ആരോഗ്യമുള്ള പശുവിനെ കണ്ടാലറിയാം

പശുവിന്റെയും കിടാവിന്റെയും ആരോഗ്യനില ചില സൂചകങ്ങളിലൂടെ തിരിച്ചറിയാം

ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ ‍പഞ്ഞം എന്നു പറഞ്ഞതുപോലെ പശുക്കളെ കണ്ടാൽ അതിന്റെ ആരോഗ്യസ്ഥിതി അറിയാം. ശരീരസ്ഥിതി, ആരോഗ്യം, ശരീരധർമം, കാലുകളും അവയുടെ ചലനവും, ആമാശയത്തിന്റെ സ്ഥിതി, ചാണകം, മുലക്കാമ്പ്, കിതപ്പ്, പ്രസവം,  കിടാവ് എന്നിവ  സംബന്ധിച്ച സൂചകങ്ങൾ  ആധാരമാക്കി ആരോഗ്യനില തിരിച്ചറിയാനാവും.

ആരോഗ്യ സൂചകങ്ങൾ

ശരീരതാപം, ശ്വസനം, അയവെട്ടൽ, മലശോധന, മൂത്രമൊഴിക്കൽ, തീറ്റ തിന്നൽ, വെള്ളംകുടി, ഉമിനീർ ഒലിപ്പ്, പാലിന്റെ അളവ്, ഉരുവിന്റെ പെരുമാറ്റം ഇവ ശ്രദ്ധിക്കുക. സാധാരണനിലയിൽനിന്നുള്ള വ്യത്യാസം അനാരോഗ്യത്തെ സൂചിപ്പിക്കുന്നു.

വിവരണം ആരോഗ്യാവസ്ഥ

കണ്ണുകൾ (eyes) : തിളക്കമുള്ളത്, കണ്ണീർപ്രവാഹം ഇല്ല, കണ്ണിന്റെ ശ്ലേഷ്മങ്ങൾ ചുവന്നിരിക്കരുത്.

മുഞ്ഞി (muzzle): തണുത്തു നനവുള്ളതായിരിക്കണം ചർമം മിനുമിനുപ്പുള്ളതും കൃമികീടങ്ങൾ (parasites) ഇല്ലാത്തതും ആയിരിക്കണം.

ശരീരതൂക്കം (weight): ജനുസ്സിന് അനുസരിച്ചുള്ള ശരീരതൂക്കം വേണം. മെലിഞ്ഞതും ക്ഷീണിച്ചതും ആയിരിക്കരുത്.

മനോഭാവം:  കൂട്ടത്തിൽനിന്നു മാറി നിൽക്കാത്തതും ഇണക്കമുള്ളതും. 

നടത്തം:  അനായാസമായ നടത്തം. ഇരിപ്പും എഴുന്നേൽപും സുഗമം.

അകിട്:  പാൽ ഞരമ്പു തെളിഞ്ഞതും നല്ല കറവ സൂചിപ്പിക്കത്തക്കവിധം മൃദുവുമായിരിക്കണം.

ശരീരധർമ സൂചകങ്ങൾ

ശരീരതാപം: ഒരു തെർമോമീറ്റർ അതിന്റെ മെർക്കുറി കുടഞ്ഞ് താഴത്തെ അറ്റം കൊണ്ടുവന്നതിനുശേഷം മലദ്വാരത്തിൽ 2–3 മിനിറ്റ് വയ്ക്കുക. തുടർന്നു തെർമോമീറ്ററിന്റെ ബൾബിൽ കൈപിടിക്കാതെ എടുത്തുനോക്കുക. 38 മുതൽ 39 ഡിഗ്രി സെൽഷ്യസ് (102 ഡിഗ്രി ഫാരൻഹീറ്റ്) ആണു സാധാരണ ശരീരോഷ്മാവ്. ശരീരതാപം ഇതിലും കൂടുന്ന അവസ്ഥയും ഒപ്പം അണപ്പും കിടുകിടുപ്പും  (shivering) അണുബാധ, സൂര്യാതപം എന്നിവയെ സൂചിപ്പിക്കുന്നു. അതേസമയം ശരീരതാപം ഇതിലും കുറയുന്നതു കാൽസ്യത്തിന്റെ കുറവിനെയാണ്  സൂചിപ്പിക്കുന്നത്. കാൽസ്യം കുറയുകയും പശുവിന് എഴുന്നേൽക്കാൻ കഴിയാത്ത(ക്ഷീരസന്നി) തുമായ ഈ അവസ്ഥയിൽ ശരീരോഷ്മാവ് സാധാരണയിൽനിന്നു വളരെ താഴെയായിരിക്കും.

ശ്വാസോച്ഛ്വാസം: ശ്വാസം ഉള്ളിലേക്ക് എടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യുന്നതു മനസ്സിലാക്കാൻ, പശുവിന്റെ പിന്നാമ്പുറത്തുനിന്നു വലതുവശത്തെ വാരിയെല്ലിന്റെ ഭാഗത്തെ ചലനം നിരീക്ഷിച്ചാൽ മതി. സാധാരണയായി മുതിർന്ന പശുക്കളിൽ മിനിറ്റിൽ 10 മുതൽ 30 വരെയും കിടാക്കളിൽ 30 മുതൽ 50 വരെയുമാണ് ശ്വാസോച്ഛ്വാസ നിരക്ക്. ഇതിലും കൂടുന്നത് പനി, സൂര്യാതപം, വേദന എന്നിവയെ സൂചിപ്പിക്കുന്നു. കുറഞ്ഞ ശ്വാസോച്ഛ്വാസ നിരക്ക് പാൽപ്പനി (ക്ഷീരസന്നി) യെയും സൂചിപ്പിക്കുന്നു.

അയവെട്ടൽ: ആരോഗ്യമുള്ള പശു ഒരു ദിവസം ഏഴു മുതൽ 10 മണിക്കൂർവരെ അയവെട്ടും. ഒരു മിനിറ്റിൽ 40 പ്രാവശ്യം  എന്നതാണ് അയവെട്ടൽ നിരക്ക്.

റൂമൻ ചലനം: പശുക്കളുടെ ആമാശയത്തിലെ ഏറ്റവും വലുതും ആദ്യത്തേതുമായ അറയാണു റൂമൻ. ഇടതുവശത്തു വാരിയെല്ലുകളുടെ പുറകിലായി ത്രികോണാകൃതിയിൽ കാണുന്ന ഭാഗം. മുഷ്ടി മടക്കി ഈ ഭാഗത്ത് അമർത്തിയാൽ റൂമൻ ചലിക്കുന്നത് അനുഭവപ്പെടും. മിനിറ്റിൽ ഒന്നുമുതൽ മൂന്നുവരെയാണു റൂമന്റെ ചലനം. അണുബാധ, പാൽപ്പനി, അസിഡോസിസ് എന്നീ അവസ്ഥകളിൽ റൂമന്റെ ചലനനിരക്കു കുറയും.

മലശോധന: ഒരു പശു ഒരുദിവസം 15 പ്രാവശ്യം ചാണകം ഇടും. സങ്കരയിനം പശുവിന്റെ തൂക്കം 350 – 400 കിലോ. 20 – 25 കിലോ ചാണകമാണ് ഒരു പശു ദിവസേന ഇടുന്നത്. മൂത്രം ഒഴിക്കൽ: ദിവസേന 10 പ്രാവശ്യം പശു മൂത്രം ഒഴിക്കും. സങ്കരയിനം കറവപ്പശു 10 –15 ലീറ്റർ മൂത്രം ഒഴിക്കാം. മൂത്രത്തിന്റെ അളവ് കുറയുന്നതു പാൽപ്പനി, കുറഞ്ഞ വെള്ളംകുടി, വൃക്ക തകരാർ എന്നിവയെ സൂചിപ്പിക്കുന്നു. മൂത്രം ഒഴിക്കാനുള്ള ബുദ്ധിമുട്ടു മൂത്രാശയ രോഗങ്ങളെയും മൂത്രത്തിന്റെ നിറംമാറൽ ബെബീസിയ എന്ന രോഗം, മൂത്രാശയക്കല്ല് എന്നിവയെയും സൂചിപ്പിക്കുന്നു.

തീറ്റയെടുക്കൽ: ഒരു ദിവസം പശു തീറ്റ തിന്നാൻ അഞ്ചു മണിക്കൂർ സമയം ചെലവിടുന്നു. തീറ്റ ആമാശയത്തിലെത്തുമ്പോൾ അതു ദഹനത്തിനു വിധേയമാകുന്നു. എന്നാൽ തീറ്റ ദഹിപ്പിക്കുന്ന അണുക്കളുടെ പ്രവർത്തനം തടസ്സപ്പെടുമ്പോൾ തീറ്റയെടുക്കൽ കുറയുന്നു. രോഗങ്ങൾ, ദഹനക്കേട്, അജീർണം എന്നിവയാണു തീറ്റയെടുക്കൽ കുറയാൻ കാരണമാകുന്നത്. വെള്ളംകുടി: ഒരു പശുവിന് ഒരു ലീറ്റർ പാലുൽപാദിപ്പിക്കുന്നതിനു മൂന്നു ലീറ്റർ വെള്ളം ആവശ്യമാണ്. ഒരു മിനിറ്റിൽ 20 ലീറ്ററോളം വെള്ളമാണു പശു കുടിക്കുന്നത്. വേനൽച്ചൂടിൽ 100 ലീറ്റർ വെള്ളംവരെ പശു കുടിക്കുന്നു.

ഉമിനീർ ഉൽപാദനം: കൊടുക്കുന്ന തീറ്റയുടെ അടിസ്ഥാനത്തിൽ 40 മുതൽ 150 ലീറ്റർ വരെ ഉമിനീർ ഒരു പശു ദിവസേന ഉൽപാദിപ്പിക്കുന്നുണ്ടത്രേ. പരുഷാഹാരങ്ങൾ ഉമിനീർ ഉൽപാദനം കൂട്ടുമ്പോൾ സാന്ദ്രിതാഹാരങ്ങൾ ഉമിനീർ ഉൽപാദനം കുറയ്ക്കുന്നു. ഉമിനീർ വായിൽനിന്നു പതഞ്ഞൊഴുകുന്നതു കുളമ്പുരോഗത്തിന്റെ സൂചനയാകാം. 

പാലുൽപാദനം: കൂടിയ പാലുൽപാദനം പ്രസവം കഴിഞ്ഞ് ഒന്ന്, രണ്ടര മാസത്തിനുള്ളിലാണ്. തീറ്റയിലെ വ്യത്യാസം പാലുൽപാദനത്തിൽ കുറവുണ്ടാക്കാം. മദി, പാൽപ്പനി, കീറ്റോസിസ് എന്നിവയും ഏതെങ്കിലും തരത്തിലുള്ള അണുബാധയും പാലുൽപാദനം കുറയാൻ കാരണമാകുന്നുണ്ട്. പാലിന്റെ നിറത്തിലെ വ്യത്യാസം: അകിടുവീക്കം, ഫോസ്ഫറസ് എന്ന മൂലകത്തിന്റെ കമ്മി, മുലക്കാമ്പിലെ മുറിവ്, അണുബാധ എന്നിവ പാലിന്റെ നിറത്തിൽ വ്യത്യാസം വരുത്തുന്നു.

പശുക്കളുടെ സ്വഭാവം: തീറ്റ തിന്നാൻ ദിവസം മൂന്നുമുതൽ അഞ്ചു മണിക്കൂർ വരെയെടുക്കും. 12 മുതൽ 14 മണിക്കൂർ പശുക്കൾ കിടന്നു വിശ്രമിക്കുന്നു. അര മണിക്കൂർ ഉറങ്ങും. 7 –10 മണിക്കൂർ അയവെട്ടും. അര മണിക്കൂർ സമയം വെള്ളം കുടിക്കും. അസ്വസ്ഥത: പാൽക്കറവയുടെ ക്രമത്തിലുള്ള വ്യത്യാസം, ഈച്ചയുടെ കടി, മഗ്നീഷ്യം എന്ന മൂലകത്തിന്റെ കുറവ്, നാഡീസംബന്ധ രോഗങ്ങൾ, കീറ്റോസിസ് രോഗം എന്നിവ പശുക്കൾക്ക് അസ്വസ്ഥതയുളവാക്കും.

പ്രായപൂർത്തി: ഒന്നര വയസ്സിലാണ്  സങ്കരയിനം പശുക്കൾ പ്രായപൂര്‍ത്തിയെത്തുന്നത്. നാടൻ ഇനങ്ങൾക്ക് രണ്ടര വയസ്സ്. എരുമയ്ക്കു രണ്ടര മുതൽ മൂന്നു വയസ്സ്. പ്രസവത്തിനുശേഷം നാൽപതു ദിവസങ്ങൾക്കുള്ളിൽ മദിയിൽവരും. പോഷണമില്ലായ്മ, വിരബാധ, ധാതുക്കളുടെ അഭാവം എന്നിവ കാരണം മദി കാണിക്കാതിരിക്കാം. ഊർജം, ധാതുക്കൾ  എന്നിവയുടെ കുറവ് പ്രസവാനന്തര മദിയില്ലായ്മയ്ക്കു വഴിയൊരുക്കാം.

കാലുകളും ചലനങ്ങളും

എല്ലാ  കാലുകളിലും തുല്യഭാരം കൊടുത്തുകൊണ്ടു തല ഉയർത്തിയുള്ള നടത്തമാണ്  ഉരുവിന്റെ ലക്ഷണമൊത്ത നടത്തം. ഏതെങ്കിലും തരത്തിലുള്ള മുടന്ത്, തൊഴുത്തിലെ തറയിലൂടെ നീങ്ങാൻ വൈഷമ്യം, കൈകാലുകളിലെ ക്ഷതങ്ങൾ, കുളമ്പിലെ അധിക വളർച്ച എന്നിവ കിടക്കാനുള്ള  സ്ഥല സൗകര്യത്തിന്റെ അപര്യാപ്തത, സാന്ദ്രിതാഹാരം പരുഷാഹാരത്തിനേക്കാൾ അധികമായി നൽകുന്ന തീറ്റരീതി ഉണ്ടാക്കുന്ന സറാ (സബ്ക്ലിനിക്കൽ റൂമിനിൽ അസിഡോസിസ്), കുളമ്പു സംരക്ഷണത്തിലെ അപാകത എന്നിവയുടെ  സൂചകങ്ങളാണ്. 

പശുക്കളുടെ വാൽ, പിൻകാൽ, അകിട് എന്നിവിടങ്ങളിൽ അഴുക്കുകളൊന്നും കാണാൻ പാടില്ല. വാൽ, പിൻകാൽ, അകിട് എന്നിവിടങ്ങളിൽ ഉണങ്ങിയ അഴുക്കു കാണുന്നതു തൊഴുത്തിലെ സ്ഥലസൗകര്യക്കുറവ്, തൊഴുത്ത് കഴുകാതിരിക്കൽ, അകിടുവീക്കം എന്നിവയുടെ സൂചനയാണ്. മുലക്കാമ്പിന്റെ അറ്റം വളരെ മൃദുവായിരിക്കണം.

താപനില സമ്മർദം

അണപ്പ് 0 (മിനിറ്റില്‍) 40 ൽ സാധാരണം താഴെ ശ്വാസോച്ഛ്വാസം 140 – 70 ചെറിയ അണപ്പ്, ഉമിനീർ പ്രവാഹം ഇല്ല2 70 – 120 നെഞ്ചിന്റെ ചലനമില്ല, അണപ്പും ഉമിനീരൊലിപ്പും ഉണ്ട്, എന്നാൽ വായ് തുറക്കില്ല 2.5 70 – 120 വായ് തുറക്കും. പക്ഷേ നാക്ക് പുറത്തേക്കിടില്ല 3120 – 160 വായ് തുറന്ന് ഉമിനീർ ഒലിപ്പ്

പ്രസവ സൂചകങ്ങൾ

സങ്കരയിനം പശുവിന്റെ ശരാശരി ഗർഭകാലം 280 മുതൽ 290 ദിവസങ്ങളാണ്. എരുമയ്ക്ക് ഇത് 305 – 318 ദിവസം. 

പ്രസവ ലക്ഷണങ്ങൾ: വാൽ പൊക്കിപ്പിടിക്കുക, ഈറ്റത്തിൽനിന്നു കൊഴുത്ത ദ്രാവകം ഒലിക്കുക, പാൽ ഗ്രന്ഥികളിൽ പാൽ നിറയുക ഇവയൊക്കെ പ്രസവം അടുത്തതിന്റെ ലക്ഷണങ്ങളാണ്. തണ്ണീർകുടം പ്രത്യക്ഷപ്പെടുന്നതാണു പ്രസവം അടുത്തതിന്റെ പ്രധാന സൂചകം. പശുവിന്റെ ഗർഭാശയത്തിലെ കിടാവിന്റെ കിടപ്പ് സാധാരണ രീതിയിലാണെങ്കിൽ തണ്ണീർകുടം പൊട്ടി അര–ഒരു മണിക്കൂറിനുള്ളിൽ പശു പ്രസവിക്കും. കിടാരികളിൽ നാലു മണിക്കൂർവരെ വൈകാറുണ്ട്. തണ്ണീർകുടം പൊട്ടി ഒരു മണിക്കൂറിനുള്ളിൽ പ്രസവം നടന്നില്ല എങ്കിൽ വിദഗ്ധ സഹായം തേടണം. മറുപിള്ള പിറക്കാൻ മൂന്നു മുതൽ എട്ടു മണിക്കൂർവരെ സമയം എടുക്കും. പ്രസവിച്ച് 12 മണിക്കൂറിനുള്ളിൽ മറുപിള്ള പോകണം.  ഒരിക്കലും മറുപിള്ള വലിച്ചെടുത്തു രക്തസ്രാവം ഉണ്ടാക്കരുത്. ഇത് ആരോഗ്യത്തെ  ബാധിക്കും.

കിടാക്കളുടെ ആരോഗ്യം 

ആരോഗ്യമുള്ള കിടാക്കൾ പ്രസവിച്ചു മിനിറ്റുകൾക്കുള്ളിൽ എഴുന്നേൽക്കും. എഴുന്നേറ്റ കിടാക്കൾ ഒന്നുരണ്ടു മണിക്കൂറുകൾക്കുള്ളിൽ പാൽ കുടിക്കും. വിഷമ പ്രസവത്തിലെ കിടാക്കളുടെ തലയും നാവും വീർക്കും.

വിവരങ്ങള്‍ക്കു കടപ്പാട്: ഡോ. ഹരികുമാര്‍, എന്‍ഡിഡിബി ലേഖകന്റെ ഫോൺ നമ്പർ: 9447399303

MORE IN AGRI NEWS