സഹോദരങ്ങളുടെ മരണം: ഇടിച്ച ലോറി പിടിച്ചു; ഡ്രൈവർ അറസ്റ്റിൽ

ചേർത്തല ∙ ദേശീയപാതയിൽ പട്ടണക്കാട് ബിഷപ് മൂർ സ്കൂളിനു സമീപം ബൈക്ക് യാത്രികരായിരുന്ന സഹോദരങ്ങളുടെ മരണത്തിന് ഇടയാക്കിയ ലോറി തിരുച്ചിറപ്പള്ളിയിൽ നിന്നു പിടികൂടി. ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി പൊന്നി നഗർ രമേശൻ(45) അറസ്റ്റിൽ.

കഴിഞ്ഞ 10ന് പുലർച്ചെയുണ്ടായ അപകടത്തിൽ ചേർത്തല തൈക്കൽ വെളിംപറമ്പിൽ ദാസന്റെ മക്കളായ അജേഷ് (37), അനീഷ് (35) എന്നിവരാണ് മരിച്ചത്.

തിരുച്ചിറപ്പള്ളിയിൽ നിന്നും ചേർത്തലയിലെ വളവനാട്ടേക്കു സിമന്റുമായി വന്നതായിരുന്നു ലോറി. ബൈക്കിൽ ഇടിച്ച ശേഷം അൽപദൂരം മാറ്റി ലോറി നിർത്തിയെന്നും ആളെ കാണാത്തതിനാൽ ബൈക്ക് റോഡരികിലേക്ക് മാറ്റിവച്ചിട്ടു പോയെന്നും ലോറി ഡ്രൈവർ മൊഴി നൽകി.

അപകടത്തിനു ശേഷം ദേശീയപാതയിലൂടെ മുന്നോട്ട് പോകാതെ ഇടത്തേയ്ക്കു തിരിച്ച് ഒരു കിലോമീറ്റർ അകലെ ശക്തീശ്വരം കവലയിൽ നിർത്തിയിട്ട ശേഷം വീണ്ടും ദേശീയപാതയിലെത്തി വളവനാട്ടേയ്ക്കു പോയി. 

ലോഡ് ഇറക്കിയ ശേഷം വൈകിട്ട് ദേശീയപാതയിലൂടെ മടങ്ങി. പെയിന്റ് ചെയ്യാൻ നൽകിയിടത്തു നിന്നാണ് ലോറി കസ്റ്റഡിയിൽ എടുത്തത്.

വിവിധയിടങ്ങളിലെ സിസി ടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. അപകടസ്ഥലത്തു നിന്നും വാഹനത്തിൽ നിന്ന് അടർന്നുവീണ നിലയിൽ പെയിന്റ് ഭാഗം ലഭിച്ചിരുന്നു. അപകടം നടന്നതിനു മുൻപുള്ള സിസി ടിവി ക്യാമറ ദൃശ്യങ്ങളിൽ ലോറിയും ബൈക്കും ഒരുമിച്ചു സഞ്ചരിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. കുമ്പളം ടോൾ പ്ലാസയിലെ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇടതുവശത്ത് പെയിന്റ് നഷ്ടപ്പെട്ട ലോറി കണ്ടെത്തി. റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഉടമയെ കണ്ടെത്തി. പൊലീസ് തിരുച്ചിറപ്പള്ളിയിലെത്തി  ഉടമയെ വിവരം ധരിച്ചിപ്പിച്ച ശേഷം ലോറി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.തുടർന്നു ഡ്രൈവറെയും അറസ്റ്റ് ചെയ്തു. 

അപകടമുണ്ടായ   കാര്യം രമേശ് ഉടമകളെ അറിയിച്ചിരുന്നില്ല. ലോറിയിൽ പെയിന്റ് പോയ ഭാഗം ഉൾപ്പെടെ പുതിയ പെയിന്റ് അടിച്ച് ശരിയാക്കുകയും ചെയ്തിരുന്നു.