ചോറു കഴിച്ചാൽ തടി കൂടുമോ?

മൂന്നു നേരവും അരിയാഹാരം കഴിച്ചിരുന്നവനാണ് മലയാളി. പഴങ്കഞ്ഞിയെ ആദ്യം അകറ്റി. ഇപ്പോൾ അത്താഴത്തെയും. രാത്രിയിൽ ചൂടു കഞ്ഞിക്കു പകരം ചപ്പാത്തി. രാവിലെ അരിയെ പേടിച്ച് ഓട്സും ഗോതമ്പും. ഉച്ചയൂണിനു മാത്രം വല്യ മാറ്റം വന്നിട്ടില്ല ഭാഗ്യം!

എന്നു മുതലാണ് നാം നമ്മുടെ ചോറിനെ ഭയപ്പെടാൻ തുടങ്ങിയത്. പ്രമേഹം, കൊളസ്ട്രോൾ, ശരീരഭാരം കൂടുന്നു, ദഹനപ്രശ്നം...എല്ലാത്തിനും കുറ്റം ഒരാൾക്ക് ചോറിന്. ചോറുണ്ണാതിരുന്നാൽ മതി, എല്ലാത്തിനും പരിഹാരമായി. എന്നാൽ ഈ പറയുന്നതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ?

നമുക്കു നോക്കാം; അരിയെപ്പറ്റി പറയുന്ന അരുതായ്കകളും അവയുടെ വാസ്തവവും

രാത്രി ചോറുണ്ണല്ലേ...തടി കൂടും 

പൊതുവേ നാം എപ്പോഴും കേൾക്കുന്ന കാര്യം. എന്നാൽ സത്യം അറിയേണ്ടേ? അരിയാഹാരം ദഹിക്കാൻ വളരെ എളുപ്പമാണ് കൂടാതെ സുഖമായ ഉറക്കവും കിട്ടും. അരി ലെപ്റ്റിൻ സെൻസിറ്റിവിറ്റി കൂട്ടുന്നു. ഒരു കൊഴുപ്പു കോശമാണ് ലെപ്റ്റിൻ ഉല്പ്പാദിപ്പിക്കുന്നത്. ഇത് ശരീരത്തിലെ കൊഴുപ്പിന്റെ ശേഖരണം നിയന്ത്രിക്കുന്നു. കൂടാതെ അന്നജം കൂടുതൽ അടങ്ങിയ ഭക്ഷണം രാത്രി കഴിക്കാം. ഇത് ഗ്ലൂക്കോസ് ആയി മാറുന്നു. രാത്രി, ഗ്ലൂക്കോസ് ഊർജ്ജമായി വേഗത്തിൽ മാറുന്നു. പകൽ സമയത്ത് അരി പോലുള്ള ധാന്യങ്ങൾ കഴിക്കുമ്പോൾ ഗ്ലൂക്കോസ് ഫാറ്റ് ആയി മാറുകയാണ് ചെയ്യുന്നത്. 

ദഹിക്കാൻ പ്രയാസം

ഇതിന്റെ നേരെ എതിരാണ് സത്യം. മനുഷ്യന്റെ ദഹനേന്ദ്രിയ വ്യവസ്ഥയിലെ എൻസൈമുകൾ അരിയെ വേഗം ദഹിപ്പിക്കുന്നു. ഉദരത്തിന് ആരോഗ്യമേകുന്നതോടൊപ്പം മലബന്ധം അകറ്റാനും സഹായകം. വാത–പിത്ത–കഫ ദോഷങ്ങൾക്കെല്ലാം യോജിച്ചതാണ് അരിഭക്ഷണം എന്നാണ് ആയുർവേദം പറയുന്നത്. 

ഗ്ലൂട്ടൻ അടങ്ങിയിട്ടുണ്ട്

അരിയിൽ ഗ്ലൂട്ടൻ ഉണ്ട് എന്നതാണ് ഒരു ആക്ഷേപം. എന്നാൽ വാസ്തവമോ അരി ഗ്ലൂട്ടൻ ഫ്രീ ആണ് എന്നതാണ്. ഗ്ലൂട്ടൻ അടങ്ങിയിട്ടേയില്ല. മാത്രമല്ല മറ്റ് ധാന്യങ്ങളെപ്പോലെ അലർജിയും ഉണ്ടാകില്ല. ഗ്ലൂട്ടൻ കൂടുതൽ അടങ്ങിയ ഭക്ഷണം പ്രമേഹരോഗികൾക്കും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും സുരക്ഷിതമല്ല. 

ചോറുണ്ടാൽ വണ്ണം വയ്ക്കും

ഒന്നു വണ്ണം വച്ചു കിട്ടാൻ ആഗ്രഹിക്കുന്നവർ ഒരു പ്ലേറ്റ് നിറയെ ചോറുണ്ടിട്ടൊന്നും ഒരു കാര്യവുമില്ല. വണ്ണം കൂടുമോ എന്ന ഭയമുള്ളവർ ചോറുണ്ണാതെയും ഇരിക്കണ്ട. ചോറുണ്ടാൽ വണ്ണം കൂടില്ല. വണ്ണം കൂടും എന്ന തെറ്റായ പ്രചരണം വരാൻ കാര്യം, ചിലപ്പോൾ ഒരു ഡയറ്റ് പ്ലാനിലും അരിയാഹാരം ഉൾപ്പെടുന്നില്ല എന്നുള്ളതാവാം. എന്തായാലും അരിയാഹാരം വേഗം ദഹിക്കും. കൊഴുപ്പ് വളരെ കുറവാണ് കൊളസ്ട്രോൾ ഇല്ലേയില്ല. അന്നജം അടങ്ങിയതിനാൽ ഊർജ്ജത്തിന്റെ  കലവറ കൂടിയാണ് അരി.

പ്രോട്ടീൻ ഇല്ല

അരിയിൽ പ്രോട്ടീൻ ധാരാളം ഉണ്ട്. ഒരു കപ്പ് അരിയിൽ ഏതാണ്ട് മൂന്നോ നാലോ ഗ്രാം പ്രോട്ടീൻ ഉണ്ട്. മറ്റു ധാന്യങ്ങളിലൊന്നും ഇത്രയും പ്രോട്ടീന്‍ ഇല്ല.

അരിയിൽ ഉപ്പ് കൂടുതലാണ്

അരിയിൽ സോഡിയം വളരെ കുറവാണ് എന്നതാണ് യാഥാർ ത്ഥ്യം.

കുത്തരിയാണ് വെളുത്ത അരിയേക്കാൾ ആരോഗ്യകരം

നാരുകൾ കൂടുതൽ അടങ്ങിയതിനാലാകാം കുത്തരിക്ക് ആരോഗ്യ ഗുണങ്ങൾ കൂടുതലുണ്ടെന്നു കരുതുന്നത്. എന്നാൽ സിങ്ക് പോലുള്ള ചില ധാതുക്കളുടെ ആഗിരണത്തെ തവിടു നിറത്തിലുള്ള അരിയിലെ അധികനാരുകൾ തടസ്സപ്പെടുത്തും. ഇൻസുലിന്റെ പ്രവർത്തനത്തിന് ഈ ധാതുക്കൾ വളരെ പ്രധാനമാണ്. വെളുത്ത അരിയും ആരോഗ്യത്തിന് ദോഷമൊന്നും വരുത്തില്ല എന്നറിയുക. 

പ്രമേഹരോഗികൾ ചോറ് ഉണ്ണരുത്

ചോറിന്റെ കൂടെ പച്ചക്കറിയോ പരിപ്പുവർഗങ്ങളോ കൂട്ടി കഴിക്കുകയാണ് നമ്മുടെ പതിവ്. ചോറിന്റെ കൂടെ ഇവ ചേരുമ്പോൾ ചോറിലെ ഗ്ലൈസെമിക് ഇൻഡക്സ് കുറയും. അതു കൊണ്ടുതന്നെ പ്രമേഹരോഗികൾക്ക് സുരക്ഷിതമായ ഭക്ഷണമാണിത്. ചോറുണ്ണാം എന്നു കരുതി അമിതമായി  വാരിവലിച്ച് കഴിക്കരുതെന്നു മാത്രം. എന്തും അമിതമായാൽ ദോഷമാണെന്നോർക്കുക. 

Read More : Healthy Food

MORE IN HEALTHY FOOD