പന്നിക്കു പുതിയ രോഗം

പന്നികൾക്ക് ഒരു പുതിയ രോഗം വരുന്നതായി കേൾക്കുന്നു. അതിനെക്കുറിച്ച് അറിയണം?

പി. ദാമോദരൻ, കോട്ടപ്പുറം

പിആർആർഎസ് എന്ന വൈറസ് രോഗം (PORCINE RESPI-RATORY AND REPRODUCTIVE SYNDROME) വയനാട്, കോഴിക്കോട് ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തതായി അറിയുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് ഇന്ത്യയിൽ മിസോറമിലാണ് രോഗബാധ ആദ്യം റിപ്പോർട്ട് ചെയ്തത്. പ്രത്യുൽപാദന അവയവങ്ങളിലും ശ്വാസകോശങ്ങളിലും വൈറസ് പ്രവേശിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ് ഈ രോഗം. ശക്തമായ പനി, തീറ്റ തിന്നാതിരിക്കൽ, ശ്വാസംമുട്ടൽ, ചെവി, ത്വക്ക് എന്നിവിടങ്ങളിൽ നിറവ്യത്യാസം, ഗർഭിണികളായ പന്നി ആരോഗ്യമില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിക്കുക, പന്നിക്കുഞ്ഞുങ്ങളെ തള്ളയിൽനിന്നു വേർപെടുത്തുന്നതിനു മുമ്പ് കാണുന്ന കൂടിയ മരണനിരക്ക്. മുലയൂട്ടുന്ന പ്രായത്തിൽ പന്നിക്കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന ശ്വാസതടസ്സം എന്നിവയാണ് ലക്ഷണങ്ങൾ.

വൈറസ് ശ്വാസകോശത്തിനുള്ളിൽ കയറിപ്പറ്റി പ്രതിരോധശേഷി സംവിധാനത്തെ ഇല്ലായ്മ ചെയ്ത് ന്യൂമോണിയ ഉണ്ടാക്കുന്നു. വൈറസ്രോഗമായതിനാൽ ചികിത്സയില്ല. ബാക്ടീരിയയുടെ ദ്വിതീയ ആക്രമണത്തിൽനിന്നു രക്ഷിക്കാൻ ആന്റിബയോട്ടിക്കുകൾ നൽകുന്നു. പ്രതിരോധകുത്തിവയ്പും നിലവിലില്ല. പന്നിക്കുഞ്ഞുങ്ങളിൽ ശക്തമായ വയറിളക്കമുണ്ടാകാം. പന്നികളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ തൊട്ടടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ഉചിതമായ ചികിത്സ നൽകണം. രോഗം പടരാതിരിക്കുന്നതിനു നടപടികളും സ്വീകരിക്കണം. രോഗബാധയിൽനിന്നു വിമുക്തി നേടിയ പന്നികൾ വൈറസിനെ വിസർജിക്കുന്നതിനാൽ അത്തരം പന്നികളിൽനിന്നു മറ്റു പന്നിക്കുഞ്ഞുങ്ങളിലേക്ക് രോഗം പകരാനിടയുണ്ട്. അതുകൊണ്ട് രോഗബാധിത പ്രദേശങ്ങളിൽനിന്നു പന്നിക്കുഞ്ഞുങ്ങളെ വാങ്ങാതെ സർക്കാർ‌ ഫാമുകളിൽനിന്നു മാത്രം വാങ്ങുക.

MORE IN AGRI NEWS