വെച്ചൂർ പശു സംരക്ഷണത്തിൽ തലോരിലൊരു ‘അയ്യർ ദ് ഗ്രേറ്റ് ’

ഒല്ലൂർ ∙ മിണ്ടാപ്രാണികളോടുള്ള ഈ ദമ്പതികളുടെ വാത്സല്യത്തിന് ദേശീയ അംഗീകാരം. വെച്ചൂർ പശുക്കളുടെ സംരക്ഷകനായ തലോർ പാലിയേക്കര മഠത്തിൽ ഹരിഹര അയ്യരെയും ഭാര്യ ശർമ്മിളയെയും തേടിയാണ് ഈ വർഷത്തെ മികച്ച ബ്രീഡ് സംരക്ഷകൻ ദേശീയ അവാർഡ് എത്തിയത്. കേന്ദ്ര കാർഷിക മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ അവാർഡാണിത്. ഐസിഎആർ മുൻ ഡയറക്ടർ എ.പി.ആചാര്യ ഹരിയാനയിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു.  

കഴിഞ്ഞ വർഷം സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ പുരസ്കാരവും ഇവർക്കായിരുന്നു. മുഖ്യമന്ത്രിയാണ് അരലക്ഷം രൂപയും പ്രശസ്തിപത്രവും സമ്മാനിച്ചത്. ദേശീയ ജൈവ വൈവിധ്യ ബോർഡ് നൽകിവരുന്ന ഇന്ത്യ ബയോ ഡൈവേഴ്സിറ്റി അവാർഡിന്റെ പരിഗണനയിലും ഇവരുണ്ട്.ഹരിഹരനും ശർമ്മിളയ്ക്കും സ്വന്തം മക്കളെപോലെയാണു വെച്ചൂർ പശുക്കൾ. മൂക്കുകയറിടാതെ വളർത്തുന്ന ഇവയ്ക്കു വീടിനകത്തും പ്രവേശനമുണ്ട്. 19 വർഷം മുൻപാണ് ഇവർ പശുവളർത്തൽ ആരംഭിച്ചത്. മണ്ണുത്തി കാർഷിക സർവകലാശാലയിൽനിന്നു വെച്ചൂർ പശുവിന്റെ കിടാവിനെ വാങ്ങി കിങ്ങിണി എന്നു പേരിട്ടു.  

കിങ്ങിണിയിൽനിന്ന് ആരംഭിച്ച പരമ്പര ഇപ്പോൾ കമലുവിൽ എത്തിനിൽക്കുന്നു. അശ്വിനി, കൃഷ്ണവേണി, ലക്ഷ്മി, ശ്രീരാമൻ എന്നിങ്ങനെ വീട്ടിലുള്ള 11 പശുക്കൾക്കും പേരുകളുണ്ട്. വീടിനു സമീപം വലിയ തൊഴുത്തുണ്ടെങ്കിലും രാത്രി മാത്രമേ ഇവയെ അവിടേക്കു മാറ്റൂ. പകൽ ഇവ വീട്ടുമുറ്റത്തും വരാന്തയിലും ചിലപ്പോൾ അകത്തും വിശ്രമിക്കും. ഇതിനകം 23 കിടാങ്ങളെ വിറ്റു. ഒന്നിന് ഒരു ലക്ഷത്തോളം രൂപ വിലയുണ്ട്. സർക്കാർ സ്ഥാപനങ്ങൾക്കു സൗജന്യമായും നൽകിയിരുന്നു. 

വെച്ചൂർ പശുവിന്റെ വംശം നിലനിർത്താനുള്ള ശ്രമത്തിന്റെ അംഗീകാരമായാണ് അവാർഡ് ലഭിച്ചത്. മണ്ണുത്തി കാർഷിക സർവകലാശാലയിലെ പ്രഫ. ബിന്ധ്യ ലിസ് എബ്രഹാമാണ് ഇവരുടെ വെച്ചൂർ പശുക്കളോടുള്ള സ്നേഹത്തെ കുറിച്ച് അറിഞ്ഞു പഠനവിഷയമാക്കുകയും സർക്കാരിലേക്കു വിവരങ്ങൾ നൽകുകയും ചെയ്തത്.

MORE IN AGRI NEWS