റോസി പാസ്റ്റർ തിരുനക്കരയിലെ പതിവ് വിരുന്നുകാരൻ!

‘ഇത് മരുഭൂമിയിൽ മാത്രം കണ്ടുവരുന്ന ദേശാടനപ്പക്ഷിയാണ്. അവയ്ക്കു നമ്മുടെ നാട് ഇഷ്ടഭൂമിയായി മാറിയിട്ടുണ്ട്. എന്തൊരു ആപത്താണു വരാൻ പോകുന്നത് എന്നാണു നാം ചിന്തിക്കേണ്ടത്. വടക്കേ ഇന്ത്യയിലെ ചൂടേറിയ സ്ഥലങ്ങളിൽ കണ്ടുവരുന്ന റോസി പാസ്റ്റർ എന്ന പക്ഷി ഇപ്പോൾ കോട്ടയം തിരുനക്കര ഭാഗങ്ങളിൽ ധാരാളമുണ്ട്. ഈ പക്ഷികളുടെയൊക്കെ വരവ് വല്ലാത്ത മുന്നറിയിപ്പാണു നൽകുന്നത് ’. കഴിഞ്ഞ ദിവസം സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണീ കാര്യങ്ങൾ.

ഗൗരവമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണങ്ങൾ കേരളത്തിൽ കണ്ടുതുടങ്ങിയിട്ടുണ്ടെന്നും ഭിന്ന കാലാവസ്ഥാ പ്രദേശമായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിറഞ്ഞ റോസി പാസ്റ്റർ എന്ന പക്ഷി കോട്ടയം തിരുനക്കരക്കാർക്ക് പരിചിതമാണ്.

റോസി പാസ്റ്റർ തിരുനക്കരയിലെ പതിവ് വിരുന്നുകാരൻ

മുഖ്യമന്ത്രിയുടെ സ്വന്തം റോസി പാസ്റ്റർ തിരുനക്കരയിൽ ചേക്കേറിയിട്ടു കാലം കുറച്ചായി. വർഷങ്ങൾക്കു മുൻപ് ഏതാനും പേരാണ് എത്തിയതെങ്കിൽ ഇപ്പോൾ റോസി പാസ്റ്റർ എന്ന റോസ് മൈന തിരുനക്കരയിൽ പരിസരത്തും ഇഷ്ടം പോലെ. സ്റ്റെർണസ് റോസിയസ് എന്ന റോസ് മൈന യൂറോപ്പിൽ നിന്നാണു വരുന്നത്. യൂറോപ്പിൽ തണുപ്പു കൂടുമ്പോൾ ഇന്ത്യയിലേക്കു വരും. ഇവിടെ ചൂടുകൂടുമ്പോൾ നാട്ടിലേക്കു മടങ്ങും. പതിവായി ഉത്തരേന്ത്യയിൽ വന്നു പോയിരുന്ന റോസ് മൈന കൂട്ടമായി കേരളത്തിൽ വരുന്നത് കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയായി ശാസ്ത്ര സമൂഹം കാണുന്നു.റോസ് നിറത്തിലുള്ള ശരീരവും കറുത്ത തലയുമാണ് റോസ് മൈനയ്ക്ക്.

ഇന്ത്യയിൽ വന്നു ചൂടടിക്കുമ്പോൾ റോസ് നിറം തവിട്ടു നിറമാകും.ഉത്തരേന്ത്യയിൽ കർഷകരുടെ സുഹൃത്തുക്കളാണ് റോസ്മൈന. കൂട്ടമായി വരുന്ന വെട്ടുകിളികളെ തിന്നൊടുക്കും. പ്രാണികളും പുഴുക്കളും പുൽച്ചാടികളുമാണ് മൈനയുടെ ഇഷ്ടഭക്ഷണം. തണുപ്പത്ത് യൂറോപ്പിൽ ഇവയെ കിട്ടാനുള്ള പ്രയാസം മൂലമാണ് ഇന്ത്യയിലേക്കു വരുന്നത്. തിരുനക്കരയിലും പരിസരത്തും മണ്ണിലെ പുഴുക്കളെ ഇവ തിന്നുന്നു. മരത്തിലാണു വാസം. ഇന്ത്യയിൽ വരുന്നുണ്ടെങ്കിലും പ്രജനനം ഇല്ലാത്തതിനാൽ ഇവയെ ദേശാടനപ്പക്ഷികളുടെ വിഭാഗത്തിലാണു പെടുത്തുന്നത്.

റോസ് മൈനയുടെ എണ്ണത്തിലെ വർധനയാണു കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയെന്നു കോട്ടയം നേച്ചർ സൊസൈറ്റി സെക്രട്ടറി ഡോ. ബി. ശ്രീകുമാർ പറഞ്ഞു.മുൻവർഷങ്ങളിലും റോസ് മൈന വരാറുണ്ട്. പക്ഷേ ഇപ്പോൾ ഇവ കൂട്ടമായി വരുന്നുണ്ട്. 122 തരം ദേശാടന പക്ഷികളാണു കേരളത്തിൽ എത്തുന്നത്.