഷിതസ്ഥാനത്തേയ്ക്ക് പോകുന്ന ആനക്കൂട്ടം എന്ന അവകാശവാദത്തോടെയുള്ള ഒരു വിഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വയനാട് ഉരുളൂപൊട്ടൽ ഉണ്ടാകുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപ് ആനകൾ കൂട്ടത്തോടെ മലയിറങ്ങി സുരക്ഷിതമായ സ്ഥാനത്തേക്ക് നീങ്ങുന്നത് കണ്ടതായി രക്ഷപ്പെട്ട ചിലർ പറഞ്ഞു.മാത്രമല്ല ഇത്രയും മൃതദേഹങ്ങൾ കിട്ടിയെങ്കിലും ഒരാനയുടെ പോലും ജഡം കിട്ടിയതുമില്ല എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പ്.പോസ്റ്റ് കാണാം.

ടിറ്ററിലും നിരവധി പേർ ഇതേ അവകാശവവാദങ്ങളുമായി ഈ വിഡിയോ   പങ്ക്‌വച്ചിട്ടുണ്ട്.

എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം

∙ അന്വേഷണം

റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ വിഡിയോയുടെ കീഫ്രെയിമുകള്‍ പരിശോധിച്ചപ്പോൾ ഒരു ഇൻസ്റ്റഗ്രാം പേജിൽ “900 kandi യിലെ VIP’s..” എന്ന കുറിപ്പിനൊപ്പം പങ്ക്‌വച്ച ഇതേ വിഡിയോ ഞങ്ങൾക്ക് ലഭിച്ചു.

#wayanad #explore #nature #wayanadtourism #green #forest #vibe #viral എന്നീ ഹാഷ്ടാഗുകളും ഇതോടൊപ്പം നൽകിയിട്ടുണ്ട്. ജനുവരി 12നാണ് വിഡിയോ പങ്ക്‌വച്ചിട്ടുള്ളത്.വയനാടുള്ള 900 കണ്ടി എന്ന സ്ഥലത്തു നിന്നാണ് വിഡിയോ ചിത്രീകരിച്ചിട്ടുള്ളതെന്ന് ഇതിൽ നിന്ന് വ്യക്തമായി. കമന്റുകളിലും സ്ഥലം 900 കണ്ടിയാണെന്ന് പറയുന്നുണ്ട്.

ഇൻസ്റ്റഗ്രാമിലെ തന്നെ മറ്റൊരു വിഡിയോയിലും  ഇതേ വിഡിയോ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വിഡിയോയിലും ദൃശ്യങ്ങൾ വയനാട്ടിലെ 900 കണ്ടിയിലേതാണെന്നാണ് വ്യക്തമാക്കുന്നത്. വിഡിയോയിലുള്ളവർ മലയാളത്തിലാണ് സംസാരിക്കുന്നതും. കൂടാതെ കമന്റുകൾ പരിശോധിച്ചപ്പോൾ 900 കണ്ടിലെ ഒരു ചായക്കടയിൽ നിന്നാണ് വൈറൽ ദൃശ്യങ്ങൾ ആളുകൾ പകർത്തുന്നതെന്നും വ്യക്തമാക്കുന്നുണ്ട്. ഈ സൂചനകൾ വച്ച് പ്രദേശത്തിന്റെ ഗൂഗിൾ മാപ്പ് വിവരങ്ങളും ചിത്രങ്ങളും പരിശോധിച്ചപ്പോൾ വൈറൽ വിഡിയോയിലെ ഇതേ ചായക്കടയും റോഡും ഉൾപ്പെടുന്ന ചിത്രങ്ങൾ ഞങ്ങൾക്കു ലഭിച്ചു. ഇത് വയനാട് മേപ്പാടി–ചൂരൽമല റോഡിൽ 900 കണ്ടി ഗ്ലാസ് ബ്രിഡ്‌ജ് പാർക്കിംങ്ങിന് തൊട്ടടുത്ത് റോഡരികിലുള്ള Montana Teashop എന്ന് പേരുള്ള ചായക്കടയിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണെന്ന് വ്യക്തമായി.

ലഭ്യമായ വിവരങ്ങളിൽ നിന്ന് വൈറൽ പോസ്റ്റിലെ ആനക്കൂട്ടം യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ വയനാട്ടിലെ 900 കണ്ടി എന്ന സ്ഥലത്തെ ഒരു ചായക്കടയിൽ നിന്ന് പകർത്തിയതാണ്. 2024 ജനുവരി മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങൾ വയനാട് ദുരന്തത്തിന് മുന്നോടിയായിട്ടുള്ളതല്ല. പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.  

∙ വസ്തുത

ആനക്കൂട്ടം യാത്ര ചെയ്യുന്ന വൈറൽ ദൃശ്യങ്ങൾ 2024 ജനുവരി മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതാണ്. വിഡിയോയ്ക്ക് വയനാട് നടന്ന ഉരുൾപ്പൊട്ടലുമായി ബന്ധമില്ല.

English Summary :The viral video of a herd of elephants  has not related with the Wayanad Landslide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com