തണുത്തുറഞ്ഞ നദിയില്‍ മരവിച്ചിരിക്കുന്ന മുതലകള്‍!

ശൈത്യകാലത്തു നദികള്‍ മഞ്ഞുകട്ടകളായി മാറുന്ന കാഴ്ച വടക്കേ അമേരിക്കയിലും യൂറോപ്പിലും മറ്റും സാധാരണമാണ്. പക്ഷേ ഇങ്ങനെ വെള്ളം മുഴുവന്‍ തണുത്തുറയുമ്പോള്‍ ഈ പ്രദേശത്തെ ജീവികള്‍ക്ക് എന്തു സംഭവിക്കും എന്നത് നിര്‍ണായകമായ ചോദ്യമാണ്. ഭൂരിഭാഗം ജീവികളും മഞ്ഞുറയാത്ത മേഖലകളിലേക്കു കുടിയേറുമ്പോള്‍ ചുരുക്കം ചില മത്സ്യങ്ങള്‍ക്കു മഞ്ഞിലും അതിജീവിക്കാനുള്ള ശേഷിയുണ്ട്. പക്ഷേ ഉഷ്ണമേഖലാ ജീവികളായ മുതലകള്‍ ഇതിനൊന്നും കഴിയാതെ മഞ്ഞിനിടയില്‍ മരവിച്ചു കുടുങ്ങിപ്പോവുകയാണു ചെയ്യുന്നത്.

ഇങ്ങനെ കുടുങ്ങിപ്പോകുന്നത് അവ അറിയാതെ സംഭവിക്കുന്ന അപകടമല്ലെന്നു ഗവേഷകര്‍ തിരിച്ചറിഞ്ഞത് അടുത്തിടെയാണ്. പ്രത്യേകിച്ചും മഞ്ഞുകട്ടയായി തീര്‍ന്ന നദിയില്‍ നിന്നു കൂര്‍ത്ത മുഖത്തിന്‍റെ ചെറിയൊരു ഭാഗം മാത്രം പുറത്തിട്ടുള്ള മുതലകളുടെ കിടപ്പാണ് ഈ തിരിച്ചറിവിനു കാരണമായത്. ഇങ്ങനെയുള്ള മുതലകള്‍ ചത്തു മരവിച്ചവയാണെന്നാണു പൊതുവെ കരുതിയിരുന്നത്. യഥാര്‍ഥത്തിൽ ഈ നില്‍പ് മുതലകളുടെ അതിജീവനത്തിനുള്ള വഴികളിലൊന്നാണെന്നു കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.

മുതലകളുടെ ശീതകാല നിദ്ര

ഉഷ്ണമേഖലാ ജീവികളായ മുതലകള്‍ കാണപ്പെടുന്ന ഏറ്റവും വടക്കേ അറ്റത്തുള്ള പ്രദേശമാണ് നോര്‍ത്ത് കാരൊലിന. മഞ്ഞുറയുന്ന പ്രദേശത്തു ജീവിക്കുന്ന ഏക മുതലവര്‍ഗവും ഈ മേഖലയിലെ മിസിസിപ്പി മുതലകളാണ്. ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടത് അടുത്തിടെയാണങ്കിലും മുതലകളുടെ ഹിമയുറക്കത്തിന് ദശലക്ഷക്കണക്കിനു വര്‍ഷങ്ങളുടെ പരിണാമത്തിന്‍റെ കഥപറയാനുണ്ടെന്നാണു കരുതുന്നത്. ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പരമാവധി മന്ദീഭവിച്ച് ശ്വാസം പോലും നിയന്ത്രിച്ചുള്ള മുതലകളുടെ ഈ യോഗാ പരിപാടി ഏതാണ്ട് രണ്ടു മാസത്തിലധികം സമയം നീണ്ടു നില്‍ക്കും.

രണ്ടു കാര്യങ്ങളാകാം മുതലകളെ അതിജീവനത്തിന്‍റെ ഈ വിചിത്ര ഘട്ടത്തിലേക്ക് എത്തിച്ചതെന്നു ഗവേഷകര്‍ കരുതുന്നു. ഒന്ന് ശൈത്യകാലത്ത് നദി ഉറച്ചു പോകുന്നതോടെ ഇരകളെ ലഭിക്കാത്ത അവസ്ഥ. രണ്ട് നദിയുടെ തണുപ്പിനെ അതിജീവിക്കാന്‍ ശരീരത്തിനുള്ളിലെ ചൂട് പരമാവധി സംരക്ഷിക്കാനുള്ള ശ്രമം. പക്ഷേ ഇപ്പോഴും മുതലകള്‍ തണുത്തുറഞ്ഞ നദിക്കുള്ളില്‍ എങ്ങനെ ജീവനോടെ രണ്ട് മാസം കഴിച്ചുകൂട്ടുന്നു എന്നതിന്‍റെ രഹസ്യം മാത്രം ഗവേഷകര്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇങ്ങനെ ശൈത്യകാലം മുതലകള്‍ക്ക് പലപ്പോഴും അതിജീവിക്കാന്‍ കഴിയാറുണ്ടെങ്കിലും ചിലപ്പോഴൊക്കെ കാര്യങ്ങള്‍ കൈവിട്ടു പോകാറുണ്ട്. 1982 ലും 1990 ലും ഇത്തരത്തില്‍ മുതലകള്‍ തണുപ്പു സഹിക്കാനാകാതെ കൂട്ടത്തോടെ ചത്തൊടുങ്ങിയിട്ടുണ്ട്. ഈ മുതലകളൊന്നും തന്നെ ശൈത്യകാല നിദ്ര ശീലിക്കാത്തവരോ ഈ മാര്‍ഗം കണ്ടെത്താത്തവരോ ആയിരുന്നു എന്നാണ് ഗവേഷകര്‍ കരുതുന്നത്. അതുകൊണ്ട് തന്നെ മുതലകളുടെ ഹിമയുറക്കം സ്വാഭാവികമായി സംഭവിക്കുന്നതല്ലെന്നും, അവ സ്വയം കണ്ടെത്തുന്നതാണെന്നുമുള്ള വിലയിരുത്തലും നിലവിലുണ്ട്. ഇതു കൂടാതെ ശൈത്യനിദ്രയിലുള്ള മുതലകളും പലപ്പോഴും ശരീരത്തിന്‍റെ താപനില ക്രമാതീതമായി താഴ്ന്നു ചത്തു പോകാറുണ്ട്.