ബ്രഹ്മപുരം ഖരമാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീപിടിത്തം; ആശങ്ക

കൊച്ചി∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീപിടിത്തം. മൂന്നേക്കർ സ്ഥലത്ത് തീ പടർന്നിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാൻ സാധിക്കാത്തത് ആശങ്ക പരത്തുന്നുണ്ട്. സമീപ പ്രദേശങ്ങളിലേയ്ക്കു തീ പടരുന്നതിനും പുക വ്യാപിച്ചു ശ്വാസംമുട്ടൽ ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. 

ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കൂടൂതൽ ഫയർഫോഴ്സ് സംവിധാനങ്ങൾ സ്ഥലത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കൊച്ചി കോർപറേഷൻ, ആലുവ, തൃക്കാക്കര, അങ്കമാലി മുൻസിപ്പാലിറ്റികളിലെയും വടവുകോട്, പുത്തൻകുരിശ് പഞ്ചായത്തുകളിലെയും മാലിന്യം എത്തിക്കുന്നത് ബ്രഹ്മപുരം പ്ലാന്റിലേക്കാണ്.

ഏക്കർ കണക്കിനു മാലിന്യം കുന്നു കൂടിക്കിടക്കുന്നതും സംസ്കരണം വേണ്ടരീതിയിൽ നടക്കാത്തതും പ്ലാന്റിന്റെ പോരായ്മയാണ്. മഴക്കാലത്ത് ഇവിടെനിന്നു വെള്ളം ഒഴുകി ജനവാസ പരിസര പ്രദേശങ്ങളിലെത്തുന്നതും ജലശേഖരങ്ങൾ മലിനമാകുന്നതും വലിയ പ്രതിസന്ധിയാണ് ഉയർത്തുന്നത്.