കെഎസ്ആർടിസി പെൻഷൻ: അപ്പീൽ 23ന്

ന്യൂഡൽഹി ∙ കെഎസ്ആർടിസിയിൽ ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക് തുടങ്ങിയ തസ്തികകളിൽ പിഎസ്‌സി നിയമനം സ്ഥിരപ്പെട്ടവർക്ക് ദിവസവേതനകാലവും ഉൾപ്പെടുത്തി പെൻഷൻ കണക്കാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീൽ സുപ്രീം കോടതി ഈ മാസം 23നു പരിഗണിക്കാൻ മാറ്റി. കേസിൽ സംസ്ഥാന സർക്കാരിനെ കക്ഷിയാക്കണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ജഡ്ജിമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ, എസ്. അബ്ദുൽ നസീർ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. ഹൈക്കോടതിയിൽ വിധി പറഞ്ഞത് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ്. അതിനാൽ, സുപ്രീം കോടതിയിൽ അദ്ദേഹമുൾപ്പെട്ട ബെഞ്ച് കേസ് കേൾക്കുന്നത് ഇന്നലെ ഒഴിവാക്കി. വിഷയം 4000 കുടുംബങ്ങളെ ബാധിക്കുന്നതാണെന്ന് കെഎസ്‍ആർടിസിയുടെ അഭിഭാഷകൻ ദീപക് പ്രകാശ് വാദിച്ചു.