39 സർക്കാർ കോളജ്, 141 അധ്യാപകർ; പ്രതീക്ഷയോടെ ഉദ്യോഗാർഥികൾ

സംസ്ഥാനത്തെ 39 സർക്കാർ കോളജുകളിലായി 141 അധ്യാപക തസ്തിക സൃഷ്ടിക്കാൻ സർക്കാർ തീരുമാനിച്ചതോ‌‌‌ടെ ഈ തസ്തികയുടെ പുതിയ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കുമെന്ന പ്രതീക്ഷയിൽ ഉദ്യോഗാർഥികൾ.  24 വിഷയങ്ങളിലായാണ് ഇത്രയും തസ്തിക അനുവദിച്ചിരിക്കുന്നത്. ഏറ്റവു കൂടുതൽ തസ്തിക സൃഷ്ടിച്ചത് ഇംഗ്ലിഷിൽ– 30. ഏറ്റവും കുറവ് തസ്തിക ഹിസ്റ്ററി, ബിസിനസ് അഡ്മിനിസ്ട്രേഷൻ, മൈക്രോബയോളജി, ഉറുദു, സോഷ്യോളജി വിഷയങ്ങളിൽ– ഒാരോന്നു വീതം. കോളജ് ലക്ചറർ തസ്തികയ്ക്ക് നിലവിലുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും ഒഴിവുകൾ നികത്തുക. റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിച്ചേക്കും. പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിൽ വരുന്ന മുറയ്ക്ക് ഒഴിവുകൾ ലിസ്റ്റിലുള്ളവർക്കു നൽകും. കൂടുതൽ തസ്തികഅനുവദിച്ച സാഹചര്യത്തിൽ കോളജ് അധ്യാപക തസ്തികയുടെ പുതിയ വിജ്ഞാപനം പിഎസ്‌സി  പ്രസിദ്ധീകരിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. 

അഞ്ച് വിഷയങ്ങൾക്ക് റാങ്ക് ലിസ്റ്റില്ല
പുതിയ തസ്തിക അനുവദിച്ച അഞ്ചു വിഷയങ്ങളിൽ പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലില്ല. ഇസ്ലാമിക് ഹിസ്റ്ററി, മൈക്രോബയോളജി, ബിസിനസ് അഡ്മിനിസ്ട്രേഷൻ, വേദാന്തം, ജ്യോതിഷം വിഷയങ്ങളിലാണ് റാങ്ക് ലിസ്റ്റ് നിലവിലില്ലാത്തത്. ഇസ്ലാമിക് ഹിസ്റ്ററിക്ക് 06–10–2009ൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റ് 05–04–2014ൽ റദ്ദായി.

14 പേർക്കാണ് നിയമനശുപാർശ ലഭിച്ചത്. മൈക്രോബയോളജിയുടെ  മുൻ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് 03–10–2013ൽ ആയിരുന്നു. 23–01–2017ലെ അവസാന നിയമനശുപാർശയോടെ ഈ ലിസ്റ്റും അവസാനിച്ചു. 22 പേർക്കായിരുന്നു നിയമനശുപാർശ ലഭിച്ചത്. മറ്റു വിഷയങ്ങളുടെ മുൻ റാങ്ക് ലിസ്റ്റുകൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. 

ഈ വർഷം റദ്ദാകുക 9 റാങ്ക് ലിസ്റ്റുകൾ
പുതിയ തസ്തിക അനുവദിച്ച ഒൻപതു വിഷയങ്ങളിൽ നിലവിലുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ ഈ വർഷം റദ്ദാകും. ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ്, കെമിസ്ട്രി, ജ്യോഗ്രഫി, ഹിസ്റ്ററി, മാത്തമാറ്റിക്സ്,  സ്റ്റാറ്റിസ്റ്റിക്സ്, മ്യൂസിക്, ഉറുദു വിഷയങ്ങളിൽ നിലവിലുള്ള റാങ്ക് ലിസ്റ്റുകളാണ് 2019ൽ മൂന്നു വർഷ കാലാവധി പൂർത്തിയാക്കി അവസാനിക്കുന്നത്. ഈ സാഹചര്യത്തിൽ എല്ലാ വിഷയങ്ങളിലുമുള്ള കോളജ് അധ്യാപക വിജ്ഞാപനം പിഎസ്‌സി ഉടൻ പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്. 

പുതിയ വിജ്ഞാപനം വൈകുന്നു
പ്രധാന വിഷയങ്ങളിൽ കോളജ് അധ്യാപക തസ്തികയിലേക്ക് അവസാനമായി പിഎസ്‌സി അപേക്ഷ ക്ഷണിച്ചത്  2012ലാണ്. ഇപ്പോൾ ആറു വർഷം കഴിഞ്ഞിട്ടും ഈ സുപ്രധാന തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തയാറാകുന്നില്ല. നിശ്ചിത യോഗ്യത നേടിയ ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് വിജ്ഞാപനം പ്രതീക്ഷിച്ച് കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. 2018ൽ പ്രായപരിധി അവസാനിച്ച ധാരാളം പേരുടെ അവസരങ്ങൾ ഇതോടെ ഇല്ലാതായി.

സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ പുതിയ തസ്തിക സൃഷ്ടിക്കാത്തതാണ് വിജ്ഞാപനം വൈകിക്കുന്നതിനു കാരണമായി പിഎസ്‌സി വ്യ‌ക്തമാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ കൂടുതൽ തസ്തിക അനുവദിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇപ്പോൾ അനുവദിച്ച 141 തസ്തികയ്ക്കു പുറമേ കൂടുതൽ തസ്തിക വരുമെന്ന സൂചനയും ലഭിക്കുന്നുണ്ട്. 

സംസ്ഥാനത്തെ വിവിധ കോളജുകളിൽ കഴിഞ്ഞ സ‍ർക്കാരിന്റെ കാലം മുതൽ ഒട്ടേറെ കോഴ്സുകൾ അനുവദിച്ചിരുന്നുവെങ്കിലും അവയ്ക്ക് ആവശ്യമായ   സ്ഥിരം അധ്യാപക തസ്തിക ഇതേവരെ സൃഷ്ടിച്ചിട്ടില്ല. ഗെസ്റ്റ് അധ്യാപകരെ ഉപയോഗിച്ചാണ് ഈ കോഴ്സുകൾ നടത്തുന്നത്. ഇതു വിദ്യാഭ്യാസ നിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പുതിയതായി അനുവദിച്ച വിവിധ കോഴ്സുകളിലേക്ക് എത്ര അധ്യാപക തസ്തിക വേണ്ടി വരുമെന്ന് അടുത്ത കാലത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് കണക്കെടുത്തിരുന്നു. 

രണ്ടായിരത്തിലേറെ അധ്യാപക തസ്തികയെങ്കിലും സൃഷ്ടിക്കേണ്ടി വരുമെന്നാണു കണക്കാക്കുന്നത്. സർക്കാരിനു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന കാര്യമാണിത്. മന്ത്രി കെ.ടി.ജലീൽ ഇക്കാര്യം ധനമന്ത്രി തോമസ് ഐസക്കിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.  ഇത്രയും തസ്തിക ഒറ്റയടിക്കു സൃഷ്ടിക്കുന്നതു  സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും രണ്ടു ഘട്ടങ്ങളായി സൃഷ്ടിക്കാമെന്നും തോമസ് ഐസക്ക് ഉറപ്പു നൽകി. ഈ സാഹചര്യത്തിൽ ആയിരത്തിലേറെ തസ്തിക സൃഷ്ടിച്ചു കൊണ്ടുള്ള തീരുമാനം ബജറ്റ് പ്രസംഗത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഈ  ഒഴിവുകൾ നികത്തണമെങ്കിൽ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചേതീരൂ. 

Job Tips >>

MORE IN JOBS & CAREER