‘എന്നെ വെറുതെ തെറ്റിദ്ധരിച്ചു’: കസബ വിവാദത്തിൽ വീണ്ടും പ്രതികരിച്ച് പാർവതി

കസബ എന്ന സിനിമയെയും അതിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെയും നടി പാർവതി വിമർശിച്ചത് വലിയ വിവാദമായിരുന്നു. 2017–ലെ ഐഎഫ്എഫ്കെ കാലത്താണ് പാർവതി അത്തരത്തിൽ ഒരു വിമർശനം ഉന്നയിച്ചത്. എന്നാൽ താൻ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടെന്നും സ്ത്രീ വിരുദ്ധ കഥാപാത്രങ്ങളെയല്ല അവയെ മഹത്വവൽക്കരിക്കുന്നതിനെതിരായാണ് താൻ അഭിപ്രായം പറഞ്ഞതെന്നുമാണ് പാർവതിയുടെ പുതിയ വെളിപ്പെടുത്തൽ. 

സിനിമയിലെ സംഭാഷണങ്ങളില്‍ നിന്ന് അവസരം ലഭിച്ചാൽ ആദ്യം വെട്ടാന്‍ ആഗ്രഹിക്കുന്ന വാക്കേത്, എന്തുകൊണ്ട് എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു അഭിപ്രായത്തില്‍ നിന്നാണ് ഈ ചോദ്യം വരുന്നതെന്നും സിനിമയില്‍ സ്ത്രീ വിരുദ്ധമായും സഭ്യമല്ലാതെയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ പാടില്ലെന്നു ഞാന്‍ പറഞ്ഞിട്ടില്ലെന്നും പാർവതി ഇതിനു മറുപടിയായി പറഞ്ഞു. 

സിനിമ സമൂഹത്തെ പ്രതിഫലിപ്പിക്കുന്നതായതു കൊണ്ട് അത്തരം കഥാപാത്രങ്ങള്‍ വേണ്ടി വരും. പക്ഷേ അങ്ങനെയുള്ള കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും മഹത്വവത്കരിച്ചും മാതൃകയാക്കിയും കാണിക്കുന്നത് ശരിയില്ല എന്നാണ് പറഞ്ഞതെന്ന് പാര്‍വതി വ്യക്തമാക്കി. ഇൗ വിമർശനങ്ങൾ നേരത്തെ ഉന്നയിച്ചതിന് പാർവതി സൈബർ ഇടങ്ങളിലും പുറത്തും കടുത്ത വിമർശനമാണ് നേരിട്ടത്.