ലോക കേരള സഭ അടുത്തമാസം ദുബായിൽ; സർക്കാർ ചെലവിടുന്നത് കോടികൾ

കൊച്ചി∙ ദുബായിൽ ലോക കേരള സഭയുടെ ആദ്യ മേഖലാ സമ്മേളനം കോടികൾ ചെലവിട്ട് നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ഫെബ്രുവരി 15നും 16നും മിലേനിയം ഹോട്ടലിലും എത്തിസലാത്ത് അക്കാദമി ഹാളിലുമാണ് സമ്മേളനം നടത്തുന്നത്. പ്രളയദുരിതത്തിലായവരെ സഹായിക്കാതിരിക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ നിരത്തുന്ന സർക്കാർ, പദ്ധതി വിഹിതത്തിൽ നിന്ന് പണം മുടക്കിയാണ് സഭ ഒരുക്കുന്നത്. വേണ്ട തുക ചെലവഴിക്കാൻ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അനുമതി നൽകി.

കഴിഞ്ഞ വർഷം നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിച്ച ലോക കേരള സഭയുടെ ആദ്യ പാദത്തിന് 4 കോടി രൂപയായിരുന്നു ചെലവ്. ഇത്തവണ മന്ത്രിമാരും ഉദ്യോഗസ്ഥരും കലാകാരന്മാരും ഉൾപ്പെടെയുള്ളവരുടെ യാത്രയ്ക്കും താമസത്തിനുമൊക്കെയായി വൻ ചെലവു വരുമെന്നാണു കണക്കാക്കുന്നത്. മുഖ്യമന്ത്രിയാണ് സഭ ഉദ്ഘാടനം ചെയ്യുക. സ്പീക്കർ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, മറ്റു മന്ത്രിമാർ, നോർക്ക റൂട്സിന്റെ 3 വൈസ് ചെയർമാൻമാർ, ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

പ്രളയ ദുരന്തത്തിനു ശേഷം കഴിഞ്ഞ സെപ്റ്റംബർ 30ന് ചേർന്ന ലോക കേരളസഭാ സെക്രട്ടേറിയറ്റാണ് ദുബായിലും യൂറോപ്പിലുമായി മേഖലാ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. തയാറെടുപ്പിനുള്ള യോഗം ഡിസംബർ 22ന് ദുബായിൽ നടത്തി. ഇരുന്നൂറോളം അംഗങ്ങൾ ദുബായ് സമ്മേളനത്തിൽ പങ്കെടുക്കും. യുഎഇക്കു പുറമേ മറ്റു ഗൾഫ് നാടുകളിൽ നിന്നുള്ളവരും കേരളത്തിൽ നിന്നുള്ള സംഘവും എത്തുന്നുണ്ട്.

മിലേനിയം ഹോട്ടലിൽ ആദ്യ ദിവസം ഗൾഫിലെ തൊഴിൽ പ്രശ്നങ്ങളാണ് ചർച്ച ചെയ്യുക. എത്തിസലാത്ത് അക്കാദമി ഹാളിലാണ് സാംസ്കാരിക പരിപാടി. ആശാ ശരത്തിന്റെ നേതൃത്വത്തിലുള്ള നൃത്താവിഷ്കാരത്തിന് 8 ലക്ഷം രൂപ ചെലവു വരുമെന്നു യോഗ മിനിറ്റ്സിൽ പറയുന്നുണ്ട്. 3 ഗായകർ ഉൾപ്പെടുന്ന ഇന്ത്യൻ ബാൻഡ്, 10 യുഎഇ നർത്തകർ പങ്കുചേരുന്ന ബോളിവുഡ് സംഘത്തിന്റെ കലാപരിപാടി, 20 യുഎഇ കലാകാരന്മാരെ ഉൾപ്പെടുത്തിയുള്ള പഞ്ചവാദ്യം തുടങ്ങിയവയാണ് മറ്റു സാംസ്കാരിക പരിപാടികൾ. ഇതിന്റെ ചെലവു വ്യക്തമാക്കിയിട്ടില്ല.