മുനമ്പം മനുഷ്യക്കടത്ത്: ശ്രീലങ്കൻ ഏജൻസിയുടെ സഹായം തേടും

കൊച്ചി∙ മുനമ്പം മനുഷ്യക്കടത്തു കേസിന്റെ അന്വേഷണത്തിൽ ശ്രീലങ്കൻ രഹസ്യാന്വേഷണ ഏജൻസിയായ സ്റ്റേറ്റ് ഇന്റലിജൻസ് സർവീസിന്റെ (എസ്ഐഎസ്) സഹായം തേടും. മനുഷ്യക്കടത്തു സംഘത്തിനൊപ്പം ബോട്ടിലുള്ള ശ്രീലങ്കൻ സ്വദേശികളായ മാരിയപ്പൻ സത്യരാജൻ (34), സഹോദരൻ തമ്പിരാജൻ സത്യരാജൻ(24) എന്നിവരെക്കുറിച്ചു വിവരങ്ങൾ ശേഖരിക്കാനാണ് എസ്ഐഎസിന്റെ സഹായം ചോദിക്കുന്നത്. ഇവർക്കു പുറമേ 50 ശ്രീലങ്കൻ വംശജർകൂടി മുനമ്പത്തെ ദയമാതാ ബോട്ടിൽ അനധികൃതമായി വിദേശത്തേക്കു കടന്നിട്ടുണ്ടെന്നാണ് കേസിൽ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത പ്രഭു ദണ്ഡ്‌വാണിയുടെ മൊഴികൾ.

ദണ്ഡ്‌വാണിയെന്നതു മറാത്തി വംശീയ നാമമാണെങ്കിലും ഇയാൾക്കു ശ്രീലങ്കൻ വേരുകളുണ്ട്. മനുഷ്യക്കടത്ത് സംഘത്തിനൊപ്പം പലതവണ പ്രഭു ബോട്ടിൽ ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇന്തൊനീഷ്യ എന്നിവിടങ്ങൾ സന്ദർശിച്ചിട്ടുമുണ്ട്. സംഭവത്തിൽ 10 ഇടനിലക്കാരുടെ സാന്നിധ്യം പൊലീസ് തിരിച്ചറിഞ്ഞു. പണം ശേഖരിക്കാൻ ന്യൂഡൽഹിയിൽ ഇടനിലക്കാരെ സഹായിച്ചതു പ്രഭു ദണ്ഡ്‌വാണിയാണ്. ഇയാൾക്കൊപ്പം അന്വേഷണസംഘം ചോദ്യം ചെയ്ത ദീപക്കിനെ സാക്ഷിയാക്കാനുള്ള നിയമസാധുതയും പൊലീസ് ആരായുന്നു. പൊലീസിന്റെ ചോദ്യങ്ങൾക്കു പ്രഭു പരസ്പര വിരുദ്ധമായ മറുപടികൾ നൽകിയപ്പോൾ, ദീപക് അന്വേഷണത്തോടു പൂർണമായി സഹകരിച്ചു.

മനുഷ്യക്കടത്തുസംഘത്തിനു പണം കൈമാറിയ 200 പേരുമായി ഈ മാസം 9നു മുനമ്പം വിടാനാണ് ഇവർ പദ്ധതിയിട്ടിരുന്നത്. എന്നാൽ 8, 9 ദിവസങ്ങളിലെ ദേശീയ പണിമുടക്ക് കണക്കുകൂട്ടലുകൾ തെറ്റിച്ചു. തീർഥാടകരെന്ന വ്യാജേന ചെറായി, ചോറ്റാനിക്കര, കൊടുങ്ങല്ലൂർ, ഗുരുവായൂർ എന്നിവിടങ്ങളിൽ തങ്ങിയ സംഘത്തിനു നിശ്ചയിച്ച ദിവസം പോകാൻ കഴിയാതായതോടെ അസ്വസ്ഥതയായി. മനുഷ്യക്കടത്തു സംഘത്തെ നയിക്കുന്ന തക്കല ശ്രീകാന്തനുമായി ഇവർ ഫോണിൽ കയർത്തു സംസാരിക്കാനും താമസസ്ഥലങ്ങളിൽ സംഘം ചേർന്നു പ്രതിഷേധിക്കാനും തുടങ്ങി. ഇതോടെയാണ് കൂടുതൽ വിലപേശൽ നടത്താതെ പറഞ്ഞ വിലയ്ക്കു ദയാമാതാ ബോട്ട് വാങ്ങി അതിൽ 12നു പുലർച്ചെ 6നു മുനമ്പം വിട്ടത്.

അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള പ്രഭുവിനെ ഇന്നു മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്യും.