പ്രമേഹരോഗികളുടെ വായിലെ കയ്പിനു കാരണം?

എഴുപത്തിയെട്ടു വയസ്സായ ഞാൻ പതിനെട്ടു വർഷമായി  പ്രമേഹത്തിന് ഇൻസുലിൻ ഉപയോഗിക്കുന്നു. പ്രഷറും കൊളസ്ട്രോളും ഇല്ല. ഭക്ഷണത്തിനു മുൻപു ഷുഗർ 90–95 ൽ നിൽക്കുന്നു. ഭക്ഷണത്തിനു ശേഷം 200–270 എന്ന നിലയിലാണ്. എനിക്കു ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല എന്നതാണു പ്രശ്നം. വായയ്ക്കു രുചിയില്ല. വായിലെ കയ്പ് ദുസ്സഹമാണ്. വായിൽ ഏതു ഭക്ഷണം വച്ചാലും കയ്പു കൊണ്ടു കഴിക്കാൻ പറ്റുന്നില്ല. എന്റെ തൂക്കം 56 കിലോ ഉണ്ടായിരുന്നത് ഇപ്പോൾ 40 കിലോ ആയി കുറഞ്ഞു. ആശുപത്രിയിൽ പോയി എല്ലാ പരിശോധനകളും നടത്തി. സിടി സ്കാൻ ചെയ്തപ്പോൾ വൻകുടലിൽ ഒരു ചെറിയ മുഴ ഉണ്ടെന്നും അത് ഓപ്പറേഷൻ ചെയ്തു കളയണമെന്നും പറഞ്ഞു. ഓപ്പറേഷൻ വേണ്ടെന്നാണ് എന്റെ തീരുമാനം. മരുന്നൊന്നും തന്നില്ല. കട്ടിയുള്ള ഭക്ഷണം ഒന്നും കഴിക്കരുതെന്നും ദ്രാവകരൂപത്തിലുള്ള ഭക്ഷണം മാത്രം കഴിച്ചാൽ മതിയെന്നുമാണു പറഞ്ഞിരിക്കുന്നത്. കഞ്ഞിവെള്ളമോ മാതളനാരങ്ങാനീരോ കരിക്കിൻ വെള്ളമോ മാത്രം കഴിച്ചാൽ മതി എന്നും പറഞ്ഞിട്ടുണ്ട്. ഞാൻ ഇപ്പോൾ ഹോമിയോ മരുന്നു  കഴിക്കുന്നുണ്ട്. അതുകൊണ്ടും വായിലെ കയ്പു മാറുന്നില്ല. ഡോക്ടർ ദയവായി എനിക്ക് ഒരു പരിഹാരം നിർദേശിച്ചു തരുമല്ലോ.

ഉത്തരം: പ്രമേഹം അഥവാ മധുമേഹം (തേൻമൂത്രം) ഉണ്ടെന്നു സ്ഥിരീകരിച്ചാൽ അതു നിഴലായി എന്നും കൂടെ ഉണ്ടായിരിക്കും. ഒരു ജലദോഷം വന്നു മാറിപ്പോകുന്ന പോലെയല്ല പ്രമേഹം. പലപ്പോഴും മൂത്രത്തിലോ ചർമത്തിലോ പഴുപ്പു വരുന്നതിൽക്കൂടിയായിരിക്കും  പ്രമേഹം കണ്ടുപിടിക്കപ്പെടുന്നത്. ആ ലക്ഷണങ്ങൾ നിയന്ത്രണത്തിലാകുന്നതോടെ പ്രമേഹവും വിട്ടുമാറി എന്നു പലരും വിശ്വസിക്കുന്നു. ചിലപ്പോൾ ഒരു ഒറ്റമൂലി കൂടി കഴിച്ചെന്നും വരാം.

പ്രമേഹമില്ലാത്തവരിൽ രക്തത്തിലെ പഞ്ചസാര ആഹാരത്തിനു മുൻപ് 80 മില്ലിഗ്രാമിനോടടുത്തും ആഹാരം കഴിഞ്ഞു 120 മില്ലിഗ്രാമിൽ താഴെയുമായിരിക്കും. പല സമയങ്ങളിലായി നിങ്ങളുടെ രക്തത്തിലെ പഞ്ചസാര 200–270 എന്ന തോതിൽ ആണെന്നു വിവരിച്ചിരിക്കുന്നതിനാൽ പ്രമേഹം നിയന്ത്രണ ത്തിലാണെന്നു പറയുക വയ്യ. അതിനാൽ പ്രമേഹം പഴുകു ന്തോറും എല്ലാ അവയവങ്ങളിലും സങ്കീർണതകൾ വരാൻ നല്ല സാധ്യതയുണ്ട്. വായിൽ കയ്പു വരുന്നതിന്റെ പ്രധാന കാരണം പല്ലിനടിയിൽ ആഹാരത്തിന്റെ ചെറിയൊരംശം കിടന്നു ജീർണിക്കുന്നതാണ്. പ്രമേഹ രോഗികളിൽ ഇതു കൂടുതലായിരിക്കും. ആഹാരം കഴിച്ച ശേഷം പല്ലു തേയ്ക്കുന്നതു നിർബന്ധമാക്കുക. വായിലെ കയ്പു മാറ്റാൻ ഇതു പ്രായോഗികമാക്കി നോക്കാം. പ്രമേഹം നിയന്ത്രണത്തിലാക്കണം. ഇപ്പോൾ ഇൻസുലിൻ രണ്ടു പ്രാവശ്യം കുത്തി വയ്ക്കുന്നുണ്ടെങ്കിൽ അതിന്റെ അളവു കൂടുതലാക്കണം. ആഹാരത്തിനുശേഷം എപ്പോഴും രക്തത്തിലെ പഞ്ചസാര അളവ് 160 മില്ലിഗ്രാമിൽ താഴെ ആക്കണം. 

സ്വാദ് അറിയുന്നതു മസ്തിഷ്കത്തിലാണെങ്കിലും വിശപ്പു കുറയുന്നതു പ്രധാനമായി കരൾ രോഗത്തിലാണ്. മസ്തിഷ്ക ത്തിൽ വിശപ്പു കേന്ദ്രവും തൃപ്തികേന്ദ്രവും പ്രവർത്തിക്കു ന്നുണ്ട്. പ്രായമായവരിൽ പ്രത്യേകിച്ച്, മലബന്ധമുള്ളവരിൽ വൻകുടലിൽ ചെറിയ പോളിപ്പ് തടിപ്പുകൾ അസാധാരണമല്ല. അതു കാൻസർ ആകണമെന്നില്ല. മലദ്വാരത്തിൽക്കൂടി കുഴൽ കടത്തി വലിയ ബുദ്ധിമുട്ടു കൂടാതെ ഇതു നിരീക്ഷിക്കാവു ന്നതാണ്. വളഞ്ഞു കയറുന്ന കൊളണോസ്കോപ്പി കുഴൽ ഉപയോഗിച്ച് ഓപ്പറേഷനില്ലാതെ മിനിറ്റുകൾ കൊണ്ടു തന്നെ ഇതു മനസ്സിലാക്കാം. അതനുസരിച്ചു ഭാവി മാർഗങ്ങൾ നിർണയിക്കാവുന്നതാണ്. 

ഭക്ഷണം ജലരൂപത്തിലാക്കി ഒതുക്കേണ്ടതുണ്ടെന്നു തോന്നു ന്നില്ല. പ്രമേഹത്തിനു ദോഷമില്ലാത്ത രൂപത്തിലാക്കിയാൽ മതിയാകും. നിങ്ങളുടെ ഡോക്ടറുമായി ഇതെല്ലാം ഒന്നുകൂടി സംസാരിച്ചു ഭാവിപരിപാടികൾ തീരുമാനിക്കുക. ശരീരാവയവ ങ്ങളുടെ ഇപ്പോഴത്തെ കെട്ടുറപ്പാണു പ്രായത്തെക്കാൾ പ്രധാനം.