ഗോപാലകൃഷ്ണന്റെ കുക്കിങ് ലാബ് സായിപ്പ് കട്ടെടുത്തേ!

ദിലീപ് പാചകക്കാരനായി അഭിനയിച്ച മിസ്റ്റർ ബറ്റ്ലർ എന്ന സിനിമ ഓർമയില്ലേ? ഗോപാലകൃഷ്ണന്റെ ഭാഷയിൽ എപ്പോഴും ഒരു 'കുക്കിങ് ലാബ്' കക്ഷിയുടെ കൂടെ കാണും. ലിഫ്റ്റിൽ കുടുങ്ങുമ്പോൾ നായികയ്ക്ക് ചൂടോടെ വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കിക്കൊടുക്കുന്ന രംഗങ്ങൾ ഭക്ഷണപ്രേമികൾ മറക്കാനിടയില്ല. ഏതാണ്ടത് പോലെ ഒരു സ്യൂട്ട്കെയ്‌സ് രൂപകൽപന ചെയ്തിരിക്കുകയാണ് മിലാനിലുള്ള ഡിസൈനർ മാർക്ക് സാഡ്‌ലർ. 

ഉലകം ചുറ്റികളെ ഉദ്ദേശിച്ചാണ് സാധനം ഡിസൈൻ ചെയ്തിരിക്കുന്നത്. ചെറിയൊരു ഓഫിസ് ടേബിൾ, ഇൻഡക്ഷൻ കുക്കറോടുകൂടിയ കുക്കിങ് ടേബിൾ, മിനി ഫ്രിഡ്ജ്, സ്‌റ്റോറേജ് സ്‌പേസ്... ഇതൊന്നും പോരാഞ്ഞിട്ട് ശാപ്പാടടിച്ചു കഴിഞ്ഞു സുഖമായി കിടന്നുറങ്ങാൻ ഒരു കിടക്കയും ഈ സ്യൂട്കെയ്‌സിൽ ഒളിപ്പിച്ചിരിക്കുന്നു. ചുരുട്ടി വയ്ക്കാവുന്ന വുഡൻ മാട്രസാണ് ഇതിനുള്ളിൽ.

ഇൻബിൽറ്റ് പവർ ബാക്കപ്പിനു പുറമെ യാത്രയിൽ ചാർജ് ചെയ്യാനായി പ്ലഗ് സോക്കറ്റുകളുമുണ്ട്. ഒരു ലെതർ സ്യൂട്കെയ്‌സിനുള്ളിൽ ഇതെല്ലാം ഒതുക്കിവച്ചിരിക്കുന്നു. ഉരുട്ടിക്കൊണ്ടു പോകാൻ സൗകര്യത്തിനു എല്ലാവശത്തേക്കും തിരിയുന്ന ചക്രങ്ങളാണ് നൽകിയിരിക്കുന്നത്. വിലയും മോശമല്ല കേട്ടോ...16000 പൗണ്ടാണ് സ്യൂട്കെയ്‌സിന്റെ വില. അതായത് ഏകദേശം 14 ലക്ഷത്തോളം രൂപ.