ജാർഖണ്ഡിൽ കൽക്കരി ഖനി ഇടിഞ്ഞ് 6 മരണം; 12 പേർ കുടുങ്ങി

റാഞ്ചി ∙ കോൾ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ ഇൗസ്റ്റേൺ കോൾ ലിമിറ്റഡിന്റെ (ഇസിഎൽ) കൽക്കരി ഖനി ഇടിഞ്ഞ് 6 പേർ മരിച്ചു. 12 പേരെ കാണാതായി. ധൻബാദ് നിർസയിലെ കാപ്സാറ ഖനിയിൽ ബുധനാഴ്ച രാവിലെയാണ് വൻ ശബ്ദത്തോടെ അപകടമുണ്ടായത്. അനധികൃത ഖനനത്തിൽ ഏർപ്പെട്ടിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.

കൽക്കരി എടുക്കാൻ ഇസിഎൽ പുറംകരാർ നൽകിയ ഖനിയിലാണ് അപകടം. കരാർ ഏറ്റെടുത്ത സ്വകാര്യ കമ്പനി ജീവനക്കാരും അപകടത്തിൽപ്പെട്ടവരിലുണ്ട്. ഏതാനും പേർ ജീവനോടെ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് 3 മൃതദേഹങ്ങൾ പുറത്തെത്തിച്ചു. 2 പേരെ തിരിച്ചറിഞ്ഞു. പൊലീസിന്റെയും ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.