ഗ്യാസ്ട്രൈറ്റിസ്; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ആഹാരങ്ങൾ

നിരവധി കാരണങ്ങളാൽ ആമാശയത്തിന് ഉണ്ടാകുന്ന വീക്കവും അസ്വസ്ഥതയുമാണ് ഗ്യാസ്ട്രൈറ്റിസ് (Gastritis) അഥവാ ആമാശയവീക്കം എന്നറിയപ്പെടുന്നത്. ഇതിനെ ദീർഘകാലം നീണ്ടുനിൽക്കുന്നത് (ക്രോണിക്), പെട്ടെന്ന് ഉണ്ടാകുന്നത് (അക്യൂട്ട്) എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. 

ഓക്കാനം, ഛർദി, അടിവയറിനു മുകളിലായി എരിച്ചിൽ അല്ലെങ്കിൽ വേദന എന്നിവയാണ് ഗ്യാസ്ട്രൈറ്റിസ് ലക്ഷണങ്ങള്‍. ക്രോണിക്ഗ്യാസ്ട്രൈറ്റിസ് ഉള്ളവര്‍ ആഹാരകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട ചില സംഗതികളുണ്ട്‌. ചില ആഹാരങ്ങളും പഴങ്ങളും  കഴിക്കുമ്പോള്‍ ഇവര്‍ ഒരല്‍പം കൂടി ശ്രദ്ധിക്കണം.  

ക്രോണിക്ഗ്യാസ്ട്രൈറ്റിസിനെ ഒരു പരിധി വരെ തടയാന്‍ ശരിയായ ഡയറ്റ് കൊണ്ട് സാധിക്കും. 

എരിവും പുളിയും - ക്രോണിക്ഗ്യാസ്ട്രൈറ്റിസ് ഉള്ളവര്‍ കഴിവതും എരിവും പുളിയുമുള്ള ആഹാരം കുറയ്ക്കുക.  മുളകുപൊടി, കറുത്ത കുരുമുളക് എന്നിവ ഒഴിവാക്കാം.

മധുരം - മധുരം കുറയ്ക്കേണ്ടതും  ക്രോണിക്ഗ്യാസ്ട്രൈറ്റിസ് രോഗികള്‍ ശ്രദ്ധിക്കേണ്ട ഒന്നാണ്. പഞ്ചസാര അടങ്ങിയ ആഹാരങ്ങള്‍, പാനീയങ്ങള്‍ എന്നിവ ഒഴിവാക്കാം.

യോഗര്‍ട്ട്- ഗുഡ് ബാക്ടീരിയയുടെ സാന്നിധ്യം ധാരാളമുള്ള ഒന്നാണ് ഇത്.  ക്രോണിക്ഗ്യാസ്ട്രൈറ്റിസില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍  ഇത് സഹായിക്കും.

വെജിറ്റബിള്‍ ജ്യൂസ് കുടിക്കാം -  ക്രോണിക്ഗ്യാസ്ട്രൈറ്റിസ് ഉള്ളവരുടെ ആമാശയഭിത്തിയ്ക്ക് കേടുപാടുകള്‍ ഉള്ളതിനാല്‍ പച്ചക്കറികള്‍ കഴിച്ചാല്‍ അവയിലെ ഫൈബര്‍ സാന്നിധ്യം മൂലം ദഹനം പെട്ടെന്നു നടക്കില്ല. എന്നാല്‍  വെജിറ്റബിള്‍ ജ്യൂസ് കുടിക്കുന്നത് ഏറെ നല്ലതാണ്. വൈറ്റമിനുകള്‍, പ്രോട്ടീനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ഇവയില്‍ ധാരാളം.

മത്സ്യം, മാംസം - മത്സ്യം മാംസം എന്നിവ  ക്രോണിക്ഗ്യാസ്ട്രൈറ്റിസ് ഉള്ളവര്‍ക്ക് കഴിക്കാം. റെഡ് മീറ്റിനു പകരം ചിക്കന്‍ കഴിക്കാം. പ്രോട്ടീന്‍ ധാരാളം ലഭിക്കാന്‍ മത്സ്യവും കഴിക്കാം.

തക്കാളി വേണ്ടേ വേണ്ട - വൈറ്റമിന്‍ സി ധാരാളം അടങ്ങിയതാണ് തക്കാളി. എന്നാല്‍  ക്രോണിക്ഗ്യാസ്ട്രൈറ്റിസ് ഉള്ളവര്‍ തക്കാളിയോടു 'നോ'പറയുക. ആന്റി ഓക്സിഡന്റ്റ് അടങ്ങിയ  lycopene തക്കാളിയില്‍ ധാരാളമുണ്ട്. തക്കാളിയിലെ ആസിഡ് അംശം  ക്രോണിക്ഗ്യാസ്ട്രൈറ്റിസിന് നല്ലതല്ല.