ജാർഖണ്ഡ് ബിജെപി അധ്യക്ഷന്റെ ഗാന്ധി പരാമർശം വിവാദം

റാഞ്ചി ∙ ബിജെപി ജാർഖണ്ഡ് സംസ്ഥാന അധ്യക്ഷൻ ലക്ഷ്മൺ ഗിലുവയുടെ ഗാന്ധി പരാമർശം വിവാദമായി. പ്രധാനമന്ത്രി സ്ഥാനത്തിനു ജവാഹർലാൽ നെഹ്റുവും മുഹമ്മദലി ജിന്നയും അവകാശവാദം ഉന്നയിച്ചപ്പോൾ ഗാന്ധിജി ഇന്ത്യയും പാക്കിസ്ഥാനും രൂപീകരിച്ചതു പോലെയാണ് പ്രതിപക്ഷം മോദിക്കെതിരെ ഒന്നിക്കുന്നതെന്നായിരുന്നു ഗിലുവയുടെ പരാമർശം.

കോൺഗ്രസിൽ നിന്നു രാഹുൽ ഗാന്ധി, ബംഗാളിൽ നിന്നു മമത, യുപിയിൽ നിന്നു മായാവതിയും അഖിലേഷും, ബിഹാറിൽ നിന്നു ലാലുപ്രസാദ് യാദവ് എന്നിവർ പ്രധാനമന്ത്രിയാകാൻ തയാറെടുപ്പ് തുടങ്ങി. അഴിമതിക്കാരെ ജയിലിലടച്ചതിന്റെ പ്രതികാരമായാണ് മോദിയെ പുറത്താക്കാൻ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചതെന്നും ഗിലുവ പറഞ്ഞു.