സ്വയം ഓടുന്ന കാർ: പുതുസ്വപ്നങ്ങളുമായി ഹ്യുണ്ടേയ്

സ്വയം ഓടുന്ന കാറുകളുടെ സാങ്കേതികവിദ്യയെ പുതിയ തലത്തിലെത്തിക്കാനാവുമെന്നു ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ. സ്വയം ഓടുന്ന കാറുകൾക്കൊപ്പം വയർരഹിത ചാർജിങ് സംവിധാനങ്ങളും ഓട്ടമേറ്റഡ് വാലെ പാർക്കിങ്ങുമൊക്കെ ചേരുന്നതോടെ സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടു പരിചയമുള്ള രംഗങ്ങൾ യാഥാർഥ്യമാവുമെന്നാണു ഹ്യുണ്ടേയിയുടെയും സഹ സ്ഥാപനമായ കിയ മോട്ടോറിന്റെയും വാഗ്ദാനം. 

ഭാവിയിൽ ഉടമസ്ഥൻ ഷോപ്പിങ്ങിനു പോകുന്ന വേളയിൽ സ്വന്തം നിലയ്ക്കു ബാറ്ററി ചാർജിങ് കേന്ദ്രം സന്ദർശിച്ച് ഊർജം നേടി മടങ്ങിയെത്താൻ പ്രാപ്തിയുള്ള കാറുകൾ നിരത്തിലെത്തുമെന്നാണു ഹ്യുണ്ടേയിയും കിയയും ചേർന്ന് അവതരിപ്പിച്ച വിഡിയോയിലെ അവകാശവാദം. മൊബൈൽ ആപ്ലിക്കേഷൻ വഴിയാവും കാറുകൾക്ക് ഇതുസംബന്ധിച്ച നിർദേശങ്ങൾ ലഭിക്കുക. 

നിർദേശം ലഭിച്ചാലുടൻ സ്വയം ഓടുന്ന കാർ സമീപത്തെ ചാർജിങ് കേന്ദ്രത്തിലേക്കു നീങ്ങും; വയർരഹിത രീതിയിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ മാഗ്നറ്റിക് ഇൻഡക്ഷൻ രീതിയിലാവും കാറിലെ ബാറ്ററി ചാർജ് ചെയ്യപ്പെടുക. ചാർജിങ് പൂർത്തിയായാലുടൻ കാർ സ്വയം പാർക്കിങ് മേഖലയിലേക്കു നീങ്ങി വിശ്രമത്തിലാവും. ഷോപ്പിങ് പൂർത്തിയായാലുടൻ തന്റെ സമീപമെത്താൻ ഉടമയ്ക്കു കാറിനോട് ആജ്ഞാപിക്കാം.

വാഹനങ്ങളും പാർക്കിങ് കേന്ദ്രങ്ങളും വയർലെസ് ചാർജിങ് ഡോക്കുമായുള്ള നിരന്തര ആശയവിനിമയമാണ് ഈ മുന്നേറ്റം സാധ്യമാക്കുന്നതെന്നാണു ഹ്യുണ്ടേയിയും കിയയും വിശദീകരിക്കുന്നത്. 2025 ആകുമ്പോഴേക്ക് സ്വയം ഓടുന്ന കാറുകൾ നാലാം ഘട്ട പുരോഗതി കൈവരിക്കുമെന്നാണു പ്രതീക്ഷ; അന്നത്തെ കാറുകൾക്ക് പരസ്പരം ആശയ വിനിമയം നടത്താനും നിർദേശങ്ങൾ പാലിച്ച് സ്വയം ഓടാനുമാവും.