ഹജ് യാത്ര: കേരളത്തിൽനിന്ന് 11,472 പേർക്ക് അവസരം

മലപ്പുറം ∙ ഇന്ത്യയിലെ ഹജ് കമ്മിറ്റി മുഖേനയുള്ള 1,25,025 ഹജ് സീറ്റുകൾ വീതിച്ചു. കേരളത്തിൽനിന്ന് 11,472 പേർക്ക് ഹജ് യാത്രയ്ക്ക് അവസരം. മെഹ്റം ഇല്ലാത്ത 45 വയസ് കഴിഞ്ഞ സ്ത്രീകളുടെ വിഭാഗത്തിൽ അപേക്ഷിച്ചവർക്കെല്ലാം നേരിട്ട് അവസരം നൽകുന്നതിനു പ്രത്യേക ക്വോട്ട അനുവദിച്ചു. ഈ വിഭാഗത്തിനു നറുക്കെടുപ്പില്ല. 43,115 അപേക്ഷകരാണു കേരളത്തിലുണ്ടായിരുന്നത്. മുസ്‌ലിം ജനസംഖ്യാടിസ്ഥാനത്തിൽ (5.15%) 6,383 പൊതു ക്വോട്ട, മെഹ്റം ഇല്ലാതെ അപേക്ഷിച്ച 45 വയസ് കഴിഞ്ഞ സ്ത്രീകൾക്കായി 2011 സീറ്റുകൾ, പ്രത്യേക ക്വോട്ടയിൽനിന്ന് 3,078 എന്നിവ ഉൾപ്പെടെയാണ് 11,472 സീറ്റുകൾ കേരളത്തിനു ലഭിച്ചത്.