ക്യാറ്റിലെ ഇരട്ട മധുരവുമായി ഇരട്ട സഹോദരങ്ങൾ

മറ്റുള്ളവര്‍ക്ക് എന്നും വിസ്മയമായിരുന്നു ഇരട്ടസഹോദരങ്ങളായ അഭിഷേക് ഗാര്‍ഗും അനുഭവ് ഗാര്‍ഗും. മത്സരിച്ചു പഠിച്ച സഹോദരന്മാര്‍ ക്ലാസുകളില്‍ എപ്പോഴും ഒന്നാമന്മാരായിരുന്നു. ജെഇഇ പരീക്ഷയുടെ കടമ്പ ചാടിക്കടന്ന് ഐഐടി ഡല്‍ഹിയില്‍ പ്രവേശനം നേടിയതും ഒരുമിച്ച്. ഒടുവിലിതാ ഐഐഎമ്മിലേക്കുള്ള പ്രവേശന പരീക്ഷയായ ക്യാറ്റിലും സഹോദരന്മാര്‍ക്ക് ഇരട്ടി മധുരം. രണ്ടു മിനിട്ടിന്റെ മൂപ്പുള്ള അഭിഷേക് 99.99 പേര്‍സന്റൈല്‍ നേടിയപ്പോള്‍ അനുഭവ് വെറും 0.2 പേര്‍സന്റൈലിന്റെ വ്യത്യാസത്തില്‍ 99.97 നേടി. 

പിതാവ് തരുണ്‍ ഗാര്‍ഗിന്റെ മാനേജ്‌മെന്റ് രംഗത്തെ വിജയമാണ് ഇരട്ടകളുടെ പ്രചോദനം. മാരുതി സുസുകി ഇന്ത്യയുടെ മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ തരുണ്‍ ഐഐഎം ലഖ്‌നൗവിലെ പൂര്‍വ വിദ്യാർഥി കൂടിയാണ്. 

ആവര്‍ത്തിച്ചുള്ള മോക്ക് ടെസ്റ്റു പരിശീലനമാണു സഹോദരന്മാരുടെ വിജയരഹസ്യം. ക്വാണ്ട് വിഭാഗത്തിനു പ്രത്യേക ഊന്നല്‍ നല്‍കിയുള്ള കഠിനാധ്വാനവും ഫലം ചെയ്തു. ഐഐഎം അഹമ്മദാബാദില്‍ നിന്ന് എംബിഎ പഠിക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹം. 

നവംബറില്‍ നടന്ന ക്യാറ്റ് 2018 പരീക്ഷയില്‍ ഇത്തവണ 11 പേരാണ് 100 പേര്‍സന്റൈല്‍ വിജയം നേടിയത്. അഭിഷേക് ഉള്‍പ്പെടെ 21 പേര്‍ 99.99 പേര്‍സന്റൈല്‍ നേടി. 

MORE IN CAREER GURU