സമ്പൂർണ നക്ഷത്രഫലം 2019 – രോഹിണി : കാണിപ്പയ്യൂർ

ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കുന്നതുവഴി ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തീർക്കുവാനും സുഖകരമായ  ജീവിതം നയിക്കുവാനുള്ള സാഹചര്യങ്ങൾ വന്നുചേരും. തന്മൂലം കുടുംബാംഗങ്ങളുടെ കാര്യങ്ങൾ വേണ്ടവിധത്തിൽ നോക്കുവാനും   ജീവിതപങ്കാളിയോടൊപ്പം  ഒരുമിച്ചു താമസിപ്പിക്കാൻ തക്കവണ്ണം സാഹചര്യങ്ങൾ ഉണ്ടാവുന്നതിനും യോഗം കാണുന്നുണ്ട്. ചിരകാല അഭിലാഷപ്രാപ്തിയായ വിദേശയാത്ര സഫലമാകും. 

ഉദ്യോഗത്തിൽ പഠനത്തിനോടനുബന്ധമായോ  പ്രവൃത്തി ചെയ്യുന്ന മേഖലകളോടനുബന്ധമായോ   സ്ഥാനക്കയറ്റം ലഭിക്കാനുള്ള  യോഗം ഉണ്ട്. തന്മൂലം മനസ്സിനും കുടുംബത്തിനും തന്നെ വളരെ സമാധാനമായിട്ടുള്ള അന്തരീക്ഷം വന്നുചേരും. വ്യാവസായിക വ്യാപാര മേഖലകളിൽ വിപുലീകരണവും  അതിന്റെ  ഫലപ്രാപ്തി  ഈ വര്‍ഷം ലഭിക്കുന്നതുമാണ് . ഏതൊരു സങ്കീർണമായിട്ടുള്ള വിഷയങ്ങളേയും നിഷ്പ്രയാസം അഭിമുഖീകരിക്കുവാനും ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാനുമുള്ള  സാഹചര്യങ്ങൾക്ക് വഴിയൊരുക്കുവാനും സാധ്യത കാണുന്നു. 

ഔദ്യോഗികമായിട്ടുള്ള മേഖലകളിൽ മേലധികാരി സ്ഥാനം വഹിക്കുന്നതുവഴി അധികാരപരിധി വർധിക്കും. കീഴ്ജീവനക്കാരുടെ പിൻബലത്താൽ പൂർണ ഉത്തരവാദിത്വത്തോടുകൂടി  ബൃഹത് പദ്ധതികൾ വിഭാവനം ചെയ്യും. കാർഷിക മേഖലയിൽ നിന്നും ആദായം വർധിക്കും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിലോ മത്സരങ്ങളിലോ അനുകൂലമായ വിജയം കൈവരിക്കുന്നതുവഴി പൊതുജനഅംഗീകാരം ലഭിക്കും. 

ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും, വിദ്യാർഥികൾക്ക് അനുകൂലമായ വിജയം  വന്നുചേരും. കഴിഞ്ഞ ഒരു വർഷം ചില പരാജയങ്ങളൊക്കെ സംഭവിച്ചതിനെ അതിജീവിച്ചു കൊണ്ട് വിജയപ്രതീക്ഷകളെല്ലാം തന്നെ ഫലപ്രാപ്തി നേടുവാനുള്ള അവസരം ഉണ്ടായിത്തീരും. കുടുംബാംഗങ്ങളുടെ കാര്യങ്ങൾ വേണ്ടവിധത്തിൽ നിവർത്തിക്കുവാൻ സാധിക്കുന്നതാണ്. മറന്നു കിടപ്പുള്ള പല കാര്യങ്ങളും ക്രോഡീകരിക്കുവാനും ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാനും സാധിക്കും. വസ്തു തർക്കം പരിഹരിക്കുന്നതു വഴി ആശ്വാസത്തിനും അർഹമായിട്ടുള്ള പൂർവികസ്വത്ത് രേഖാപരമായി ലഭിക്കുവാനും യോഗം കാണുന്നുണ്ട്. 

വാസ്തുശാസ്ത്ര പിഴയുള്ള ഗൃഹം വിൽപന ചെയ്ത് മറ്റൊരു ഗൃഹം വാങ്ങിക്കുവാനുള്ള സാഹചര്യം ഉണ്ടാവും . വാസ്തുശാസ്ത്ര പ്രകാരം മാറ്റങ്ങൾ വരുത്തി താമസിക്കാൻ ഉദ്ദേശിക്കുന്നവർക്കാണെങ്കിൽ പോലും അതിനുള്ള സാഹചര്യങ്ങൾ  വന്നുചേരും.  സാമ്പത്തികമായിട്ടുള്ള വിഷയത്തിൽ വരുമാന മാർഗം ധാരാളം ഉണ്ടാകുന്നതു വഴി നീക്കിയിരിപ്പ് ഉണ്ടാവും . എന്നിരുന്നാൽ പോലും ചിലപ്പോൾ  വഞ്ചനയിലകപ്പെടുവാനുള്ള സാധ്യതയുള്ളതിനാൽ  സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്യുന്നവർ  കൂടുതൽ ശ്രദ്ധിക്കേണ്ടതായുണ്ട്  . 

നീർദോഷ നാഡീ രോഗപീഡകളെക്കൊണ്ട് അസ്വാസ്ഥ്യം അനുഭവപ്പെടുവാനുള്ള യോഗം ഉള്ളതുകൊണ്ട് ഭക്ഷണ ക്രമീകരണങ്ങളിൽ ചില മാറ്റങ്ങളൊക്കെ വരുത്തേണ്ടതായ സാഹചര്യം ഉണ്ടായിത്തീരും. പ്രകൃതിദത്തമായ ഔഷധരീതികളും വ്യായാമമുറകളും ദിനചര്യയിൽ ഉൾപ്പെടുത്തേണ്ടതായി വരും .  പകർച്ചവ്യാധി പിടിപെടുവാനുള്ള സാധ്യത കാണുന്നു. 

ജീവിതനിലവാരം വർധിക്കുന്നതു വഴി മാതാപിതാക്കളെ ഒരുമിച്ചു താമസിപ്പിക്കുവാൻ തക്കവണ്ണം വിസ്തൃതിയുള്ളൊരു ഗൃഹം വാങ്ങി താമസിക്കും . ആദ്ധ്യാത്മിക ആത്മീയ ചിന്തകൾ മനസമാധാനത്തിനു വഴിയൊരുക്കും. സത്യാവസ്ഥകൾ മനസ്സിലാക്കി യാഥാർഥ്യങ്ങളെ ഉൾക്കൊണ്ടു കൊണ്ട് ജീവിതം നയിക്കുവാനുള്ള സാഹചര്യങ്ങൾ വന്നു ചേരുന്നതിനാൽ  രോഹിണി നക്ഷത്രക്കാർക്ക്   ഐശ്വര്യവും സമാധാനവും ഉണ്ടാക്കിത്തരുന്ന ഒരു വർഷമാണ് 2019.