അറിയാമോ കളർ സൈക്കോളജി? അവ പറയും ചില രഹസ്യങ്ങൾ

നമ്മുടെ കണ്ണിനെ അത്രമേൽ സ്വാധീനിക്കുന്നവയാണ് നിറങ്ങൾ. ഏറെ സമ്മർദത്തിൽ ഇരിക്കുന്ന ഒരു വ്യക്തിക്ക് നല്ല നിറങ്ങൾ ഉള്ള ഒരു ചിത്രം കാണുന്നത് സന്തോഷം പകരുന്നു. നിറങ്ങൾക്ക് ഒരു വ്യക്തിയുടെ ജീവിതത്തിൽ അത്രമേൽ സ്വാധീനം ചെലുത്താൻ കഴിയും. അങ്ങനെയെങ്കിൽ വീടുകൾക്ക് നിറം നൽകുന്നതിലും നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായില്ലേ? വീടുകളിൽ നാം അടിക്കുന്ന ഓരോ നിറത്തിനും ഓരോ കഥകൾ പറയാനുണ്ടാകും. പണ്ട് കാലത്ത് എല്ലാ മുറികളിലും വെള്ള നിറത്തിലുള്ള പെയിന്റുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് അതല്ല അവസ്ഥ. വെള്ള നിറത്തെ ആളുകൾ പടിക്ക് പുറത്താക്കി കഴിഞ്ഞു. കളർഫുൾ ഇന്റീരിയർ ആണ് ആളുകൾ ഇപ്പോൾ ഇഷ്ടപ്പെടുന്നത്. കളർ സൈക്കോളജി അറിഞ്ഞിരിക്കുന്നത് ഇന്റീരിയർ മനോഹരമാക്കുവാൻ സഹായിക്കും. 

ചൂടും തണുപ്പുമുളള നിറങ്ങൾ

ശരീരതാപനില പോലെ നിറങ്ങൾക്കും. താപനിലയുണ്ട്. ‘വാം കളർ’ എന്നത് ചൂടു കൂടുതലുളള നിറങ്ങളും ‘കൂൾ കളർ’ എന്നത് ചൂടു കുറവുളള നിറങ്ങളുമാണ്. വാം കളറുളള മുറികളിൽ ആളുകൾ കൂടുതൽ ഊർജസ്വലരായിരിക്കും. വാം കളറുകളായ ചുവപ്പ്. ഓറഞ്ച്, ചുവപ്പ് – ഓറഞ്ച്, മഞ്ഞ–ഓറഞ്ച് എന്നിവ മണ്ണിന്റെ നിറങ്ങൾ (എർത്തി കളർ) എന്നും അറിയപ്പെടുന്നു. ഇവ ഉപയോഗിക്കുമ്പോൾ അകത്തളങ്ങളിലെ ചൂട് കൂടാൻ സാധ്യതയുളളതുകൊണ്ട് ശ്രദ്ധയോടെ വേണം തിരഞ്ഞെടുക്കാൻ.

പടിഞ്ഞാറു ഭാഗത്തുളള മുറികളിൽ വൈകുന്നേരം വരെ സൂര്യപ്രകാശം ലഭിക്കുന്നതുകൊണ്ട് വാം കളർ ഒഴിവാക്കുന്നതാണ് നല്ലത്. കിഴക്കു ഭാഗത്തുളള മുറികളുടെ ഭിത്തി ചൂടാകാനുളള സാധ്യത കുറവായതുകൊണ്ട് വാം കളർ ഉപയോഗിക്കുന്നതു നന്നായിരിക്കും. മുറിയുടെ താപനില കൂട്ടാനും സൂര്യപ്രകാശം കിട്ടാത്തതിന്റെ പ്രശ്നം ഒരു പരിധി വരെ കുറയ്ക്കാനും ഇതു സഹായിക്കും.

കൂൾ നിറങ്ങളായ നീല, പച്ച, നീല– പച്ച, മഞ്ഞ– പച്ച എന്നിവ ആകാശത്തിന്റെയും കടലിന്റെയും പ്രകൃതിയുടെയും കൂൾ ഇഫക്ടിനെയാണ് പ്രതിനിധീകരിക്കുന്നത്. പടിഞ്ഞാറു ഭാഗത്തുളള മുറികളുടെ ചുവരുകൾ ദീർഘനേരം സൂര്യ രശ്മി പതിക്കുന്നതുകൊണ്ട് ചൂടായിത്തന്നെ ഇരിക്കും. അതുകൊണ്ട് ഈ മുറികളിൽ കൂൾ നിറങ്ങൾ ഉപയോഗിക്കുന്നതാണ് ഉത്തമം. ഇത് ചൂട് ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കും. തെക്ക് പടിഞ്ഞാറ്് ഭാഗത്തും ഇതേ സ്ഥിതി ആയതുകൊണ്ട് അവിടെയും കൂൾ നിറങ്ങളാണ് ഉത്തമം. വടക്ക്– കിഴക്ക് ഭാഗത്തുളള മുറികളിൽ ഏതു നിറമായാലും ഉപയോഗിക്കാം. കാരണം. അധികം ചൂടോ തണുപ്പോ ഏൽക്കാത്ത ഭാഗമാണിത്. മുറിയുടെ വലുപ്പം കൂട്ടികാണിക്കാനും കൂൾ നിറങ്ങൾ സഹായിക്കുന്നു.

കളർ കാർഡ്

കളർ കാർഡിൽ നിന്ന് നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. കളർ കാർഡിൽ കാണുന്ന നിറം വളരെ ചെറിയ ഇടത്താണ്. എന്നാൽ അതേ നിറം വീടിന്റെ വലിയ ഏരിയയിൽ വരുമ്പോൾ നിറം മാറാൻ ഇടയുണ്ട്. അതുകൊണ്ട് ഇഷ്ടപ്പെട്ട നിറത്തിന്റെ തൊട്ടടുത്ത ഷേഡ് വേണം തിരഞ്ഞെടുക്കാൻ. അല്ലെങ്കിൽ അടിച്ചു കഴിയുമ്പോൾ ലൈറ്റ് ഷേഡ് ആയിപ്പോകും. പുട്ടിയിടാത്ത ഭിത്തിയാണെങ്കിൽ സിമന്റിന്റെ ആഗിരണശേഷി കൂടുതലായതിനാൽ ഇഷ്ട നിറത്തിന്റെ അടുത്തതിന്റെ അടുത്ത ഷേഡ് എടുക്കണം.

Yellow

പ്രസരിപ്പു തരുന്ന മഞ്ഞയുമുണ്ട്. അലോസരമുണ്ടാക്കുന്ന മഞ്ഞ നിറവുമുണ്ട്. അടുക്കളയ്ക്കും കുട്ടികളുടെ മുറിക്കും ചേരും. മ‍ഞ്ഞ നിറമുളളള ഫർണിച്ചർ കൗതുകമുണർത്തും. മഞ്ഞയും വെളളയും രസകരമായ നിറക്കൂട്ടാണ്. അത് ഇന്റീരിയറിന് ചെറുപ്പത്തിന്റെ പ്രസരിപ്പു പകരും. ശ്രദ്ധയാകർഷിക്കാൻ കടുംമഞ്ഞ നിറത്തിന് പ്രത്യേക കഴിവുണ്ട്.

Brown

പ്രകൃതിദത്തമായ നിറമായതിനാൽ ഒരു ‘ക്ലാസ്സിക് നിറമാണ് ബ്രൗൺ അഥവാ തവിട്ടു നിറം എന്നു പറയാം. സുരക്ഷിതത്വം പകരുന്ന നിറമാണ്. തടിയും മണ്ണുമെല്ലാം ബ്രൗണിന്റെ വകഭേദങ്ങളാണല്ലോ. ഒരേ സമയം ആഢ്യത്വവും ആധുനികവുമാണ് തവിട്ടു നിറം. ഏത് സ്റ്റൈൽ വീടിനും ചേരും. ഒരിക്കലും ട്രെൻഡ് പോകുമെന്ന് പേടിക്കുകയും വേണ്ട.

Pink

വളരെ അടുപ്പവും മാധുര്യവുമേറിയതാണ് പിങ്ക് നിറമണിഞ്ഞ ഇന്റീരിയർ. കുട്ടികളുടെ മുറിക്ക് നന്നായി ചേരും. കൃത്യമായ ഷേഡ് കൊടുത്താൽ ആശ്വാസദായകമായ നിറമാണ് പിങ്ക്. സ്റ്റൈലിഷ് ആയ ഇന്റീരിയർ ലഭിക്കും. ചില ഭാഗങ്ങളും സാധനങ്ങളും എടുത്തുകാണിക്കാൻ വളരെ മനോഹരമായി ഉപയോഗിക്കാവുന്നതാണ് പിങ്കിന്റെ പല പല ഷേഡുകൾ.

പെയിന്റ് ഉപയോഗിക്കുമ്പോൾ...

∙ഗുണനിലവാരമുളള പെയിന്റുകൾ ഉപയോഗിക്കുക

∙ ഘനലോഹങ്ങളും അപകടകാരികളായ ഘടകങ്ങളും ഇല്ലാത്ത അല്ലെങ്കിൽ കുറവായ പെയിന്റുകൾ ഉപയോഗിക്കുക.

∙ അടച്ചിട്ട മുറികളിൽ വച്ചു പെയിന്റ് ചെയ്യാതിരിക്കുക.

∙ പെയിന്റ് ചെയ്യുമ്പോൾ ജനാലകളും കതകുകളും തുറന്നിടുക.

∙ പുറംചുമരുകളിൽ അടിക്കുന്ന പെയിന്റുകളില്‍ പൂപ്പലും മറ്റും പിടിക്കാതിരിക്കാനുളള രാസചേരുവകൾ അടങ്ങിയേക്കാം. അതുതന്നെ അകത്തെ മുറികളിലും വേണമെന്നു നിർബന്ധം പിടിക്കരുത്.

∙ കഴിവതും ജലത്തിൽ ലയിപ്പിച്ചെടുക്കുന്ന പെയിന്റുകൾ ഉപയോഗിക്കുക.