ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞിട്ടില്ല; പ്രചാരണം വ്യാജം | Fact Check
Mail This Article
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിലുള്ള തർക്കങ്ങളും വാക്പോരുകളുമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇതിനിടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കില്ലെന്നും അതേസമയം അവശ്യസാധനങ്ങൾ വയനാട്ടിലെത്തിക്കുമെന്നും നടൻ മമ്മൂട്ടി പറഞ്ഞെന്ന അവകാശവാദവുമായി ചില പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോസ്റ്റിന്റെ വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു.വസ്തുതയറിയാം.
∙ അന്വേഷണം
ഞങ്ങൾക്ക് ലഭിച്ച വൈറൽ കാർഡിൽ വയനാടിന് കൈത്താങ്ങായി മമ്മൂട്ടിയും, അവശ്യ സാധനങ്ങൾ എത്തിക്കും എന്ന തലക്കെട്ടിനൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കില്ല അവശ്യസാധനങ്ങൾ വയനാട്ടിലെത്തിക്കുമെന്ന് നടൻ മമ്മൂട്ടി എന്നാണ് നൽകിയിരിക്കുന്നത്. കാർഡ് പരിശോധിച്ചപ്പോൾ മാതൃഭൂമി.കോം എന്നും വാർത്തയിൽ നൽകിയിട്ടുള്ളതായി കണ്ടു. വെബ്സൈറ്റ് പരിശോധിച്ചപ്പോൾ വയനാടിന് കെെത്താങ്ങായി മമ്മൂട്ടിയും, അവശ്യസാധനങ്ങൾ എത്തിക്കും എന്ന തലക്കെട്ടോടെ നൽകിയ വാർത്ത ലഭിച്ചു.
വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി നടൻ മമ്മൂട്ടി. നടൻ നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും വ്യവസായി സി.പി സാലിഹിന്റെ സിപി ട്രസ്റ്റും സംയുക്തമായാണ് ദുരന്തനിവാരണത്തിനായി വയനാട്ടിലേക്ക് പുറപ്പെടുന്നത് എന്നാണ് റിപ്പോർട്ടിലുള്ളത്.
കൂടുതൽ പരിശോധനയിൽ മനോരമ ന്യൂസ് നൽകിയ റിപ്പോർട്ടും ലഭ്യമായി.
ആംബുലൻസ്, പ്രഥമ ശുശ്രൂഷ മരുന്നുകൾ, ഭക്ഷണം, വസ്ത്രങ്ങൾ, പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ സാധനങ്ങളുമായാണ് സംഘം വയനാട്ടിലേക്ക് പുറപ്പെടുന്നത്. ഈ വലിയ ദുരന്തം ഏറെ ദുഃഖകരമാണ്. വയനാടിനെ ചേർത്തുപിടിക്കുമെന്നും ആവശ്യത്തിനായി സാധനങ്ങൾ എത്തിച്ചു നൽകുമെന്നും കെയർ ആൻഡ് ഷെയർ അറിയിച്ചു. നാടിന്റെ ഈ അവസ്ഥയെ മറികടക്കാൻ എല്ലാവരും ഒത്തുചേർന്നു പ്രവർത്തിക്കുമെന്ന് സിപി ട്രസ്റ്റ് ചെയർമാൻ സി.പി സാലി അഭിപ്രായപ്പെട്ടു.
എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കില്ലെന്ന് മമ്മൂട്ടി എവിടെയും പറഞ്ഞതായുള്ള റിപ്പോർട്ടുകളൊന്നും തന്നെ കണ്ടെത്താനായില്ല. കൂടുതൽ റിപ്പോർട്ടുകൾ തിരഞ്ഞപ്പോൾ താരം ദുരിതാശ്വാസ നിധിയിലേക്കു പണം നല്‍കിയെന്ന റിപ്പോര്‍ട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു.
വയനാടിലെ ദുരിതബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഘട്ടമെന്ന നിലയിൽ മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് കൈമാറിയത്. സഹായധനം മന്ത്രി പി.രാജീവ് ഏറ്റുവാങ്ങി. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്. ദുൽക്ക൪ സൽമാന്റെ ചെക്ക് മന്ത്രിയും മമ്മൂട്ടി നൽകുന്ന തുകയുടെ ചെക്ക് ജില്ലാ കലക്ടറും ഏറ്റുവാങ്ങി എന്നാണ് വിവിധ മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മമ്മൂട്ടി ആദ്യഘട്ട സഹായമാണ് കൈമാറുന്നതെന്ന് വ്യക്തമാക്കി മന്ത്രി പി.രാജീവും അദ്ദേഹത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിൽ പോസ്റ്റ് പങ്ക്‌വച്ചിരുന്നു
ലഭ്യമായ വിവരങ്ങളിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കില്ല അവശ്യസാധനങ്ങൾ വയനാട്ടിലെത്തിക്കുമെന്ന് നടൻ മമ്മൂട്ടി പറഞ്ഞെന്ന അവകാശവാദവുമായി പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണെന്ന് വ്യക്തമായി. ദുരിതാശ്വാസ നിധിയിലേയേക്ക് ആദ്യഘട്ട സഹായവും ഇത് കൂടാതെ അവശ്യസാധനങ്ങളും മമ്മൂട്ടി നൽകിയിട്ടുണ്ട്.
∙ വസ്തുത
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കില്ല, അവശ്യസാധനങ്ങൾ വയനാട്ടിലെത്തിക്കുമെന്ന് നടൻ മമ്മൂട്ടി പറഞ്ഞെന്ന അവകാശവാദവുമായി പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണ്.
English Summary:The posts circulating claiming that actor Mammootty said that he will not give money to the Chief Minister's relief fund and will bring essential goods to Wayanad are fake