ടോറസിനു പിൻഗാമി ഇ കോമെറ്റ്

ടിപ്പറുകൾ ഇപ്പോൾ രണ്ടു തരമേയുള്ളൂ. ഒന്ന് ടോറസ് എന്നറിയപ്പെടുന്ന ഭാരവാഹകശേഷി കൂടിയവ. 40 ടൺ വരെ കയറും. മികച്ച റോഡ് സൗകര്യമുള്ളയിടങ്ങളിൽ കൂടുതൽ ഭാരം പേറി ഓടി പെട്ടെന്നു ജോലി തീർത്തു മടങ്ങുകയാണ് ഈ ട്രക്കുകളുടെ ലക്ഷ്യം. രണ്ടാം വിഭാഗം 10 ടണ്ണിനടുത്ത് ഭാരം വഹിക്കുന്ന ഒതുക്കമുള്ള ട്രക്കുകൾ. ടോറസുകൾക്ക് കടന്നു കയറാനാവാത്ത ഊടുവഴികളിലൂടെ കാര്യനിർവഹണം നടത്തുക ദൗത്യം.

മധ്യനിര ഇല്ല: വലുതിനും ചെറുതിനും ഇടയ്ക്കുള്ള മധ്യനിര ടിപ്പറുകൾ വംശനാശം നേരിടുകയാണ്. കാരണം ഇരുവശത്തു നിന്നുമുള്ള ഇടി. മുഖ്യമായും വലിയ ടിപ്പറുകളാണ് മധ്യനിരയുടെ നടുവൊടിച്ചത്. മധ്യനിര ടിപ്പറുകൾ പ്രവർത്തിപ്പിക്കുന്നതിനു സമാനമായ ചെലവിൽ നാലിരട്ടി ശേഷിയിൽ കാര്യങ്ങൾ നടത്താം എന്നതു തന്നെ മുഖ്യകാരണം. വലുപ്പക്കൂടുതൽ മൂലം ചെറു ടിപ്പറുകളുടെ നിലയിലേക്ക് താണിറങ്ങാൻ സാധിക്കാത്തതും മധ്യനിരയ്ക്കു വിനയായി.

∙ ടോറസോ? ജീപ്പ്, ജെ സി ബി എന്നൊക്കെപ്പറയുന്നതിനു സമാനമായൊരു കഥയാണ് ടോറസ്. ബ്രാൻഡ് നാമം വാഹനവിഭാഗത്തിൻറെ പേരായി മാറി. അശോക് ലെയ് ലൻ‍ഡിൻറെ ഒരു മോഡലാണ് ടോറസ്. ശേഷി കൂടിയ ടിപ്പർ. ആദ്യമായി ഇത്തരം ടിപ്പറുകൾ ഇറക്കിയത് ലെയ് ലൻഡാണോ എന്നറിയില്ല. പക്ഷെ ഏറ്റവും പോപ്പുലറായ ഭീമൻ ടിപ്പറുകൾ ലെയ് ലൻഡിൻറെ ടോറസ് സീരീസ് ആയിരുന്നു. അങ്ങനെ വലിയ ടിപ്പറുകൾ ടോറസ് ആയി മാത്രം അറിയപ്പെട്ടു.

ഇ കോമെറ്റ്: ടോറസിൻറെ വിജയഗാഥയ്ക്ക് തുടർച്ചയിടാനെന്നോണം അതേ കുടുംബത്തിൽ നിന്ന് ചെറിയ ടിപ്പർ. ഇ കോമെറ്റ്. 1012, 1212 എന്നീ സീരീസുകളിൽ 150 ക്യൂബിക് ഫീറ്റ് മുതൽ 280 ക്യുബിക് ഫീറ്റ് വരെ ശേഷിയുള്ള ട്രക്കുകൾ. കാലാൾപ്പട പോലെ ഏത് ഇടുക്കിലും പാഞ്ഞു കയറി ലക്ഷ്യം കാണും.

ഒന്നു മതി: 100 ക്യുബിക് ഫീറ്റിൻറെ രണ്ടു ട്രക്കുകളുടെ പ്രയോജനം ഒറ്റ ഇ കോമെറ്റ് ട്രക്ക് നൽകുമെന്ന ലെയ് ലൻഡിൻറെ അവകാശവാദം എത്രത്തോളം ശരിയാണ് ? ഒരോ ട്രിപ്പിനും ഇരട്ടിവരുമാനം എന്നതാണ് ഈ വാദത്തിൻറെ കാതൽ. പരിശോധിക്കാം.

ചെറുത് വലുതായി: നിലവിലുള്ള ചെറു ടിപ്പറുകളെല്ലാം ചെറിയ വാഹനങ്ങളിൽ അധിഷ്ഠിതമാണ്. രണ്ടോ നാലോ ടൺ ശേഷിയുള്ള വാഹനത്തെ അടിസ്ഥാനമാക്കി ഷാസിയും എൻജിൻ ശേഷിയും ഉയർത്തി നിർമിച്ചവ. ഒതുക്കമാണ് ഈ ടിപ്പറുകളുടെ മുഖ്യ സവിശേഷത. എന്നാൽ ചെറുപ്പത്തിൽ നിന്നു വലുതായതിൻറെ ദോഷങ്ങളുണ്ട്. ഷാസിയും എൻജിനും ഗിയർബോക്സും ആക്സിലുകളും ടയറുകളും എല്ലാം കുറഞ്ഞ ശേഷിക്കായി നിർമിച്ചതാണ്. എത്ര ശ്രദ്ധിച്ച് അപ്ഗ്രേഡ് ചെയ്താലും ശേഷിക്കുറവ് പ്രശ്നമാകും. തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കുന്നതിനു തുല്യം.

വലുപ്പമാണു താരം: ഇ കോമെറ്റിൻറെ തുടക്കം വലുപ്പത്തിലാണ്. കരുത്തനായ ലെയ് ലൻഡ് കോമെറ്റിൽ അധിഷ്ഠിതം. ഷാസിയും ആക്സിലും ടയറുകളുമെല്ലാം കോമെറ്റിൽ നിന്നെത്തി. എന്നാൽ എൻജിൻ പരമ്പരാഗത കോമെറ്റല്ല. ക്യാബിൻ യൂറോപ്യൻ നിലവാരവും ഒതുക്കവുമുള്ള ഇവെകോ സീരീസിൽ നിന്നു കടം കൊണ്ടു. പ്രയോജനം? ചെറിയ ടിപ്പറുകളെക്കാൾ ഒതുക്കം, വലിയ ടിപ്പറുകൾക്കു തുല്യം ദൃഢത.

എൻജിൻ: നാലു സിലണ്ടർ 130 ബി എച്ച് പി എച്ച് സീരീസ് എൻജിൻ ഇന്ധനക്ഷമതയ്ക്കും കുറഞ്ഞ അറ്റകുറ്റപ്പണിക്കും പേരു കേട്ടതാണ്. നിലവിൽ പല വാഹനങ്ങളിലും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുമുണ്ട്. 12 ടൺ വരെ ഭാരം വഹിക്കും. 1012 ലും 1212 ലും ഇതേ  എൻജിൻ തന്നെ.

ഇടവഴിയിൽ കുടുങ്ങില്ല: ഒതുക്കമുള്ള ക്യാബിനായതിനാൽ ഏത് ഊടുവഴിയുടെയും മിനി ലോറിയുടെ മെയ് വഴക്കത്തോടെ നീങ്ങും. ഇതു തന്നെയാണ്  ഇ കോമെറ്റിൻറെ മികവ്. ചെറു ലോറികളെയും പിന്നിലാക്കി ചെറുവഴികളിൽ ഓടി എന്തു കഠിന ജോലിയും ചെയ്യും. കാറുകൾക്കു സമാന സൗകര്യമുള്ള ക്യാബിൻ. എ സി വേണമെങ്കിൽ ഓപ്ഷനലായി ലഭിക്കും. പവർ സ്റ്റീയറിങ് അടക്കമുള്ള സൗകര്യങ്ങൾ വാഹനത്തിനൊപ്പം ഡ്രൈവർക്കും ക്ഷീണമില്ലാതെ പണിയെടുക്കാൻ വഴിയൊരുക്കും.

ഫാക്ടറി ബോഡി: പൂർണമായും ഫാക്ടറി നിർമിതമായ ക്യാബിനും പുറത്തു നിർമിക്കുന്ന ലോഡ് ബോഡിയുമാണ് ഇ കോമെറ്റിന്. ഷാസി മാത്രമായി ഏകദേശ വില 12 ലക്ഷം. ബോഡി നിർമിച്ച് ഇറങ്ങുമ്പോൾ 15 ലക്ഷം. എ സി ക്യാബിന് അര ലക്ഷം കൂടി നൽകണം. വർധിച്ചു വരുന്ന ജനപ്രീതി കണ്ടാൽ വലിയ ടിപ്പറുകൾക്ക് ടോറസ് വിളിപ്പേരായതു പോലെ ചെറു ടിപ്പറുകൾക്ക് ഇ കോമറ്റ് എന്ന പേരുറയ്ക്കുമോ എന്നു സംശയിക്കാം.

∙ ടെസ്റ്റ് ഡ്രൈവ്: ടി വി എസ് 8111990104