കഴുത്തുവേദന; പരിഹാരങ്ങൾ ഇങ്ങനെ

ചെറിയ കുട്ടികളിൽ തുടങ്ങി മുതിർന്നവർ വരെ പറയുന്ന കാര്യമാണ് കഴുത്തു വേദന, തലയുടെ പുറം ഭാഗത്തായി ഭാരം തോന്നുക, തലവേദന, തോളുകളിലേക്ക് ഇറങ്ങി വരുന്ന വേദന തുടങ്ങിയവ. പോഷകസമൃദ്ധമായ ആഹാരം അല്ലാത്തതുകൊണ്ടും വളർച്ചയുടെ ഘട്ടത്തിൽ ലഭിക്കേണ്ട പോഷകങ്ങളും വൈറ്റമിനുകളും ആവശ്യത്തിനു ലഭിക്കാത്തതുകൊണ്ടുമാണ് കുട്ടികളിൽ ഇത്തരം വേദനകൾ ഉണ്ടാകുന്നത്. പല സ്കൂളുകളുകളും ബാഗിന്റെ ഭാരം കുറയ്ക്കുന്ന രീതികളിലേക്കും എത്തിയിട്ടുണ്ട്. ഇതിന് സർക്കാരിന്റെ തീരുമാനവുമുണ്ട്. ഭാരം കൂടിയ ബാഗ് തൂക്കിപ്പോകുന്നതും സ്കൂൾ വിദ്യാർഥികളിൽ കഴുത്ത്, പുറം വേദനയ്ക്കുള്ള കാരണങ്ങളാണ്. 

കംപ്യൂട്ടർ യുഗം ആയതോടെ കഴുത്തുവേദനയെ അധികരിച്ചുള്ള പ്രശ്നങ്ങളും വർധിച്ചിട്ടുണ്ട്. തുടർച്ചയായി കംപ്യൂട്ടറിനു മുന്നിൽ ഇരിക്കുമ്പോൾ നട്ടെല്ലിന്റെ ഘടനയിൽ വരുന്ന വ്യതിയാനം പലപ്പോഴും പ്രശ്നങ്ങളിലേക്കു നയിക്കുന്നുണ്ട്. സെർവിക്കൽ ഡിസ്കിനു വരുന്ന നീർക്കെട്ട്, തേയ്മാനം തുടങ്ങിയവയെല്ലാം കഴുത്തുവേദനയ്ക്കുള്ള പ്രധാന കാരണമാണ്. സ്ഥിരമായുള്ള കഫക്കെട്ട്, മൈഗ്രേൻ തലവേദന ഇവയെല്ലാം കഴുത്തുവേദനയ്ക്കും കാരണമാകുന്നുണ്ട്. 

കഴുത്തുവേദനയ്ക്കുള്ള കാരണം മനസ്സിലാക്കിയുള്ള ചികിത്സയാണു ചെയ്യേണ്ടത്. സെർവിക്കൽ ഡിസ്കിനു വരുന്ന തേയ്മാനം, സെർവിക്കൽ സ്പോണ്ടിലൈറ്റിക് ചെയ്ഞ്ചസ് ഇവയിലെല്ലാം ചെയ്യുന്നത് അസ്ഥികൾക്കു പോഷണമായിട്ടുള്ള ഔഷധങ്ങൾ മേമ്പൊടി ചേർത്ത് കഷായത്തിൽ കൊടുക്കുകയാണ്. ദോഷനിവാരണത്തിനായുള്ള ചികിത്സയാണ് സ്വീകരിക്കുന്നതെന്നതാണ് ആയുർവേദത്തിന്റെ പ്രത്യേകത. 

വാതവൃദ്ധിയിൽ വരുന്ന വിവിധ തരത്തിലുള്ള വേദനകൾ ശരിയാക്കുന്നതിനുള്ള സ്നേഹസ്വേദ പ്രയോഗങ്ങൾ ചെയ്യാവുന്നതാണ്. നസ്യപ്രയോഗത്തിലൂടെ മൂക്കിലൂടെ ഒരു പ്രത്യേക രീതിയിൽ വിയർപ്പിച്ചതിനുശേഷം മെഡിക്കേറ്റഡ് ഓയിൽ നസ്യത്തിനായി ഉപയോഗപ്പെടുത്തുന്നു. കഴുത്തിൽ നിന്ന് ശിരസ്സിലേക്കുള്ള ഞരമ്പിന്റെ നീർക്കെട്ട് അകറ്റാനും രക്തസഞ്ചാരം സുഗമമാക്കാനും ഇത് ഉപയോഗപ്രദമാണ്. നീർക്കെട്ട് അകറ്റാൻ ധാന്യാമ്ലധാര, രൂക്ഷമായിട്ടുള്ള കിഴിപ്രയോഗങ്ങൾ എന്നിവ സഹായിക്കും. 

ഇതിനു ശേഷമുള്ള സ്നിഗ്ദപ്രയോഗങ്ങളിലൂടെ ചൂടാക്കിയ തൈലം നിർത്തി അസ്ഥികൾക്ക് പോഷണം നൽകുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. വാതാനുബന്ധ പ്രശ്നങ്ങൾക്ക് ഏറ്റവും ഫലപ്രദമായ ചികിത്സ വസ്തിയാണ്. ആയുർവേദ ചികിത്സയിലൂടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. 

ഇതിനോടനുബന്ധമായി രോഗത്തെ പ്രതിരോധിക്കാൻ നമ്മൾതന്നെ ശ്രദ്ധിക്കേണ്ടതാണ്. വരാനുള്ള സാധ്യത കാണുന്നുണ്ടെങ്കിൽ ആഹാരരീതിയും ഓഫീസുകളിൽ ഇരിക്കുന്ന രീതിയുമെല്ലാം ശരിയായ രീതിയിലാക്കാൻ ശ്രദ്ധിക്കുക.