2018ലെ വിൽപ്പന: റെക്കോഡിട്ട് മെഴ്സീഡിസ് ബെൻസ്

ഇന്ത്യയിലെ വാർഷിക വിൽപ്പനയിൽ പുതുചരിത്രം സൃഷ്ടിച്ച് ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസ് ഇന്ത്യ. കഴിഞ്ഞ വർഷം 15,538 യൂണിറ്റ് വിൽപ്പനയാണു കമ്പനി കൈവരിച്ചത്; 2017ൽ വിറ്റ 15,330 യൂണിറ്റിനെ അപേക്ഷിച്ച് 1.4% അധികമാണിത്. ഇതോടെ തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യയിലെ വിൽപ്പന 15,000 യൂണിറ്റിനു മുകളിലെത്തിക്കാനും മെഴ്സീഡിസ് ബെൻസിനായി. ഒപ്പം ഇന്ത്യൻ ആഡംബര കാർ വിപണിയിൽ തുടർച്ചയായാ നാലാം വർഷവും ഒന്നാം സ്ഥാനം നിലനിർത്താനും കമ്പനിക്കു സാധിച്ചു.

ആഗോളതലത്തിൽ 23 ലക്ഷം യൂണിറ്റ് വിൽപ്പനയാണ് 2018ൽ മെഴ്സീഡിസ് ബെൻസ് കൈവരിച്ചത്; മുൻവർഷത്തെ അപേക്ഷിച്ച് 0.9% വളർച്ചയാണിത്. ആഗോളതലത്തിൽ മെഴ്സീഡിസ് ബെൻസ് കൈവരിക്കുന്ന ഏറ്റവും ഉയർന്ന വിൽപ്പനയുമാണു കഴിഞ്ഞ വർഷത്തേത്.

ഇക്കൊല്ലം ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചതിന്റെ സുവർണ ജൂബിലി ആഘോഷിക്കാൻ ഒരുങ്ങുകയാണു മെഴ്സീഡിസ് ബെൻസ്. കഴിഞ്ഞ വർഷത്തിന്റെ രണ്ടാം പകുതിയിൽ നേരിട്ട വെല്ലുവിളികളെ അതിജീവിച്ചും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞതിൽ  സംതൃപ്തിയുണ്ടെന്നായിരുന്നു മെഴ്സീഡിസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മാർട്ടിൻ ഷ്വെങ്കിന്റെ പ്രതികരണം. വർഷത്തിന്റെ അവസാനപാദത്തിൽ തകർപ്പൻ മുന്നേറ്റം നടത്താനായതാണ് ഇടയ്ക്കു നേരിട്ട തിരിച്ചടികളെ മറികടക്കാൻ കമ്പനിയെ സഹായിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ ജൂലൈ — സെപ്റ്റംബർ ത്രൈമാസത്തിൽ മെഴ്സീഡിസ് ബെൻസ് ഇന്ത്യ 3,808 കാറുകളാണു വിറ്റത്; 2017ൽ ഇതേകാലത്തെ അപേക്ഷിച്ച് 890 യൂണിറ്റ്(അഥവാ 19%) കുറവായിരുന്നു ഇത്. എന്നാൽ അവസാന പാദത്തിൽ മുൻവർഷം ഇതേകാലത്തെ അപേക്ഷിച്ച് 8.3% വിൽപ്പന വളർച്ച നേടാൻ കമ്പനിക്കായി. 2017ന്റെ അവസാനപാദത്തിൽ 3,461 യൂണിറ്റ് വിറ്റത് ഇത്തരവണ 3,749 ആയിട്ടാണ് ഉയർന്നത്.

മെഴ്സീഡിസിന്റെ പ്രധാന എതിരാളികളായ ബി എം ഡബ്ല്യുവും ജഗ്വാർ ലാൻഡ് റോവറും വോൾവോയുമൊക്കെ 2018ലെ വിൽപ്പനകണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ഔഡി മാത്രം 2018 വിൽപ്പന എത്രയായിരുന്നെന്നു വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷം ബി എം ഡബ്ല്യു 11,105 യൂണിറ്റും(മുൻവർഷത്തെ അപേക്ഷിച്ച് 13% വർധന) ജഗ്വാർ ലാൻഡ് റോവർ 4,596 യൂണിറ്റും(16% വർധന) വോൾവോ 2,638 കാറുകളും(30% വളർച്ച) ആണ് ഇന്ത്യയിൽ വിറ്റത്.