ചെടികളുടെ വളര്‍ച്ച ഇനി വേഗത്തില്‍;പ്രകാശ സംശ്ലേഷണ വിദ്യ ഹാക്ക് ചെയ്ത് ഗവേഷകര്‍!

സൂര്യപ്രകാശത്തില്‍ നിന്നു ഭക്ഷണം സൃഷ്ടിക്കാനുള്ള സസ്യങ്ങളുടെ കഴിവ് പ്രകൃതിദത്തമാണ്. ലോകത്തിലെ ജൈവവ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നുതന്നെ സസ്യങ്ങളുടെ ഈ പ്രകാശ സംശ്ലേഷണമാണ്. പക്ഷേ, പ്രകൃതി ദത്തമായി ലഭിച്ചതു കൊണ്ടോ ദശലക്ഷക്കണക്കിനു വര്‍ഷങ്ങളായി തുടരുന്നതു കൊണ്ടോ സസ്യങ്ങളുടെ പ്രകാശ സംശ്ലേഷണം എല്ലാം കൊണ്ടും പരിപൂര്‍ണമാണെന്നു പറയാന്‍ കഴിയില്ല. എന്നാൽ സസ്യങ്ങളുടെ ഈ കഴിവിനെ ഏറെക്കുറെ പൂർണതയിലെത്തിക്കാന്‍ കഴിയുന്നതാണ് ഒരു പറ്റം ഗവേഷകരുടെ പുതിയ കണ്ടെത്തല്‍.

പ്രകാശ സംശ്ലേഷണം നടത്തുന്ന രീതി പൂര്‍ണമായും മനസ്സിലാക്കിയതോടെയാണ് സസ്യങ്ങളുടെ വളര്‍ച്ച വേഗത്തിലാക്കാനുള്ള മാർഗവും രൂപപ്പെട്ടത്. സൂര്യനില്‍ നിന്നുള്ള ഊർജം സ്വീകരിച്ചാണ് സസ്യങ്ങള്‍ പ്രകാശ സംശ്ലേഷണം നടത്തുന്നത്. ഊർജം സ്വീകരിച്ച് ഭക്ഷണമാക്കി മാറ്റാന്‍ സസ്യങ്ങള്‍ ഇപ്പോള്‍ പിന്തുടരുന്ന രീതി ഊർജത്തിന്‍റെ അമിത ഉപയോഗത്തിനു കാരണമാകുന്നു. അതേസമയം ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ള ബദല്‍ രീതികളിലൂടെ പ്രകാശ സംശ്ലേഷണം നടത്തിയാല്‍ ഇപ്പോഴുള്ളതിനേക്കാല്‍ നാല്‍പ്പതു ശതമാനം വരെ മികച്ച രീതിയില്‍ പ്രകാശ സംശ്ലേഷണം സാധ്യമാകും. ഇതിലൂടെ സസ്യങ്ങളുടെ വളര്‍ച്ച നാൽപതു ശതമാനം വേഗത്തിലാക്കാനും സാധിക്കും.

ലോകത്തിലെ പട്ടിണി മാറ്റാന്‍ ശേഷിയുള്ള കണ്ടെത്തല്‍

വിവിധ വിഭാഗത്തില്‍ പെട്ട 1700 സസ്യങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കു ശേഷമാണ് ഗവേഷകര്‍ പ്രകാശസംശ്ലേഷണത്തിനുള്ള പുതിയ രീതികളുടെ മികവ് സ്ഥിരീകരിച്ചത്. റിയലൈസിങ് ഇന്‍ക്രീസ്ഡ് ഫോട്ടോസിന്തറ്റിക് എഫിഷ്യന്‍സി അഥവാ ആര്‍ഐപിഇ എന്നു പേരിട്ടുള്ള ഈ പഠനം കഴിഞ്ഞ രണ്ടു വര്‍ഷമായി ഗവേഷകര്‍ തുടര്‍ന്നു വരികയായിരുന്നു. ഈ പഠനത്തിന്‍റെ ഭാഗമായി കൃത്രിമ പ്രകാശ സംശ്ലേഷണം നടത്തിയ സസ്യങ്ങള്‍ കൂടുതല്‍ ഉയരത്തില്‍ വളരുന്നതായും മികച്ച വിളവു നല്‍കുന്നതായും ഗവേഷകര്‍ പറയുന്നു. ജനസംഖ്യ വർധിക്കുകയും കൃഷിയിടങ്ങള്‍ ചുരുങ്ങുകയും ചെയ്യുന്ന ഇക്കാലത്ത് ഈ കണ്ടെത്തല്‍ ലോകം നേരിട്ടേക്കാവുന്ന ഭക്ഷ്യക്ഷാമത്തെ ഒഴിവാക്കാന്‍ കെല്‍പ്പുള്ളതാണ്.

സസ്യങ്ങളുടെ പ്രകാശസംശ്ലേഷണത്തിന്‍റെ കഴിവ് വർധിപ്പിക്കാന്‍ സാധിച്ചതിലൂടെ മധ്യപടിഞ്ഞാറന്‍ അമേരിക്കയിലെ കൃഷിയിടങ്ങളില്‍ നിന്നു മാത്രം 20 കോടി ജനങ്ങള്‍ക്കുളള അധിക ആഹാരം സൃഷ്ടിക്കാനാകുമെന്നു റോബര്‍ട്ട് എമേഴ്സണ്‍ സസ്യഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡൊണാള്‍ഡ് ഓര്‍ട്ട് പറയുന്നു. ലോകത്താകമാനമുള്ള കൃഷിയിടങ്ങളുടെ കണക്കെടുത്താല്‍ അതില്‍ ചെറിയൊരു ശതമാനത്തിലെ സസ്യങ്ങളുടെ പ്രകാശസംശ്ലേഷണ ശേഷി വർധിപ്പിച്ചാല്‍ തന്നെ പട്ടിണിയും പോഷകാഹാര കുറവും ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണു ഡൊണാള്‍ഡ് ചൂണ്ടിക്കാട്ടുന്നത്.

സസ്യങ്ങളിലെ റൂബിസ്കോ എന്ന എന്‍സൈമാണ് പ്രകാശ സംശ്ലേഷണത്തില്‍ നിർണായക പങ്കു വഹിക്കുന്നത്. എന്നാല്‍ പ്രകാശ സംശ്ലേഷണ പ്രവര്‍ത്തനത്തിനിടെയിൽ തന്നെ റൂബിസ്കോ സസ്യങ്ങള്‍ക്ക് ഹാനികരമായ വസ്തുവായി മാറും. ഇതിനെ പൂര്‍സ്ഥിതിയിലാക്കാനാണ് കൂടുതല്‍ ഊർജം സസ്യങ്ങള്‍ക്കു വേണ്ടി വരുന്നത്. ഈ പ്രവര്‍ത്തനത്തിനു വേണ്ടിയുള്ള ഊർജത്തില്‍ ഗണ്യമായ കുറവു വരുത്താന്‍ സാധിച്ചതോടെയാണ് സസ്യങ്ങളിലെ പ്രകാശ സംശ്ലേഷണം കൂടുതല്‍ മികച്ചതാക്കാന്‍ സാധിച്ചത്.

പ്രകാശ സംശ്ലേഷണത്തിലെ ഈ നിർണായക കണ്ടെത്തല്‍ ഭക്ഷ്യയോഗ്യമായ സസ്യങ്ങളില്‍ പരീക്ഷിച്ചു വിജയം കൈവരിക്കാനും, ഇതിനു ശേഷം കൃഷിയിടങ്ങളിലെ ഉപയോഗത്തിനായുള്ള അനുവാദം ലഭിക്കാനും ഇനിയും ഒരു പതിറ്റാണ്ടെങ്കിലും സമയമെടുക്കുമെന്നാണു ഗവേഷകര്‍ കരുതുന്നത്. ആഫ്രിക്കയിലെ സഹാറ മേഖലയിലും, ഇന്ത്യ ഉള്‍പ്പടെയുള്ള തെക്കുകിഴക്കന്‍ ഏഷ്യയിലും ചെറുകിട കര്‍ഷകര്‍ക്ക് സൗജന്യമായി തന്നെ മെച്ചപ്പെട്ട പ്രകാശ സംശ്ലേഷണ ശേഷിയുള്ള സസ്യങ്ങളെ എത്തിക്കാനാണ് ഇപ്പോള്‍ ഈ പദ്ധതിയുടെ നടത്തിപ്പുകാര്‍ ലക്ഷ്യമിടുന്നത്.