ഈ പരസ്യം തെറ്റല്ല!

മലയാള ദിനപത്രങ്ങളിലെയും ചില ദേശീയ പത്രങ്ങളുടെയും ഒന്നാം പേജ് ഇന്നു കവർന്നത് ഹോണ്ടയുടെ പരസ്യമായിരുന്നു. ഹാപ്പി 2009 എന്ന പരസ്യം കണ്ട ആളുകൾ ശരിക്കും ഒന്നു ശങ്കിച്ചു. തെറ്റുപറ്റി എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ട്രോൾ വരെ ഇറങ്ങി. എന്നാൽ ആ പരസ്യം ശരിക്കും വായിച്ചപ്പോഴാണ് ഹോണ്ട ഒന്നു ട്രോളാനാണ് ഈ പരസ്യം പുറത്തിറക്കിയത് എന്നു മനസിലാകുന്നത്. കോംമ്പി ബ്രേക്കിനെ പറ്റി ഈ വർഷം മറ്റുള്ളവർ ചിന്തിച്ചു തുടങ്ങുന്നേയുള്ളൂ എന്നാൽ 2009ല്‍ തന്നെ ഈ സാങ്കേതിക വിദ്യ ഇന്ത്യയിൽ അവതരിപ്പിച്ചു എന്നാണ് ഹോണ്ട പറയുന്നത്. ഈ ടെക്നോളജിയുള്ള രണ്ടു കോടി ഹോണ്ട സ്കൂട്ടറുകൾ ഇന്ത്യയിലുണ്ടെന്നും പറയുന്നു.

എന്താണ് കോംമ്പി ബ്രേക് സിസ്റ്റം

കബൈൻഡ് ബ്രേക്ക് സിസ്റ്റം അല്ലെങ്കിൽ കോംമ്പി ബ്രേക് സിസ്റ്റം എൺപതുകൾ മുതൽ നിലവിലുള്ള സാങ്കേതിക വിദ്യയാണ്. 1983ൽ പുറത്തിറങ്ങിയ ജിഎല്‍110 ഗോൾഡ് വിങ്ങിലാണ് ആദ്യമായി ഉപയോഗിക്കുന്നത് അന്നു അതിന്റെ പേര് യൂണിഫൈഡ് ബ്രേക്കിങ് എന്നായിരുന്നു. ഇന്നു ഹോണ്ടയുടെ വലിയ സൂപ്പർബൈക്കുകൾ മുതൽ ചെറു സ്കൂട്ടറുകളിൽ വരെ ഈ സാങ്കേതിക വിദ്യയാണ് വ്യാപകമായി ഉപയോഗിക്കുന്നത്.

എതെങ്കിലും ഒരു ബ്രേക്ക് അമർത്തുമ്പോൾ മുൻ പിൻ ബ്രേക്കുകൾ ഒരുപോലെ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യയാണ് സിബിഎസ്. ഇക്വലൈസറാണ് കോംമ്പി ബ്രേക് സിസ്റ്റത്തിലെ പ്രധാന ഘടകം. ഹോണ്ട സ്കൂട്ടറുകളിൽ അതു ഇടത് ലിവറുകളിലാണ് ഉറപ്പിച്ചിരിക്കുന്നത്. ബ്രേക്ക് അമർത്തുമ്പോൾ ഇക്വലൈസർ ഇരു ബ്രേക്കുകളിലേക്കും ഒരുപോലെ ഫോഴ്സ് നൽകുന്നു. ഇതു വാഹനത്തിന്റെ സ്റ്റോപ്പിങ് ഡിസ്റ്റൻസ് കുറയ്ക്കുന്നു. കൂടാതെ ഇരു ബ്രേക്കുകളും ഒരുപോലെ പ്രവർത്തിക്കുന്നതുകൊണ്ട് ബ്രേക്കിങ് സമയത്തെ സ്റ്റബിലിറ്റി കൂടുകയും വാഹനം തെന്നാനുള്ള സാധ്യത കുറയുകയും ചെയ്യും.