കേന്ദ്ര സർക്കാരിന് ആശ്വാസം; റിസർവ് ബാങ്ക് 40,000 കോടി നൽകിയേക്കും

ന്യൂഡൽഹി ∙ റിസർവ് ബാങ്കിലെ നേതൃമാറ്റം കേന്ദ്രസർക്കാരിന് അനുഗ്രഹമാകും. റിസർവ് ബാങ്ക് കരുതൽ ശേഖരത്തിൽ നിന്ന് 30,000 – 40,000 കോടി രൂപ സർക്കാരിന് ഇടക്കാല ലാഭവിഹിതമായി നൽകുമെന്നറിയുന്നു. കഴിഞ്ഞ വർഷം നൽകിയതിന്റെ 3–4 ഇരട്ടിയാണിത്. ഒരു ലക്ഷം കോടി രൂപയോളം ധനക്കമ്മി നേരിടുന്ന സർക്കാരിന് ഇത് വലിയ ആശ്വാസമാകും.മേയിൽ പൊതുതിരഞ്ഞെടുപ്പു നേരിടുന്ന മോദി സർക്കാർ വികസന പദ്ധതികൾക്കായി റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ നിന്ന് ഒരു ലക്ഷം കോടി രൂപ ആവശ്യപ്പെട്ടതു സംബന്ധിച്ച അഭിപ്രായവ്യത്യാസമാണ് മുൻ ഗവർണർ ഉർജിത് പട്ടേലിന്റെ രാജിയിൽ കലാശിച്ചത്.

തുടർന്ന് മോദിയുടെ വിശ്വസ്തനും മുൻ ധനകാര്യ സെക്രട്ടറിയുമായ ശക്തികാന്ത ദാസിനെ ഗവർണറായി നിയമിച്ചു. റിസർവ് ബാങ്ക് സർക്കാരിനു കൈമാറുന്ന ലാഭവിഹിതം സംബന്ധിച്ചു നയം രൂപീകരിക്കാൻ ആറംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും മാർച്ചിൽ അവസാനിക്കുന്ന ഈ സാമ്പത്തിക വർഷത്തെ തീരുമാനമെടുക്കുക ആർബിഐ ബോർഡാണ്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനു മുൻപ് തീരുമാനമുണ്ടായേക്കും. കഴിഞ്ഞ ഓഗസ്റ്റിൽ 40,000 കോടി രൂപ റിസർവ് ബാങ്ക് സർക്കാരിനു കൈമാറിയിരുന്നു.

സർക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വൻകിട കമ്പനികൾക്കുള്ള നികുതി തിരിച്ചുനൽകൽ വൈകിപ്പിക്കാനും നീക്കമുണ്ട്.ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ (ജിഡിപി) 3.3% ആയി പരിമിതപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ചരക്ക്, സേവന നികുതി പരിവിൽ ഉണ്ടായിട്ടുള്ള 1 – 1.4 ലക്ഷം കോടി രൂപയുടെ കുറവ് നികുതി തിരിച്ചുനൽകുന്നതു വൈകിക്കുന്നതിലൂടെ പരിഹരിക്കാനാണ് ശ്രമം.ഇതേസമയം, സമ്പദ് വ്യവസ്ഥയിൽ ഇപ്പോൾ പണലഭ്യതക്കുറവില്ലെന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ പണലഭ്യതയിൽ പ്രയാസം നേരിടുന്നുവെന്ന പരാതിയുമായി ബന്ധപ്പെട്ട് അവരുടെ പ്രതിനിധികളുമായി ഇന്നു ചർച്ച നടത്തുമെന്നും അദ്ദേഹം മുംബൈയിൽ പറഞ്ഞു.