വിൽപ്പന 7 ലക്ഷം; റെക്കോഡിട്ട് ഹ്യുണ്ടേയ്

കഴിഞ്ഞ ജനുവരി- ഡിസംബർ കാലത്ത് ഏഴു ലക്ഷം യൂണിറ്റ് വിൽപ്പനയുമായി ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിനു പുതിയ റെക്കോഡ്. 2017ൽ വിറ്റ 6,78,221 യൂണിറ്റിനെ അപേക്ഷിച്ച് 4.7% വർധനയോടെയാണു കഴിഞ്ഞ വർഷം ഹ്യുണ്ടേയ് ഇന്ത്യയിൽ 7,10,012 കാർ വിറ്റത്. ഇതാദ്യമായാണു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയുടെ കാർ വിൽപ്പന ഏഴു ലക്ഷം യൂണിറ്റ് മറികടക്കുന്നത്.

ആഭ്യന്തര വിപണിയിൽ 5,50,002 കാറുകളാണു ഹ്യുണ്ടേയ് വിറ്റത്; മുൻവർഷത്തെ 5,27,320 യൂണിറ്റിനെ അപേക്ഷിച്ച് 4.3% അധികമാണിത്. കയറ്റുമതിയിലാവട്ടെ ആറു ശതമാനത്തോളം വളർച്ചയാണു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ നേടിയത്. 2017ൽ 1,50,901 കാർ കയറ്റുമതി ചെയ്തതു കഴിഞ്ഞ വർഷം 1,60,010 ആയിട്ടാണ് ഉയർന്നത്. ‘ക്രേറ്റ’, ‘എലീറ്റ് ഐ 20’, ‘ഗ്രാൻഡ് ഐ 10’ എന്നിവയുടെ മികച്ച പ്രകടനമാണു ഹ്യുണ്ടേയ് ഇന്ത്യയ്ക്കു റെക്കോഡ് വിൽപ്പന നേടിക്കൊടുത്തത്. 

മികച്ച നേട്ടങ്ങളുടെ വർഷമായിരുന്നു 2018 എന്ന് ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ വിൽപ്പന വിഭാഗം മേധാവി വികാസ് ജെയിൻ അഭിപ്രായപ്പെട്ടു. 5.50 ലക്ഷം യൂണിറ്റ് വിൽപ്പനയോടെ ആഭ്യന്തര വിപണിയിൽ പുതിയ ഉയരം കീഴടക്കാൻ ഹ്യുണ്ടേയിക്കു കഴിഞ്ഞു. പുത്തൻ ‘സാൻട്രോ’, ‘ഗ്രാൻഡ് ഐ 10’, ‘എലീറ്റ് ഐ 20’, ‘ക്രേറ്റ’, ‘വെർണ’ തുടങ്ങിയവയ്ക്കു സ്വീകര്യത ലഭിച്ചതിനൊപ്പം ആധുനിക പ്രീമിയം ബ്രാൻഡ് എന്ന നിലയിൽ മുന്നേറാനും ഹ്യുണ്ടേയിക്കായെന്ന് അദ്ദേഹം അവകാശപ്പെട്ടു. 

ജനപ്രിയ ചെറുകാറായിരുന്ന ‘സാൻട്രോ’ നവംബറിലാണു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയിൽ തിരിച്ചെത്തിച്ചത്. വർഷങ്ങളുടെ ഇടവേളയ്ക്കൊടുവിൽ തിരിച്ചെത്തിയ കാറിനു പക്ഷേ തുടക്കത്തിൽ തന്നെ മികച്ച സ്വീകാര്യത കൈവരിക്കാനായി. 3.89 ലക്ഷം രൂപ വിലയോടെ അരങ്ങേറ്റം കുറിച്ച ‘സാൻട്രോ’യ്ക്ക് പുതുവർഷത്തിൽ വിലയേറുമെന്നും ഹ്യുണ്ടേയ് വ്യക്തമാക്കിയിരുന്നു.