വൈദ്യുതി ഉപയോഗം അളക്കാൻ ഐടിഐയുടെ സ്മാർട് മീറ്റർ

പാലക്കാട് ∙ വൈദ്യുതി ഉപഭോഗത്തിന്റെ അളവും തുകയുമെല്ലാം വിതരണകേന്ദ്രത്തിൽ നിന്നു തന്നെ മനസ്സിലാക്കാനും നിയന്ത്രിക്കാനും കഴിയുന്ന സ്മാർട് എനർജി മീറ്ററുകൾ നിർമിച്ച് ഇന്ത്യൻ ടെലികോം ഇൻഡസ്ട്രീസ് (ഐടിഐ) കഞ്ചിക്കോട് യൂണിറ്റ്. മീറ്ററിൽ എന്തെങ്കിലും കൃത്രിമം കാട്ടിയാൽ അധികൃതർക്ക് ഓഫിസിൽ നിന്നു തന്നെ ഓഫ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. ‘പീക്ക് ലോഡ്’ സമയത്തും അല്ലാത്തപ്പോഴും എത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചുവെന്നതു വേർതിരിച്ചറിയാൻ ഉപഭോക്താവിനു കഴിയും.

മീറ്ററിനുള്ളിലെ സിം കാർഡും പ്രത്യേകം സോഫ്റ്റ്‌വെയറും ഉപയോഗിച്ചാണു വിവരങ്ങൾ വൈദ്യുതി വിതരണ കേന്ദ്രങ്ങളിൽ എത്തിക്കുന്നത്. ഇതു വ്യാപകമായാൽ വീട്ടിൽ വന്നു മീറ്റർ റീഡിങ് എടുക്കുന്ന രീതി മാറും. ഗാർഹിക ,വ്യാവസായിക ഉപയോക്താക്ക‍ൾക്കും ഉപയോഗിക്കാവുന്ന തരത്തിൽ സിംഗിൾ ‍ഫേസ്, ത്രീഫേസ് മീറ്ററുകൾ പുറത്തിറക്കുന്നുണ്ട്. ആദ്യഘട്ടമായി 5000 മീറ്ററുകൾ അടുത്ത മാസം ഉത്തർപ്രദേശിനു കൈമാറും. നിർമാണവും ഗുണമേന്മാ പരിശോധനയുമടക്കം കഞ്ചിക്കോട്ട് നടത്താനുള്ള ലൈസൻസ് ഈയിടെ ഐടിഐ സ്വന്തമാക്കി.

നിലവിൽ 25 ലക്ഷം മീറ്ററുകളുടെ നിർമാണത്തിനുള്ള കരാർ ലഭിച്ചിട്ടുണ്ട്. ഐടിഐ മാത്രമാണു പൊതുമേഖലയിൽ ലൈസൻസ് നേടിയ സ്ഥാപനം. അതേസമയം, സ്മാർട് മീറ്റർ ഏർപ്പെടുത്തുന്നതിനെക്കുറിച്ചു കേരളത്തിലെ വൈദ്യുതി ബോർഡ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.