കോളജുകളില്‍ കലയുടെയും ജീവകാരുണ്യത്തിന്റെയും സത്യസന്ധതയുടെയും കേളികൊട്ട്

അക്കാദമിക വര്‍ഷം അവസാനിക്കാന്‍ ഇനി കുറച്ചു മാസങ്ങള്‍ മാത്രം. നഗരത്തിലെ കോളജുകളില്‍ ഇതു വാര്‍ഷിക ഫെസ്റ്റുകളുടെ നേരമാണ്. പാട്ടും ആട്ടവും അടിച്ചുപൊളിയും മാത്രമല്ല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇത്തരം വാര്‍ഷിക ഇവന്റുകളുടെ ഭാഗമായി കോളജുകളില്‍ നടക്കുന്നുണ്ട്. ക്യാംപസില്‍ സ്ഥാപിച്ചിരുന്ന ഓണസ്റ്റി ഷോപ്പില്‍ നിന്നു ലഭിച്ച തുക സഹജീവികള്‍ക്കു വേണ്ടി വിനിയോഗിക്കുന്ന തിരക്കിലാണു തേവര സേക്രഡ് ഹാര്‍ട്ട് കോളജ് വിദ്യാർഥികള്‍. 

എറണാകുളം മഹാരാജാസ് കോളജും തങ്ങളുടെ ആര്‍ട്‌സ് ഫെസ്റ്റും യൂണിയന്‍ ഡേയും ഡിസംബര്‍ 17 മുതല്‍ 19 വരെ ആഘോഷിച്ചു. കിത്താബ് എന്നു പേരിട്ട പരിപാടിയില്‍ വിദ്യാർഥികള്‍ തങ്ങളുടെ സര്‍ഗ്ഗാത്മക കഴിവുകളും, അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും നിര്‍ഭയം അവതരിപ്പിച്ചു. 

മൂന്നു വേദികളിലായി ഡിസംബര്‍ 17 മുതല്‍ 19 വരെ നടന്ന ആര്‍ട്‌സ് ഫെസ്റ്റിന്റെ ഭാഗമായി നിരവധി സാഹിത്യ, സാംസ്‌കാരിക പരിപാടികളില്‍ വിദ്യാർഥികള്‍ തങ്ങളുടെ മാറ്റുരച്ചു. ഒരു നൂറ്റാണ്ടിലേറെക്കാലം സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളില്‍ നിരവധി പ്രതിഭകളെ സമ്മാനിച്ച കലാലയമാണു മഹാരാജാസ് കോളജ്. ഇനിയും ഒട്ടേറെ പ്രതിഭകള്‍ ഇവിടെ നിന്നുയര്‍ന്നു വരുമെന്ന കാഹളമുയര്‍ത്തിയാണു ആര്‍ട്‌സ് ഫെസ്റ്റവലിന്റെ ഒടുവിലത്തെ പതിപ്പും കടന്നു പോയത്. 

ആര്‍ട്‌സ് ഫെസ്റ്റിനു മുന്‍പായി നടന്ന കോളജ് യൂണിയന്‍ ഡേ രക്തസാക്ഷിയായ വിദ്യാര്‍ത്ഥി നേതാവ് അഭിമന്യുവിനാണ് സമര്‍പ്പിക്കപ്പെട്ടത്. 

സത്യസന്ധതയുടെ വിജയം
തേവര സേക്രഡ് ഹാര്‍ട്ട് കോളജ് 2016ലാണ് ഓണസ്റ്റി ഷോപ്പ് ക്യാംപസില്‍ സ്ഥാപിച്ചത്. ഈ ഷോപ്പിലെത്തി വിദ്യാരി‍ഥികള്‍ക്കു സ്റ്റേഷനറി സാധനങ്ങള്‍ എടുക്കാം. എന്നിട്ട് അതിന്റെ തുക അടുത്ത് സ്ഥാപിച്ചിരിക്കുന്ന ഡ്രോപ്പ് ബോക്‌സില്‍ ഇടാം. നിരീക്ഷണത്തിനൊന്നും ആരും ഉണ്ടാകില്ല. ബോക്‌സ് നിറയുമോ എന്നതു കുട്ടികളുടെ സത്യസന്ധതയെ മാത്രം ആശ്രയിച്ചിരിക്കും. സ്റ്റുഡന്റ് ഡവലപ്‌മെന്റ് ഓഫീസര്‍ തോമസ് ആണ് ഈ ആശയം മുന്നോട്ട് വച്ചത്. ഇംഗ്ലീഷ് വകുപ്പിലെ ഫാ. സാബു തോമസിന്റെ മേല്‍നോട്ടത്തില്‍ ജീസസ് യൂത്ത് വിങ്ങാണ് ഓണസ്റ്റി ഷോപ്പ് കൈകാര്യം ചെയ്തത്. 

ആദ്യമൊക്കെ പലരും സംശയാലുക്കള്‍ ആയിരുന്നെങ്കിലും ഓണസ്റ്റി ഷോപ്പ് കോളജില്‍ വന്‍ വിജയമായി. യുവാക്കളുടെ നേരിന്റെ, നെറിയുടെ നേര്‍ക്കാഴ്ചയുമായി.

MORE IN CAREER GURU