വാഴപ്പഴം കഴിക്കുന്നതു കൊണ്ട് ശരീരത്തിനുള്ള മെച്ചം?

വാഴപ്പഴം ആരോഗ്യ ഭക്ഷണമാണെന്നു നമുക്കറിയാം. എന്താണ് പഴം കഴിക്കുന്നതു കൊണ്ട് ശരീരത്തിനുള്ള മെച്ചം? പൊട്ടാസ്യത്തിന്റെ കലവറയായ വാഴപ്പഴത്തിൽ നിരവധി പോഷകങ്ങളും ഉണ്ട്. ആരോഗ്യത്തിനു മാത്രമല്ല ശരീരഭാരം നിയന്ത്രിക്കാനും വാഴപ്പഴത്തിനു കഴിയും. 

∙മാനസികാരോഗ്യം : എങ്ങനെയാണ് പഴം കഴിച്ചാൽ മനസിന് ആരോഗ്യം ലഭിക്കുന്നത് എന്നറിയുമോ? വാഴപ്പഴത്തിൽ ട്രിപ്റ്റോഫാൻ ധാരാളമുണ്ട്. ഇത് സെറോടോണിൻ ആയി മാറുന്നു. തലച്ചോറിൽ സെറോടോണിന്റെ അഭാവം ഉണ്ടാകുമ്പോഴാണ് വിഷാദം ഉണ്ടാകുന്നത്. വിഷാദം, ഉത്കണ്ഠ തുടങ്ങി നിരവധി മാനസികപ്രശ്നങ്ങൾക്ക് കാരണവും സെറോടോണിന്റെ അഭാവമാണ്. ഇപ്പോൾ മനസ്സിലായില്ലേ വാഴപ്പഴം എങ്ങനെ മാനസികാരോഗ്യം ഏകുന്നുവെന്ന്. 

∙ശരീരഭാരം കുറയ്ക്കുന്നു: ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുണ്ടെങ്കിൽ വാഴപ്പഴം കഴിച്ചു തുടങ്ങാം. 100 കാലറി അടങ്ങിയ പഴത്തിൽ മൂന്നു ഗ്രാം നാരുകൾ ഉണ്ട്. ഭാരം കുറയ്ക്കാൻ മികച്ച ഒരു ലഘുഭക്ഷണമാണ് വാഴപ്പഴം. ദിവസം ശരീരത്തിന് ആവശ്യമുള്ളതിന്റെ 12 ശതമാനം നാരുകൾ പഴത്തിൽ നിന്നു കിട്ടും. 

∙തലച്ചോറിന്റെ ആരോഗ്യം: പൊട്ടാസ്യവും മഗ്നീഷ്യവും വാഴപ്പഴത്തിൽ ധാരാളം ഉണ്ട്. വളരെ സാവകാശം മാത്രം ഊർജം പുറന്തള്ളുന്നതിനാൽ ശ്രദ്ധകേന്ദ്രീകരിക്കാൻ നമ്മെ സഹായിക്കുന്നു. 

∙എല്ലുകൾക്ക് : കാൽസ്യത്തിന്റെ ആഗിരണം എളുപ്പമാക്കാൻ വാഴപ്പഴം സഹായിക്കുന്നു. എല്ലുകളെ ശക്തിയുള്ളതും ആരോഗ്യമുള്ളതും ആക്കുന്നു. 

∙എത്രപഴം കഴിക്കാം: ആവശ്യത്തിന് പോഷകങ്ങളും നാരുകളും ലഭിക്കാൻ ദിവസം ഒരു പഴം കഴിച്ചാൽ മതി. 

ഡോപാമിൻ, കറ്റേച്ചിൻ മുതലായ ആന്റി ഓക്സിഡന്റുകൾ വാഴപ്പഴത്തിലുണ്ട് ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യമേകാനും വാഴപ്പഴം സഹായിക്കും. ജീവകം ബി6, ജീവകം സി, പ്രോട്ടീൻ, മാംഗനീസ്, കോപ്പർ ഇവ അടങ്ങിയ വാഴപ്പഴം ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.