ADVERTISEMENT

കോട്ടയത്ത് സ്വകാര്യ ബസിലെ കണ്ടക്ടറെ വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഇതിന് പിന്നാലെ അക്രമത്തിന് നേതൃത്വം നൽകിയത് കെഎസ്‌യുവാണെന്ന തരത്തിൽ നിരവധി പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്.

കേരളം ഭാവിയിൽ ഇതുപോലുള്ള ഗുണ്ടകൾ അഴിഞ്ഞാടുന്ന UP&ഗുജറാത്ത്‌ മോഡൽ സംസ്ഥാനങ്ങൾ പോലെ ആവാതിരിക്കാൻ ഇടതു പക്ഷത്തെയും SFI യെയും ശക്തിപ്പെടുത്തുക.KSU ഗുണ്ടകളുടെ ഈ അഴിഞ്ഞാട്ടം ജനങ്ങളിലേക്ക് എത്തിക്കുക .കേരളത്തെ വലതുപക്ഷ ഗുണ്ട മാഫിയകളിൽ നിന്നും രക്ഷിക്കുക എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്. വിഡിയോ കാണാം 

എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

∙ അന്വേഷണം

ഇതേ സംഭവുമായി ബന്ധപ്പെട്ട് വിദ്യാർഥിനിക്ക് കൺസഷൻ കൊടുത്തില്ല, ബസ് കണ്ടക്ടർക്ക് യുവാക്കളുടെ മർദനം എന്ന തലക്കെട്ടോടെ മനോരമ ഓൺലൈൻ നൽകിയ വാർത്ത കാണാം. 

യൂണിഫോമും കൺസഷൻ കാർഡുമില്ലാതെ സ്റ്റുഡന്റ്സ് കൺസഷൻ ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയുടെ യാത്ര ചോദ്യം ചെയ്ത ബസ് കണ്ടക്ടർക്ക് മർദനം. മാളികക്കടവ് –കോട്ടയം റൂട്ടിലോടുന്ന ബസിന്റെ കണ്ടക്ടർ പ്രദീപിനാണ് മർദനമേറ്റതെന്നാണ് വാർത്തയിൽ വ്യക്തമാക്കുന്നത്. കൂടാതെ പെൺകുട്ടി ബസിൽനിന്ന് ഇറങ്ങിയശേഷം സഹോദരനെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി കണ്ടക്ടറെ മർദിക്കുകയായിരുന്നു എന്നും വാർത്തയിൽ സൂചിപ്പിക്കുന്നുണ്ട്.എന്നാൽ വാർത്തയിലെവിടെയും തന്നെ കേസിൽ കെഎസ്‌യു പ്രവർത്തകർ ഉൾപ്പെട്ടതായുള്ള സൂചനകൾ ലഭിച്ചില്ല. 

അക്രമത്തിൽ പരുക്കേറ്റ വ്യക്തിയുമായി അടുത്ത ബന്ധമുള്ള ചിലരുമായി ഞങ്ങൾ സംസാരിച്ചു. എന്നാൽ സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർ ഉൾപ്പെട്ടിട്ടില്ലെന്നാണ് അവരും വ്യക്തമാക്കിയത്.കേസിൽ രാഷ്ട്രീയപരമായ യാതൊരു വിഷയങ്ങളുമില്ലെന്നും കൺസഷൻ സംബന്ധമായ വിഷയത്തിലാണ് പ്രകോപനമുണ്ടായതും തുടർന്ന് ആക്രമണത്തിൽ കലാശിച്ചതെന്നും അന്നേ ദിവസം ബസിൽ യാത്ര ചെയ്ത ചിലരിൽ നിന്നും ഞങ്ങൾക്ക് വിവരം ലഭിച്ചു.

കണ്ടക്‌ടര്‍ സഭ്യമല്ലാത്ത രീതിയില്‍ ചോദ്യം ചെയ്തതിലുണ്ടായ മനോവിഷമത്തിലാണ് താന്‍ സഹോദരങ്ങളോട് പറഞ്ഞതെന്നും അതില്‍ പ്രകോപിതരായ സഹോദരങ്ങള്‍ ഡ്രൈവറെ മര്‍ദ്ദിച്ചതെന്നും പിന്നീട് പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.മനോരമ ന്യൂസിന്റെ വിഡിയോ കാണാം

കേസ് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾക്കായി ഞങ്ങൾ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത ചിങ്ങവനം എസ്.ഐയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭ്യമായിട്ടില്ല. വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് വാർത്ത അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. എന്നാൽ മറ്റ് ചില പൊലീസ് വ‍ൃത്തങ്ങളിൽ നിന്ന് കെഎസ്‌യു പ്രവർത്തകർക്ക് സംഭവവുമായി യാതൊരു ബന്ധമില്ലെന്ന വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ നിന്ന് ബസ് കണ്ടക്ടറെ ആക്രമിച്ചത് കെഎസ്‌യു പ്രവര്‍ത്തകരാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അനുമാനിക്കുന്നു. 

∙ വസ്തുത

കെഎസ്‌യു പ്രവര്‍ത്തകരാണ് സ്വകാര്യ ബസ് കണ്ടക്‌ടറെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

English Summary:The posts claiming that the private bus conductor was brutally beaten up by KSU activists are misleading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com