റെയിൽവേക്രോസിന് ഇടയിൽ പെട്ട കാറിന്റെ രക്ഷപ്പെടല്‍ അദ്ഭുതകരം–വിഡിയോ

റെയിൽപാളത്തിന്റേയും റെയിൽവേ ക്രോസിന്റേയും ഇടയിൽ കുടുങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്ന കാറിന്റേതാണ് വിഡിയോ. എവിടെയാണ് അപകടം സംഭവിച്ചതെന്നു വ്യക്തമല്ലെങ്കിലും അൽപം പോലും കാത്തുനിൽക്കാൻ ക്ഷമയില്ലാത്തവർക്കു ഒരു വലിയ പാഠമാണ് ഇതിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ദൃശ്യങ്ങൾ. വേഗത്തിലെത്തുന്ന ട്രെയിൻ ഇടിക്കാതിരിക്കാൻ വളരെ പണിപ്പെട്ടാണ് ഡ്രൈവർ വാഹനം ഒതുക്കുന്നത്. ട്രെയിൻ വരുന്നതിനു മുമ്പേ അപ്പുറം കടക്കാനുള്ള വെപ്രാളത്തിലാകാം ഈ അബദ്ധം സംഭവിച്ചത് എന്നാണ് സൂചന.

ട്രെയിൻ തട്ടി വാഹനയാത്രക്കാർക്കും കാൽനടയാത്രികർക്കും അപകടങ്ങൾ സംഭവിക്കാതിരിക്കാനാണ് റെയിൽ പാളവും റോഡും കൂട്ടിമുട്ടുന്നിടത്ത് റെയിൽവേ ക്രോസുകൾ സ്ഥാപിക്കുന്നത്. എന്നാൽ ഇത്തരം മുൻകരുതലുകൾക്കൊന്നും മുഖവില കൊടുക്കാതെ ഈ റെയിൽവേ ക്രോസുകളിൽ അക്ഷമയോടെ കാത്തുനിൽക്കുന്നവരാണ് ഭൂരിപക്ഷവും. ട്രെയിൻ വരാറായി എന്ന് സൂചിപ്പിക്കുന്ന സൈറൺ മുഴക്കി റെയിൽവേ ക്രോസ് അടയ്ക്കുമ്പോഴും അടിയിലൂടെ നുഴഞ്ഞു പോകാൻ ശ്രമിക്കുന്നവർ ഇന്ന് സ്വാഭാവികമായൊരു കാഴ്ചയാണ്. അത്തരത്തിലൊരു വിഡിയോയാണിത്.

റെയിൽവേ ഗെയിറ്റിന് സമാന്തരമായി വാഹനം ചേർത്തിട്ടാണ് കാറിലുള്ളവർ രക്ഷപ്പെട്ടത്. അൽപ്പം വൈകിയിരുന്നെങ്കിൽ ട്രെയിൻ വാഹനത്തിൽ വന്നിടിക്കുകയും വലിയ അപകടം ഉണ്ടാകുകയും ചെയ്തേനെ. അതുകൊണ്ടു തന്നെ അദ്ഭുതകരം എന്നതിനപ്പുറം ഈ രക്ഷപ്പെടലിനെ വേറെന്തു പറയും?