വോട്ടിങ് യന്ത്രം: വാക്പോര് തുടരുന്നു

ന്യൂഡൽഹി∙ വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട്‘സൈബർ വിദഗ്ധൻ’ സയീദ് ഷൂജ നടത്തിയ വെളിപ്പെടുത്തലിനു പിന്നാലെ ബിജെപിയും പ്രതിപക്ഷവും തമ്മിൽ വാക്‌പോര്. പ്രതിപക്ഷസ്വരം ഇല്ലാതാക്കാനും ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം അടിയന്തരമായി തേടുകയും പഴയ രീതിയിൽ തിരഞ്ഞെടുപ്പു നടത്തുകയും വേണമെന്ന് ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു പറഞ്ഞു. ബിഎസ്പി അധ്യക്ഷ മായാവതിയും ഇതേ ആവശ്യം ഉന്നയിച്ചു. 

കുഴപ്പം ബിജെപി ജയിക്കുമ്പോൾ

വോട്ടിങ് യന്ത്രങ്ങൾ 1996 മുതൽ ഉണ്ട്. ബിജെപി ജയിക്കുമ്പോൾ മാത്രം ഇതു സംശയ നിഴലിലാകുന്നതിനു പിന്നിലെ ന്യായം എന്താണ്? ലോക്സഭാ തിരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായ കോൺഗ്രസ്, ഇപ്പോഴേ കാരണങ്ങൾ കണ്ടെത്തുകയാണ്. - കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ശരിയോ തെറ്റോ? ആദ്യം അന്വേഷിക്കൂ

ആരോപണത്തിന്റെ ശരിയും തെറ്റും അന്വേഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം. തെറ്റാണെങ്കിൽ നടപടിയെടുക്കണം.  അത് അന്വേഷിക്കുന്നതിനു പകരം ഞാൻ പരിപാടിയിൽ പങ്കെടുത്തതിനെയാണ് കേന്ദ്രമന്ത്രി വിമർശിക്കുന്നത്. - കപിൽ സിബൽ (കോൺഗ്രസ് നേതാവ്)

മുണ്ടെയുടെ മരണം അന്വേഷിക്കണം

ഗോപിനാഥ് മുണ്ടെയെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസ്സിൽ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് സംശയങ്ങൾ അവശേഷിക്കുന്നുണ്ട്. സുപ്രീം കോടതി ജഡ്ജിയോ രഹസ്യാന്വേഷണ ഏജൻസിയോ (റോ) അന്വേഷിക്കണം. - ധനഞ്ജയ് മുണ്ടെ (ഗോപിനാഥ് മുണ്ടെയുടെ സഹോദരപുത്രൻ)